- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേന്ദ്രനും ആർ എസ് എസും വാളെടുത്തു! ഹലാൽ ഭക്ഷണ വിവാദത്തിൽ മുന്നോട്ട് നയിക്കേണ്ടത് വികാരമല്ല വിവേകമെന്ന ആ പോസ്റ്റ് സന്ദീപ് വാര്യർ പിൻവലിച്ചു; പാർട്ടി വക്താവിന്റെ പോസ്റ്റ് നീക്കൽ ഹലാലിലെ നിലപാട് ഔദ്യോഗികമായി ബിജെപി വിശദീകരിച്ചതിന് പിന്നാലെ; പരിവാറുകാരുടെ ശത്രുത ഒഴിവാക്കാൻ സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരെ തള്ളി ബിജെപിയെത്തുമ്പോൾ പ്രതിസന്ധിയിലായി പാർട്ടി സംസ്ഥാന വക്താവ്. ഹലാലിലെ പാർട്ടി നിലപാട് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടി നിലപാടിനൊപ്പം നിന്നേ പറ്റുവെന്നാണ് നേതാക്കൾക്ക് നൽകുന്ന മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വിശദീകരിച്ചിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ പരസ്യമായി പ്രതികരിച്ചു. ഇതു രണ്ടും സന്ദീപ് വാര്യരുടെ വിവാദ പോസ്റ്റിനെ തുടർന്നുള്ള നിലപാട് വിശദീകരണമാണ്. ഇതേ തുടർന്ന് പോസ്റ്റ് സന്ദീപ് വാര്യർ പിൻവലിച്ചു.
സന്ദീപിന്റെ പുതിയ പോസ്റ്റ് ചുവടെ
കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിന്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് . ( ലിങ്ക് താഴെ ) എന്നാൽ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു
മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാൽ എന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരിച്ചിരുന്നു. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്ലാമിക പണ്ഡിതന്മാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നൽകി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണെന്നും പി. സുധീർ ആരോപിച്ചു. അതിന് പിന്നാലെ ഹലാൽ സംസ്‌ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. ആ അജണ്ട തിരിച്ചറിയാൻ മറ്റു പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് സാധിക്കുമെന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതും സന്ദീപിനുള്ള മുന്നറിയിപ്പായിരുന്നു. ഇതിന് പിന്നീലെ സന്ദീപ് പോസ്റ്റ് പിൻവലിച്ചു.
ഹലാലിൽ പാർട്ടി നിലപാടിനൊപ്പം സന്ദീപ് എത്തിയില്ലെങ്കിൽ ഔദ്യോഗിക വക്താവ് സ്ഥാനം നഷ്ടമാകും. ബിജെപിയുടെ വക്താവ് സ്ഥാനത്തിരുന്ന് സന്ദീപ് നടത്തിയ പ്രസ്താവന പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സുരേന്ദ്രന്റെ നിലപാട്. അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന സന്ദേശം സന്ദീപിന് ആർ എസ് എസ് കേന്ദ്രങ്ങളും നൽകും. ഹലാൽ വിഷയത്തിൽ ആർ എസ് എസ് നിലപാട് മനസ്സിലാക്കിയാണ് ബിജെപി ഇടപെടൽ നടക്കുന്നത്. പാരഗൺ ഹോട്ടലിനെതിരായ ചർച്ചകളെ തുടർന്നാണ് വിഷയത്തിൽ സന്ദീപ് വാര്യർ നിലപാട് വിശദീകരിച്ച് പോസ്റ്റിട്ടത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വിശദീകരിച്ചു. എന്നാൽ പാർട്ടി വക്താവ് പ്രസ്ഥാനത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്നാണ് ബിജെപിയുടെ പൊതു വികാരം.
ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന ഭാരവാഹി യോഗത്തിലെ കർശന നിർദ്ദേശം ലംഘിച്ചാണ് സന്ദീപ് വാര്യരുടെ അഭിപ്രായ പ്രകടനം. ഇത് ബിജെപി നേതൃത്വത്തിനിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സന്ദീപ് പോസ്റ്റ് പിൻവലിച്ചത്.
ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് സന്ദീപ് പിൻവലിക്കുന്നത്. ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം. ഉത്തരവാദിത്തമില്ലാത്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒരു മനുഷ്യായുസിന്റെ പ്രയത്‌നമാണ് ഇല്ലാതാകുന്നത് എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യർ പറഞ്ഞിരുന്നത്.
ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്ന ഹലാൽ ഭക്ഷണ വിവാദത്തിൽ എതിരായ നിലപാടിന് വിരുദ്ധമായിരുന്നു സന്ദീപ് വാര്യരുടെ അഭിപ്രായം. ഇതുകൂടാതെ പാർട്ടിക്കകത്ത് സന്ദീപിനോട് വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 2ാം തീയതി തിരുവനന്തപുരത്ത് ചേർന്ന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിന് കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന് പിന്നാലെയാണ് ഹലാൽ ഭക്ഷണ വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനവുമായി സന്ദീപ് രംഗത്തെത്തിയത്. ഇത് സുരേന്ദ്രനെ ചൊടിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ