കൊച്ചി: നടി പാർവതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ലെന്ന ആരോപണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അവർക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കിൽ ഗോവ ചലച്ചിത്രമേളയിൽ സെക്സി ദുർഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു എന്ന് സനൽകുമാർ മാധ്യമം ആഴ്‌ച്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുന്നു. സെക്സി ദുർഗ ഗോവാ ചലച്ചിത്ര മേളയിൽനിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമം സനലിന്റെ അഭിമുഖം നൽകിയത്.

പാർവതിയെന്ന നടിയെ കുറിച്ച് ആളുകൾ പറയുന്നത് കേട്ടാൽ ഇത്രയും രാഷ്ട്രീയ നിലപാടുള്ള സ്ത്രീ ഇതിന് മുൻപ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ശബാന ആസ്മിയുടെ കൂടെ നിർത്തിയാണ് പറച്ചിൽ. വേദിയൊക്കെ കിട്ടിയാൽ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെൻസേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരേയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകുമെന്നും സനൽ ആരോപിച്ചു.

പാർവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഭരണകൂടം നടത്തുന്ന ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അവാർഡ് സ്വീകരിച്ചതിനെ വിമർശിക്കാനാകില്ല. പുരസ്‌കാര വേദിയിൽ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാർവതി പറഞ്ഞിരുന്നുവെങ്കിൽ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാർഥമായിരുന്നെന്ന് വിശ്വസിക്കാമായിരുന്നു എന്നും സനൽ കൂട്ടിച്ചേർത്തു.

ഭരണകൂടവുമായി അടുപ്പമുള്ളവർ നിർമ്മിച്ചതിനാലാവാം തന്റെ ചിത്രത്തിന്റെ ഒപ്പം മേളയിൽ നിന്ന് പുറത്താക്കപ്പെട്ട ന്യൂഡ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്് വന്നില്ല. സുജോയ്് ഘോഷ് ചെയർമാനായ ജൂറി തന്നെ പ്രതിഷേധിച്ച് രാജി വച്ചത് വലിയ കാര്യമാണ്. ഒറ്റപ്പെട്ട പിന്തുണകൾ ഉണ്ടായിരുന്നെന്നും ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, മുരളി ഗോപി എന്നിവർ പ്രതിഷേധമുയർത്തിയെന്നും സനൽ പറഞ്ഞു.