ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി ഏർപ്പെടുത്തിയ 'സംസ്‌കൃതി  സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാര'ത്തിന് മുരളി മുദ്രയുടെ 'നിയന്ത്രണ രേഖ' എന്ന ചെറുകഥ അർഹമായി. മുരളി മുദ്ര എന്ന പേരിൽ ആനുകാലികങ്ങളിലും, ബ്‌ളോഗിലും, സോഷ്യൽ മീഡിയയിലും എഴുതുന്ന വി. കെ. മുരളി കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി മധ്യപൂർവ്വേഷ്യയിൽ പ്രവാസ ജീവിതം നയിച്ച് വരുന്ന മുരളി ഇപ്പോൾ സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. 'പെയ്‌തൊഴിയാതെ' എന്ന ബ്‌ളോഗിലൂടെ 2008 ൽ രംഗത്തുവരികയും തുടർന്നുള്ള കാലഘട്ടത്തിൽ കഥാരചനയിലൂടെ ബ്‌ളോഗ്‌സോഷ്യൽ മീഡിയ രംഗത്ത് സുപരിചിതനാവുകയും ചെയ്തു. ചില കഥകൾ മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഫേസ്‌ബുക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളും രചനകൾക്ക് ഉപയോഗപ്പെടുത്തി വരുന്നു.

ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ര്വാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. വിവിധ ജി. സി. സി രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ടതിനാൽ പത്തോളം
കഥകളിൽ നിന്നാണ് പുരസ്‌കാരത്തിനർഹമായ കഥ തിരഞ്ഞെടുത്തത്.

പ്രശസ്ത സാഹിത്യകാരനായ ടി. ഡി രാമകൃഷ്ണൻ അദ്ധ്യക്ഷനും  ചലച്ചിത്രകാരനും, എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ വി. കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ. എ. മോഹൻ ദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.

50,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. നവംബർ 06 ന് വെള്ളിയാഴ്ച വൈകിട്ട് 06 മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടക്കുന്ന 'സംസ്‌കൃതി കേരളോത്സവം' പരിപാടിയിൽ വച്ച് ജൂറി അദ്ധ്യക്ഷൻ ടി. ഡി. രാമകൃഷ്ണൻ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.