- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്; അറസ്റ്റിലായ നിയാസും രാഹുലുമായി അടുത്ത ബന്ധമെന്ന് ക്രൈംബ്രാഞ്ച്; നടിയുടെ വീട്ടിൽ അന്വേഷണ സംഘം എത്തിയത് കോടതിയിൽ നിന്നുള്ള സെർച്ച് വാറണ്ടുമായി; തനിക്ക് ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും, തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും നിക്കി ഗൽറാണിയുടെ സഹോദരി
ബംഗലൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പ്രശസ്ത നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ബംഗളുരുവിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴുമണിയോടെയാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സഞ്ജനയുടെ വീട്ടിലെത്തിയത്. കോടതിയിൽ നിന്നുള്ള സെർച്ച് വാറണ്ടുമായാണ് അന്വേഷണ സംഘം എത്തിയത്.
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സഞ്ജനയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബംഗലൂരുവിൽ ഇല്ലെന്ന മറുപടിയാണ് സഞ്ജന പൊലീസിന് നൽകിയിരുന്നത്. തനിക്ക് ലഹരി കടത്തു സംഘവുമായി ബന്ധമില്ലെന്നും, തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും സഞ്ജന നേരത്തെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന.
നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് സഞ്ജന പറഞ്ഞു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരൻ അരൂർ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു.
നിയാസ് പല പാർട്ടികളിലും പങ്കെടുത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തി എന്ന വിവരമാണ് സിസിബിക്ക് ലഭിച്ചത്.5 വർഷം മുമ്പാണ് നിയാസ് മുഹമ്മദ് അരൂരിൽ നിന്ന് നാടുവിട്ട് ബെംഗളൂരുവിൽ മോഡലിങ് രംഗത്തും ഫാഷൻ ഫോട്ടോഗ്രാഫി രംഗത്തും സജീവമായത്. അറസ്റ്റിലായ നിയാസിന് മലയാളസിനിമയുമായും ബന്ധമുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്ത സീരിയൽ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധവും അന്വേഷിക്കുകയാണ്.കേസിലെ മൂന്നാം പ്രതിയായ വീരേൻ ഖന്നയുടെ വീട്ടിലും സിസിബി പരിശോധന നടത്തുന്നുണ്ട്.
നേരത്തെ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയെ 5 ദിവസത്തേക്കു കൂടി സിസിബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വിഡിയോ കോൺഫറൻസിങ് വഴിയാണ് നടിയെ കോടതിയിൽ ഹാജരാക്കിയത്. കടുത്ത നടുവേദനയെന്നു പറഞ്ഞ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 10 ദിവസത്തേക്കു കൂടി റിമാൻഡ് നീട്ടണമെന്നും സിസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശിക്ക് ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇടപാടിന്റെ തെളിവുകൾ സിസിബിക്ക് ലഭിച്ചു. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്. സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേർത്താണ് എഫ്ഐആർ. കേസിൽ രണ്ടാം പ്രതിയാണ് നടി രാഗിണി ദ്വിവേദി. ഒന്നാം പ്രതി ശിവപ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തിൽ ഉന്നതർക്കായുള്ള ലഹരി പാർട്ടികളുടെ സംഘാടകൻ വിരേൻ ഖന്ന മൂന്നാം പ്രതി.
നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യ ആൽവയും പ്രതിപട്ടികയിലുണ്ട്. ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബയ്ക്ക് കന്നഡ സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായും ഇയാൾ പലതവണ ഇടപാടുകൾ നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ബെംഗളൂരു നഗരത്തിൽ ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ചും, ആന്റി നാർക്കോട്ടിക്സ് വിങ്ങും വ്യാപകമായി റെയ്ഡുകൾ നടത്തുന്നുണ്ട്.




