- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങി; കോഫോപോസ തടവ് അവസാനിച്ചതോടെ മോചനം; എല്ലാം വിശദമായി പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട് സന്ദീപ്; സ്വപ്നയുടെ കോഫെപോസ റദ്ദാക്കലിൽ കേന്ദ്രം സുപ്രീം കോടതിയിലേക്ക്
കൊച്ചി: സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങി. കോഫോപോസ കേസ് പ്രകാരമുള്ള തടവ് അവസാനിക്കുകയും സ്വർണ്ണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിക്കുകയും ചെയ്തതോടെയാണ് സന്ദീപ് നായർ പുറത്തിറങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു സന്ദീപ്. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും, എല്ലാം വിശദമായി പിന്നീട് പറയാമെന്നും പുറത്തിറങ്ങിയ സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയിൽ മോചിതനായത്. സംഭവത്തിൽ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. അതിനിടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്തു നടത്തിയതിന് ജയിലിൽ കഴിയുന്ന പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ്.
അഡിഷനൽ സോളിസിറ്റർ ജനറൽ പി.വിജയകുമാർ, കേന്ദ്ര സർക്കാർ അഭിഭാഷകൻ ദയാസിന്ധു ശ്രീഹരി, മുതിർന്ന അഭിഭാഷകൻ എസ്.മനു, കോഫെപോസ ഡയറക്ടർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. സ്വപ്നയുടെ കോഫെപോസ തടവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. സമിതിയുടെ അപ്പീൽ ശുപാർശ ഇതിനകം കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറി. പൂജവയ്പ് അവധിക്കു ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഇന്നലെയാണ് സ്വപ്നയുടെ കോഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്ന നിയമം സ്വപ്നയ്ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തേ സമാന കേസ് ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. കോഫെപോസ തടവു കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്ന പുറത്തിറങ്ങും.
ഇത് ഒഴിവാക്കാനാണ് കേന്ദ്ര ഏജൻസികളുടെ കൊണ്ടുപിടിച്ചുള്ള ശ്രമം. ഹൈക്കോടതി എൻഐഎ കേസ് പരിഗണിക്കുന്നതിനു മുൻപു സുപ്രീം കോടതിയിൽനിന്ന് സ്വപ്ന സുരേഷിന് എതിരായ വിധി നേടാനാണ് ശ്രമം. കൊഫെപോസ ചുമത്തിയത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊഫെപോസ ചുമത്താൻ ചൂണ്ടിക്കാട്ടിയ കാരണങ്ങൾക്ക് അനുബന്ധ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം.
തുടർച്ചയായി സ്വർണക്കടത്ത് നടത്തിയെന്നത് മൊഴികൾ മാത്രമാണെന്നും എതിർഭാഗം വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബെഞ്ച് തടങ്കൽ റദ്ദാക്കിയത്. നിലവിൽ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന കഴിയുന്നത്. അതേസമയം കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, ബിലാൽ, കെ.ടി. റമീസ് എന്നിവരുടെ അപ്പീൽ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. റമീസിന്റെ സഹോദരൻ കഴിഞ്ഞാഴ്ച സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ