മെൽബൺ: പതിനഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മെൽബൺ ഒളിമ്പിക് പാർക്കിൽ നിന്ന് കാണാതായ സനയ്യ സാഹിബ് എന്ന പെൺകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അമ്മ സോഫിനയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സോഫിന പൊലീസിൽ സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒളിമ്പിക് പാർക്കിൽ ഇരിക്കുമ്പോൾ തന്റെ കൈയിൽ നിന്ന് കുട്ടിയെ ഒരു അപരിചിതൻ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സോഫിന ആദ്യം പൊലീസിൽ വിവരം നൽകിയത്. ആഫ്രിക്കൻ വംശജനെന്നു കരുതുന്നയാളാണ് കുട്ടിയെ തട്ടിയെടുത്തതെന്നും മറ്റും സോഫിന പൊലീസിൽ മൊഴി നൽകി. തുടർന്ന് ഒരു ദിവസം മുഴുവൻ കുട്ടിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പിറ്റേന്ന് ഞായറാഴ്ച ഹെയ്ഡൽബർഗിലെ ഒരു ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപവാസികളാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. സനയ്യയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ സോഫിനയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിനെ താൻ കൊന്നതാണെന്ന് കുറ്റസമ്മതം നടത്തിയത്. കൂടാതെ ഡെയർബിൻ ക്രീക്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ പ്രാമിൽ കുട്ടിയുമായി എത്തുന്നതും തിരികെ ഒഴിഞ്ഞ പ്രാമുമായി പോകുന്നതും വ്യക്തമായിട്ടുണ്ട്.

ഔട്ട് ഓഫ് സെഷൻസ് കോർട്ട് വിചാരണയിലാണ് ഇരുപത്തിരണ്ടുകാരിയായ സോഫിന കുറ്റമേറ്റു പറഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ മൗണ്ട് ആൽബർട്ടിൽ നിന്നാണ് സോഫിനയെ അറസ്റ്റ് ചെയ്തത്. അവരുടെ അഭിഭാഷകന്റെ മുന്നിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം സോഫിന ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. മിച്ചാം സ്വദേശിയായ സോഫിന ഹെയ്ഡൽബർഗ് വെസ്റ്റിലെ പെർത്ത് സ്ട്രീറ്റിൽ സഹോദരനുമൊത്താണ് താമസം.