- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലീഗിനെ ഇടതുപാളയത്തിൽ കെട്ടാൻ കുഞ്ഞാലിക്കുട്ടി അണിയറ നീക്കം നടത്തുന്നു; ഊരാളുങ്കൽ സൊസൈറ്റി സിപിഎമ്മിന്റേയും മുസ്ലിം ലീഗിന്റേയും കറവ പശു; സിപിഎമ്മും മുസ്ലിം ലീഗും കൂട്ടുകച്ചവടക്കാരെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ
മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയുമ്പോൾ ലീഗിനെ ഇടതുപാളയത്തിൽ കെട്ടാനുള്ള അണിയറ നീക്കമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ്.ജി.വാര്യർ. തട്ടിപ്പിലും വെട്ടിപ്പിലുമടക്കം സിപിഎമ്മും മുസ്ലിം ലീഗും കൂട്ടുകച്ചവടം നടത്തുകയാണ്. ഇരു മുന്നണികളും തമ്മിൽ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
സ്വർണ്ണക്കള്ളക്കടത്തു കേസിൽ ശക്തമായ അന്വേഷണം നടക്കുന്നത് കേന്ദ്രത്തിൽ ബി.ജെപി സർക്കാർ ഉള്ളതുകൊണ്ടാണ്. വിശ്വാസികളുടെ മനസ്സിലെ മുറിവുണങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ കാരണക്കാരയവർ ശിക്ഷയനുഭവിക്കുന്നത് നാം കണ്ടു.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ് ഫൈനലിൽ വിജയിച്ച് എൻ.ഡി.എ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുസ്ലിം ലീഗ് തുടരുന്ന മൗനം കൂട്ടുകച്ചവടത്തിന് ഉദാഹരണമാണ്. അഴിമതിക്കേസിൽ മുൻ മന്ത്രിയും തട്ടിപ്പ് കേസിൽ എംഎൽഎയും ജയിലിലായിട്ടും സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന പദവി നൽകിയത് കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോഴാണ്. ഇത് ഉപയോഗിച്ച് ഊരാളുങ്കലിന് ടെണ്ടറിൽ പങ്കെടുക്കാതെ തന്നെ സർക്കാരിന്റെ ഏത് പദ്ധതികളുടെയും നിർമ്മാണ ചുമതല ലഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സർവീസ് സൊസൈറ്റി യഥാർത്ഥത്തിൽ സിപിഎമ്മിന്റേയും മുസ്ലിം ലീഗിന്റേയും കറവ പശുവാണ്. കുഞ്ഞാലിക്കുട്ടിയും പിണറായിയും പരസ്പരം പാലം തീർക്കുന്ന തിരക്കിലാണ്. വി എസ്.അച്യുതാനന്ദന്റെയും സിപിഐയുടെയും എതിർപ്പില്ലാതായതോടെ അടുത്ത് തന്നെ മുസ്ലിം ലീഗ് എൽഡിഎഫിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ തർക്കമില്ല.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം ചിഹ്നത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ വിജയത്തിന് തടയിടാനുള്ള എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിന്റെ ശ്രമങ്ങളും സജീവമായിട്ടുണ്ട്. മലപ്പുറത്ത് അതിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുസ്ലിം ലീഗുമാണ്. എന്നാൽ ജനങ്ങൾ ഈ തട്ടിപ്പ് തിരിച്ചറിയുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയചിത്രം അടിമുടി മാറുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ