- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിഞ്ഞുകേറി ചെന്നതല്ല; പൊലീസ് വിളിച്ചിട്ടാണ് സേവാഭാരതി പോയതെന്ന് സന്ദീപ് വാര്യർ; കാള പെറ്റെന്ന് കേട്ട് സിദ്ദിഖ് കയറെടുക്കുന്നു; യൂത്ത് കോൺഗ്രസുകാർക്ക് വിയർപ്പിന്റെ അസുഖമാണെന്നും സന്ദീപിന്റെ കൗണ്ടർ
പാലക്കാട്: സേവാഭാരതി പ്രവർത്തകർ പൊലീസിന് ഒപ്പം വാഹനപരിശോധനയിൽ ഇടപെട്ടത് പൊലീസ് സഹായമഭ്യർത്ഥിച്ചതിനെതുടർന്നാണെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ചാണ് സേവാഭാരതി പ്രവർത്തകർ അവിടെ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പൊലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സന്ദീപ് ജി വാര്യരുടെ പോസ്റ്റിൽ പറയുന്നു. കാള പെറ്റെന്ന് കേട്ട് കയറെടുക്കുകയാണ് സിദ്ദിഖ്. സേവാഭാരതി പ്രവർത്തകർ മാത്രമല്ല, അവർക്കൊപ്പം യുവമോർച്ച പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും വോളണ്ടിയർ സംഘത്തിലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹികളെ നഗരസഭ വൈസ്ചെയർമാൻ വിളിച്ചിട്ടും സന്നദ്ധപ്രവർത്തനത്തിന് ലിസ്റ്റ് നൽകിയില്ല. നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിന്റെ അസുഖമുള്ളവരാണ് യൂത്ത് കോൺഗ്രസുകാരെന്നും സന്ദീപ് പരിഹസിക്കുന്നു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്,
പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പൊലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെടുന്നു.
വൈസ് ചെയർമാൻ സേവാഭാരതി, ഡിവൈഎഫ്ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു.
തുടർന്ന് ഡിവൈഎഫ്ഐ 10 പേരുടെ ലിസ്റ്റ് നൽകുന്നു . യുവമോർച്ച 10 പേരുടെ ലിസ്റ്റ് നൽകുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നൽകുന്നു . എല്ലാം പൊലീസിന് കൈമാറുന്നു
യൂത്ത് കോൺഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയർമാൻ വിളിക്കുന്നു . ലഭിക്കുന്നില്ല
നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിന്റെ അസുഖമുള്ളവരാണ് സിദ്ദീഖിന്റെ യൂത്ത് കോൺഗ്രസുകാർ. നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും.
എന്നാൽ, പൊലീസിനൊപ്പം ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ സന്നദ്ധ പ്രവർത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങൾക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് പൊലീസിനൊപ്പം സേവഭാരതിയുടെ യൂണിഫോം ധരിച്ച് സന്നദ്ധപ്രവർത്തകർ വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനൊപ്പം പ്രവർത്തിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ വാളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ളവർ ഏതെങ്കിലും സന്നദ്ധ സംഘടനയിൽപ്പെട്ട ആളുകളല്ല. അവർ സമൂഹത്തിൽ പ്രവർത്തിക്കാനായി മുന്നോട്ട് വന്നിട്ടുള്ളവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധമോ സന്നദ്ധസംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കിൽ അതൊന്നും പ്രദർശിപ്പിച്ചു കൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ചതു സംബന്ധിച്ച വിവാദത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ