'ഒഴിവുദിവസത്തെ കളി'ക്കെതിരായ പരാമർശങ്ങൾക്ക് എഴുത്തുകാരി ഇന്ദുമേനോൻ മറുപടി അർഹിക്കുന്നില്ലെന്നു ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരൻ. കലയെ വ്യക്തിപരമായ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും സനൽകുമാർ പറഞ്ഞു.

അടുത്തിടെയിറങ്ങിയ മലയാള ചിത്രങ്ങളിൽ നിരൂപകപ്രശംസ ഏറെ നേടിയ ചിത്രമാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തെ അടച്ചാക്ഷേപിച്ചു എഴുത്തുകാരി ഇന്ദുമേനോൻ രംഗത്തെത്തിയിരുന്നു.

ചിത്രം ഒഴിവു ദിവസത്തെ കളിയല്ല, ഒഴിവുദിവസത്തെ ചളിയാണെന്ന് പറഞ്ഞാണ് ഇന്ദു മേനോൻ പരിഹസിച്ചത്. 'കാണൂ.. കാണൂ.. ഈ മികച്ചപടമെന്ന് നിരവധിപേർ വിളിച്ചുകൂവിയ ഒഴിവുദിവസത്തെ കളിയെന്ന സിനിമ ഒളിവുദിവസത്തെ ചളിയോ അതോ ചതിയോ' എന്നു ചോദിച്ചു ഫേസ്‌ബുക്കിലായിരുന്നു ഇന്ദുമേനോൻ ചിത്രത്തെ വിമർശിച്ചത്. സാഹിത്യ സിനിമാ രാഷ്ട്രീയ നക്‌സൽ നായകർ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേദിവസമായി ഇങ്ങനെ വിളിച്ചുകൂവിയതു കേട്ട് സിനിമ കണ്ടെന്നും എന്നാൽ കലാമൂല്യമോ രാഷ്ട്രീയ മൂല്യമോ ഇല്ലാത്ത കള്ളനാണയത്തെയാണ് കാണേണ്ടിവന്നതെന്നും ഇന്ദുമേനോൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രൂക്ഷമായി വിമർശിച്ചു.

ഇന്ദു മേനോൻ പറഞ്ഞിരിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യമാണ്. ഇത്ര രൂക്ഷമായിട്ട് ചിത്രത്തെ കുറിച്ച് പറയാൻ കാര്യമെന്താണെന്ന് അറിയില്ലെന്നു സനൽകുമാർ പറഞ്ഞു. സിനിമയെ കുറിച്ച് ഓരോരുത്തർക്കും ഓരോ രീതിയിൽ പറയാനുണ്ടാകുമല്ലോ. തീർത്തും കാമ്പില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അമിത പ്രാധാന്യം നൽകുന്നതിന്റെ പ്രശ്‌നമാണിതൊക്കെ. ഇതിലൊന്നും മറുപടി പറയുവാനും ഞാനില്ല. കലയെ വ്യക്തിപരമായ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണെന്നറിയില്ലെന്നും സനൽകുമാർ വ്യക്തമാക്കി.

അയൽ വീട്ടുകാർ തമ്മിലുള്ള വഴക്കു പോലെയാണിത്. അതിലെന്തെങ്കിലും അഭിപ്രായം പറയുന്നതു തന്നെ മോശമാണ്. ഒരു സിനിമ ചെയ്താൽ അതിന് പ്രൊമോഷൻ കിട്ടാൻ വേണ്ടി രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്ന് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കാം. അല്ലെങ്കിൽ നല്ല സിനിമ ചെയ്തിട്ട് എല്ലാവരോടും കാണണമെന്ന് പറയാം. ഞാൻ രണ്ടാമത്തേത് ആണ് ചെയ്തതെന്നും സനൽകുമാർ പറഞ്ഞു.