ബ്ലിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബൾ ട്രസ്റ്റ്, 'സനാതന അയർലണ്ട്' ഏപ്രിൽ 14 വെള്ളിയാഴ്ച വിഷു ആഘോഷിച്ചു. ഡബ്ലിനിലെ ഫിസ്‌ബ്രോയിലുള്ള സെന്റ് കാർമ്മൽ ഹാളിൽ വൈകുന്നേരം 6.30 മുതൽ 10.00 മണിവരെയായിരുന്നു ആഘോഷങ്ങൾ.

മഞ്ഞ പട്ടാട ചാർത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്ക് മുൻപിൽ ഉരുളിയിൽ പരമ്പരാഗത രീതിയിൽ കണിയൊരുക്കി. പ്രകൃതിയുടെ വരദാനങ്ങളായ പുഷ്പ ഫലാദികൾ ജഗദീശ്വരന് കാണിക്കയായി അർപ്പിച്ചു. നിലവിളക്കുകൾ തീർത്ത സമൃദ്ദിയുടെ പ്രഭയിൽ ഭക്തജനവൃന്തം മതിവരുവോളം കണി ദർശിച്ചു. സനാതന അയർലണ്ടിന്റെ പ്രസിഡണ്ടും മാർഗ്ഗദർശിയുമായ മുരളീകൃഷ്ണൻ എല്ലാവർക്കും വിഷുകൈനീട്ടം നൽകി.

വിഷു ആഘോഷങ്ങളുടെ പ്രത്യേകതകളെപറ്റി സുനിൽകുമാർ, കാർലോ സംസാരിച്ചു. ബാലഗോകുലം കുട്ടികളുടെഭജന, ശ്രീ വിഷ്ണുസഹസ്രനാമജപം, നാരായണീയം നൂറാം ദശകം തുടങ്ങിയവ ആഘോഷങ്ങളുടെ മുഖ്യ പരിപാടികളായിരുന്നു. സ്വസ്തിമന്ത്രത്തിനും ആരതിക്കും ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.

ഭാരതീയമായ സനാതന ധർമ്മവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് പകരുക എന്ന ഉദ്ദേശത്തോടെ 2016 ജനുവരിയിലാണ് സനാതന അയർലണ്ട് എന്ന ചാരിറ്റബൾ ട്രസ്റ്റ് രൂപീകൃതമായത്. മഹത്തായ ഭാരതീയ പാരമ്പര്യംനമ്മുടെ കുട്ടികളുടെ അനുഭവ മണ്ഡലങ്ങളിലെത്തിക്കാൻ, ഭാരതീയമായ ഉത്സവങ്ങളെ പാരമ്പര്യരീതിയിൽ തന്നെ സംഘടിപ്പിക്കാൻ സനാതന അയർലണ്ട് പ്രതിജ്ഞാബദ്ധമാണ്. സനാതന അയർലണ്ടിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന എല്ലാ നല്ലമനസ്സുകളോടുമുള്ള അകൈതവമായ നന്ദി ചടങ്ങിൽ സംഘടനാപ്രസിഡണ്ട് പ്രകാശിപ്പിച്ചു.