- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം; ഒരു സ്ഥാപനം തകർന്നാൽ എല്ലാ വിഭാഗങ്ങളും പട്ടിണിയിലാവും; വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്; ഹലാൽ ഹോട്ടൽ വിവാദത്തിൽ ബിജെപി നിലപാട് തള്ളി സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിൽ തുപ്പൽ എന്ന കുപ്രചാരണം മുന്നേറുകയാണ്. കോഴിക്കോട്ടെ ചില സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ധ്രുവീകരണ ശ്രമവും നടക്കുന്നു. മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കി 'തുപ്പൽരഹിത ഭക്ഷണം കിട്ടുന്ന കടകൾ' എന്ന പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പോസ്റ്ററുകളും കാമ്പയിനുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ കോഴിക്കോട്ടെ വ്യാപാര സ്ഥാപനങ്ങൾ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തി.
ഹോട്ടലുകളെ ഉടമകളുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ചേരി തിരിച്ച് പ്രചരിപ്പിക്കുന്ന നീക്കത്തിനെതിരെ തുടക്കത്തിൽ തന്നെ രംഗത്ത് വന്ന് പ്രശസ്തമായ പാരഗൺ ഗ്രൂപ്പാണ്. സോൾജിയേഴ്സ് ഓഫ് കോഴ്സ് എന്നവകാശപ്പെടുന്ന പോസ്റ്ററിലൂടെ 'ഹിന്ദുക്കൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നതെന്ന്' വിശേഷിപ്പിച്ച പതിനഞ്ച് ഹോട്ടലുകളിൽ പാരഗൺ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് ഹോട്ടലുകളുണ്ടായിരുന്നു. 83 വർഷമായി ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കൾക്കും നല്ല ഭക്ഷണം വിളമ്പുന്ന സ്ഥാപനമാണ് പാരഗൺ എന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും പാരഗൺ ഗ്രൂപ്പ് വ്യക്തമാക്കുന്നു. അതേസമയം, ഹലാൽ ഹോട്ടൽ വിഷയത്തിൽ ബിജെപിയുടെ നിലപാടിനെ പരസ്യമായി തള്ളി രംഗത്തെത്തിയിരിക്കുകയാണ്, സന്ദീപ് വാര്യർ.
' ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം'-ഒരു വ്യക്തിപരമായ വീക്ഷണം മുന്നോട്ട് വയ്ക്കട്ടെ എന്ന ആമുഖത്തോടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ രൂപം
വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ .
ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് . മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്.
അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും.
എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ, അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല ... അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം .
ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്
സന്ദീപിന്റെ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ചിലർക്ക് ഇത് സന്ദീപ് തന്നെയാണോ എന്നും, അതോ വായിച്ചു താൻ വട്ടായതാണോ എന്നും സംശയം തോന്നുന്നു.
അതേസമയം, ഹോട്ടലുകളിലെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഹലാൽ ഹോട്ടലുകളെന്ന് പറഞ്ഞ് നാട്ടിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മൊയ്ലിയാർമാർ തുപ്പുന്നതാണ് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാമെന്നും ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞു. ബ്രാഹ്മിൺസ് ഹോട്ടലുകൾ നടത്തുന്നില്ലേയെന്ന ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രൻ മറുചോദ്യം.
മറുനാടന് മലയാളി ബ്യൂറോ