തിരുവനന്തപുരം: മികച്ചനടനുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്‌കാരം ഇന്ദ്രൻസിനു നൽകിയതിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത് വന്നിരുന്നു. വിമർശനമേറിയപ്പോൾ സനൽ നിരുപാധികം മാപ്പും ചോദിക്കുകയാണ് ഇപ്പോൾ.

''സത്യം പറഞ്ഞാൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അദ്ദേഹത്തിന് (ഇന്ദ്രൻസ്) പുരസ്‌കാരത്തിന് അർഹതയുണ്ടായിരുന്നെങ്കിലും നൽകിയില്ല. ഇത്തവണ അദ്ദേഹത്തെക്കാൾ മികച്ച പ്രകടനം നടത്തിയവർ ഉണ്ടായിരുന്നു. അവർക്കൊന്നും പുരസ്‌കാരം നൽകാതെ ഇന്ദ്രൻസിനു നൽകി. അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നൽ പൊതുബോധത്തിലുണ്ട്. അപ്പോൾ ഒരു പുരസ്‌കാരം നൽകിയപ്പോൾ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കി ഈ പറയുന്ന വീതംവയ്പുകൾ എല്ലാക്കാലത്തുമുണ്ടെന്നായിരുന്നു സനലിന്റെ വിവാദ പരമാർശം. ഇതിനാണ് മാപ്പ് ചോദിക്കുന്നത്.

സനൽ ഫേസ്‌ബുക്കിലൂടെയാണ് ക്ഷമ ചോദിച്ചത്. ''ഇന്ദ്രൻസിനു കഴിഞ്ഞതവണയൊക്കെ പുരസ്‌കാരം ലഭിക്കാൻ അർഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങൾ ഉയരാതിരിക്കാൻ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നും ഉദ്ദേശിച്ച് ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരത്തിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്നനിലയ്ക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്‌ത്താനോ ഉദ്ദേശിച്ചായിരുന്നില്ല. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ സിനിമാലോകത്തുതന്നെ അപൂർവമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു'' -സനൽ കുറിച്ചു.