ആലപ്പുഴ : സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഴക്കാലത്തിന് മുന്നോടിയായി ഡാമുകളിലെ വെള്ളത്തിന്റെ അളവ് പുനഃക്രമീകരിക്കുന്ന പതിവ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ നടക്കുന്നില്ല. 500 മില്യൺ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സാധാരണ മഴക്കാലത്ത് ഡാമുകളിൽ നിലനിർത്തുക. എന്നാൽ ഇപ്പോൾ മൂന്നിരട്ടി വെള്ളമാണ് സംഭരിക്കുന്നത്. ഇത് മൂലമാണ് ഒന്നോ രണ്ടോ മഴ പെയ്യുമ്പോഴേക്കും ഡാം തുറക്കേണ്ടി വരുന്നത്. ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ട്. ഇതിനു പുറമെ സാധാരണക്കാരുടെ ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്യുന്നു.

ശബരിഗിരി പദ്ധതിയിൽ 2 ഇടുക്കിയിൽ 1 പള്ളിവാസലിൽ 2 പള്ളിവാസൽ എക്സ്സ്റ്റൻ ഷനിൽ 2 മൂഴിയാറിൽ 1 തോ ട്ടിയാറിൽ 2 പെരിങ്ങൽക്കുത്തിൽ 1 ഭൂതത്താൻകെട്ടിൽ 3 എന്നിങ്ങനെയാണ് പ്രവർത്തിക്കാതെ കിടക്കുന്ന ഡാമുകളുടെ എണ്ണം. 400 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജനറേറ്ററുകളാണ് ഇത്. കേരളം കേന്ദ്ര പൂളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും 2500 മെഗാവാട്ടിന് മുകളിൽ വിലയ്ക്ക് വാങ്ങുമ്പോഴാണ് കെഎസ്ഇബി ഉടമസ്ഥതയിലുള്ള ഡാമുകൾ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാത്തത് . ഇത് കോടികളുടെ അഴിമതിക്ക് വേണ്ടിയാണ്. കേരളത്തിലെ ഡാമുകളെ പറ്റി സർക്കാർ ധവള പത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും വാചസ്പതി ആവശ്യപ്പെട്ടു. വൈദ്യുത ബോർഡിനെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട റെഗുലേറ്ററി ബോർഡിനെ സർക്കാർ അട്ടിമറിക്കുകയാണ്. ഇതിനായി രാഷ്ട്രീയ നേതാക്കന്മാരെ തിരുകി കയറ്റുന്നു. ഇത് മൂലം റെഗുലേറ്ററി ബോർഡിന്റെ അടിസ്ഥാന ചുമലത നിർവഹിക്കാൻ പറ്റാതെ വന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് കേരളത്തിന് നാണക്കേടാണ്. സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണിത്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഭൂതത്തിന് വരെ അമ്മയോട് അലിവ് തോന്നിയിട്ടുണ്ട്. ആ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും പിണറായി വിജയൻ ഉയരണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബിജെപി ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ, ദക്ഷിണ മേഖല ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെൽ കോർഡിനേറ്റർ ജി വിനോദ്കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.