മെൽബൺ: മെൽബൺ ക്രീക്കിൽ കൊലചെയ്യപ്പെട്ട സനയ്യ സാഹിബ് എന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. സനയ്യയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇരുനൂറോളം പേരാണ് സനയ്യയുടെ മൃതദേഹം കണ്ടെത്തിയ മെൽബണിലെ ഒളിമ്പിക് പാർക്കിൽ ഒത്തുചേർന്നത്.

മെൽബൺ ഒളിമ്പിക് പാർക്കിൽ നിന്ന് കാണാതായ സനയ്യ സാഹിബ് എന്ന പെൺകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ സോഫിനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സോഫിന പൊലീസിൽ സമ്മതിച്ചു.

ശനിയാഴ്ച രാവിലെ ഒളിമ്പിക് പാർക്കിൽ ഇരിക്കുമ്പോൾ തന്റെ കൈയിൽ നിന്ന് കുട്ടിയെ ഒരു അപരിചിതൻ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സോഫിന ആദ്യം പൊലീസിൽ വിവരം നൽകിയത്. ആഫ്രിക്കൻ വംശജനെന്നു കരുതുന്നയാളാണ് കുട്ടിയെ തട്ടിയെടുത്തതെന്നും മറ്റും സോഫിന പൊലീസിൽ മൊഴി നൽകി. തുടർന്ന് ഒരു ദിവസം മുഴുവൻ കുട്ടിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പിറ്റേന്ന് ഞായറാഴ്ച ഹെയ്ഡൽബർഗിലെ ഒരു ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപവാസികളാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. സനയ്യയുടെ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ സോഫിനയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിനെ താൻ കൊന്നതാണെന്ന് കുറ്റസമ്മതം നടത്തിയത്. കൂടാതെ ഡെയർബിൻ ക്രീക്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ പ്രാമിൽ കുട്ടിയുമായി എത്തുന്നതും തിരികെ ഒഴിഞ്ഞ പ്രാമുമായി പോകുന്നതും വ്യക്തമായിട്ടുണ്ട്.

കുഞ്ഞിനെ കൊന്നത് താൻ തന്നെയാണെന്ന് അമ്മ സോഫിന നികാത് പൊലീസിനോട് സമ്മതിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മൗണ്ട് ആൽബർട്ടിൽ നിന്നാണ് സോഫിനയെ അറസ്റ്റ് ചെയ്തത്. അവരുടെ അഭിഭാഷകന്റെ മുന്നിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സോഫിയ ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സനയ്യയെ കാണാതാകുന്നത്. ഒളിംപിക് പാർക്കിൽ നടക്കുമ്പോൾ തന്റെ കൈയിൽ നിന്ന് ഒരപരിചിതൻ കുഞ്ഞിനെ തട്ടിയെടുത്തുവെന്നാണ് സോഫിന ആദ്യം പൊലീസിനോട് പറഞ്ഞത്.

മിച്ചാം സ്വദേശിയാണ് സോഫിന. 2015 ജൂലൈയിൽ ഭർത്താവുമായി പിരിഞ്ഞ ശേഷം ഹീഡൽബെർഗ് വെസ്റ്റിൽ ബന്ധുക്കളോടൊപ്പമാണ് സോഫിനയും കുഞ്ഞും താമസിച്ചിരുന്നത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.15ന് ഡാൻഡെനോംഗ് സൗത്ത്സ് ബുനുറോംഗ് മെമോറിയൽ പാർക്കിൽ നടക്കും. സ്വകാര്യ ചടങ്ങിന് മുമ്പ് പൊതുജനത്തിന് ആദരാജ്ഞലി അർപ്പിക്കാനുള്ള സൗകര്യവുമുണ്ടാകും.