- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ അടുക്കളയിൽ എന്റെ മെക്കിട്ട് കേറാൻ വരുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്? തല്ലി നടുവൊടിച്ചിടുകയാണ് ചെയ്യേണ്ടത്'; സന്ദീപ് വചസ്പതിയോട് പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികൻ എൻ.എം പിയേഴ്സൺ
തിരുവനന്തപുരം: ചാനൽ ചർച്ചക്കിടെ ബിജെപി നേതാവ് സന്ദീപ് വചസ്പതിയോട് പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികൻ എൻ.എം പിയേഴ്സൺ. കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തിൽ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതിയെന്ന് പിയേഴ്സൺ പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി സ്ഥാനാർത്ഥിയുടെ നടപടിയാണ് പിയേഴ്സണെ ചൊടിപ്പിച്ചത്. റിപ്പോർട്ടർ ടി.വിയുടെ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി എന്ന് പിയേഴ്സൺ പറഞ്ഞു.
പിയേഴ്സണിന്റെ വാക്കുകൾ:
‘സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി. എന്റെ അടുക്കളയിൽ എന്റെ മെക്കിട്ട് കേറാൻ വരുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്. തല്ലി നടുവൊടിച്ചിടുകയാണ് ചെയ്യേണ്ടത്.
കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തിൽ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതി എന്നാണ് എനിക്ക് പറയാനുള്ളത്. കമ്മ്യൂണിസ്റ്റുകാരന്റെ പൈതൃകത്തിൽ കയറാൻ ഇവനാര്. ഇവനെന്ത് അവകാശം. പുന്നപ്ര വയലാർ സമരം എന്നത് അവകാശങ്ങൾക്ക് വേണ്ടിയുള്ള യുദ്ധമായിരുന്നു.
ഇത്തരം തെമ്മാടിത്തരം കാണിക്കാൻ നിനക്കെന്താണ് അവകാശം. തോന്ന്യവാസങ്ങൾ കാണിക്കുന്നതിന് പരിധിയില്ലേ', പിയേഴ്സൺ ചോദിച്ചു.
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയായ സന്ദീപ് വചസ്പതിയാണ് പുന്നപ്ര വയലാർ രക്ഷസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാർച്ചന. ഗേറ്റ് തകർത്താണ് സന്ദീപ് വചസ്പതി അകത്തു കയറിയതെന്ന് സിപിഐ ആരോപിക്കുന്നു. ഗേറ്റ് തകർത്തിന് പരാതി നൽകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.
ഈ നാടിന് വേണ്ടി ബലിദാനികളായ സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും പുഷ്പാർച്ചനയ്ക്ക് ശേഷം സന്ദീപ് വചസ്പതി പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്പ്പിൽ എത്രപേർ മരിച്ചുവീണ് എന്നതിന് സിപിഎം നേതാക്കളുടെ പക്കൽ ഒരു കണക്കുമില്ല. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു-സന്ദീപ് വചസ്പതി പറയുന്നു.
കമ്യൂണിസ്റ്റ് വഞ്ചനയിൽ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കാനാണ് ഞങ്ങൾ എത്തിയത്. ഭാരതത്തിലെ പൗരൻ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു. ഇതിനെ ഗൗരവത്തോടെ എടുക്കുമെന്ന് സിപിഐ അറിയിച്ചു. ഈ സ്ഥലം സിപിഐയുടെ അധീനതയിലാണ്. എന്നാൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വം സിപിഎമ്മും സമുചിതമായി ആചരിക്കാറുണ്ട്. അത്തരമൊരു സ്ഥലത്താണ് ബിജെപി സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പുഷ്പാർച്ചന.
പാർട്ടി ഓഫീസു പോലെ കമ്മ്യൂണിസ്റ്റുകാർ സ്വകാര്യമായി കാണുന്നിടത്താണ് സന്ദീപ് വചസ്പതിയും കൂട്ടരും അപ്രതീക്ഷിതമായി എത്തിയത്. പുഷ്പാർച്ചന നടത്തി തിരിച്ചു പുറത്തു വന്നു. ചാനൽ ക്യാമറകളും ഒപ്പമുണ്ടായിരുന്നു. സിപിഐയേയും സിപിഎമ്മിനേയും വെല്ലുവിളിക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയാണ് താനെന്ന് സന്ദേശമാണ് ഇതിലൂടെ സന്ദീപ് വചസ്പതി നൽകാൻ ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് ഗേറ്റ് തകർത്തു കടന്നുവെന്ന ആരോപണം സിപിഐയും ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ