- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടണം; ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: അദ്ധ്യാപകർക്കും ജീവനക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. എടുക്കാത്തവർ ആഴ്ചതോറും സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം നൽകണം. രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ കാരണം വാക്സിനെടുക്കാൻ കഴിയാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകരെ സർക്കാരും പിന്തുണയ്ക്കില്ലെന്നും 47 ലക്ഷം വിദ്യാർത്ഥികളുടെ പ്രശ്നമാണിതെന്നും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞു. അയ്യായിരത്തോളം അദ്ധ്യാപകരാണ് വാക്സിൻ എടുക്കാത്തവരായി ഉള്ളത്. ഇവരോട് രണ്ടാഴ്ചക്കാലം വീട്ടിലിരിക്കാൻ പറഞ്ഞതായും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം,മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ മാത്രം പുറത്തു വന്നാൽ മതിയോ എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ചോദിച്ചു. മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ്
മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ മാത്രം പുറത്തു വന്നാൽ മതിയോ? ഇതേ മതം മൂലം വാക്സിൻ എടുക്കാത്ത മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാവില്ലേ? അവരും സമൂഹത്തിൽ ഇടപഴകുന്നില്ലേ? അവരിൽ പൊലീസുകാർ, കെഎസ്ആർടിസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാം ഉള്ളവർ ഉണ്ടാവില്ലേ? ഇവർ ജനങ്ങളുമായി സമ്പർക്കത്തിൽ അല്ലേ? സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ കോവിഡ് വാക്സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. മതപരമായ കാരണത്താൽ വാക്സിൻ വേണ്ടെന്ന് വെക്കാൻ ഇവർക്ക് അവകാശം ഉള്ളത് പോലെ സുരക്ഷാ കാരണങ്ങളാൽ ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ട്. അത് സർക്കാർ നിഷേധിക്കരുത്.
മറുനാടന് മലയാളി ബ്യൂറോ