തിരുവനന്തപുരം: താനും വിജയ്ബാബുവും എല്ലാ കാര്യങ്ങളിലും വഴക്കിടുന്നവരാണെന്നും എന്നാൽ അന്ന് സംഭവിച്ചത് വളരെ വേണ്ടപ്പെട്ട ചിലർ ഇടയ്ക്കുകയറി പ്രശ്‌നമുണ്ടാക്കിയതാണെന്നും വെളിപ്പെടുത്തി സാന്ദ്രാ തോമസ്. അടുത്തിടെ സിനിമാലോകത്തുനിന്ന് പുറത്തുവന്ന വലിയ വിവാദമായിരുന്നു ഇരുവരും തമ്മിലുള്ള വഴക്കും അതിനെച്ചൊല്ലിയുണ്ടായ കേസുകളുമെല്ലാം. എന്നാൽ വഴക്കെല്ലാം തീർന്ന് രണ്ടുപേരും ഒരുമിച്ചെന്ന സൂചനകൾ നൽകിയാണ് ഇപ്പോൾ സാന്ദ്രയുടെ വെളിപ്പെടുത്തൽ.

സിനിമാ നിർമ്മാണ ജോഡികളായ സാന്ദ്രതോമസും വിജയ് ബാബുവും തമ്മിൽ വഴക്കിട്ടതോടെ ഇവരുടെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ഭാവി അനിശ്ചിതത്വത്തിലായെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഫ്രൈഡേ ഫിലിംഹൗസിലുണ്ടായ തർക്കത്തെ തുടർന്ന് തന്നെ ഇരുന്ന കസേരയോടെ വിജയ്ബാബു തൊഴിച്ചുവീഴ്‌ത്തിയെന്നും നിലത്തിട്ട് ഷൂസിട്ട കാലുകൊണ്ട് പലതവണ ചവിട്ടിയെന്നുമായിരുന്നു സാന്ദ്രാതോമസ് മൊഴി നൽകിയത്.

പാർട്ണറും ഭർത്താവും ചേർന്ന് കള്ളക്കേസ് ഫയൽ ചെയ്‌തെന്ന് വിജയ് ബാബുവും ആരോപിച്ചു. ഇത്തരത്തിൽ പരസ്പരമുള്ള വഴക്ക് പൊലീസ് കേസ് വരെ എത്തിയെങ്കിലും പിന്നീട് സഹപ്രവർത്തകർ ഒത്തുതീർപ്പ് ശ്രമം നടത്തിയതോടെ വിഷയം അനുരഞ്ജനത്തിന്റെ പാതയിലായി.

ഇപ്പോൾ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തതിന് ശേഷം സാന്ദ്ര അന്നുണ്ടായ സംഭവങ്ങൾ ഇങ്ങനെ വിശദീകരിക്കുന്നു: ഞാനും വിജയ് ബാബവും വ്യത്യസ്ത അഭിപ്രായക്കാരാണ്. ഇത്തരത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആ കൂട്ടുകെട്ട് മുന്നോട്ട് പോവുകയുള്ളൂ. ഞാനും വിജയും എല്ലാ കാര്യത്തിലും വഴക്കിടാറുണ്ട്. അത് കുറച്ച് നേരം കഴിഞ്ഞാൽ മാറിക്കൊള്ളും. എന്നാൽ അന്ന് സംഭവിച്ചത് മറ്റൊന്നാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും വളരെ വേണ്ടപ്പെട്ടവരിൽ ചിലർ ഇടയിൽ കയറി പ്രശ്‌നമുണ്ടാക്കി. അതിനാൽ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിപ്പോയി. തെറ്റിദ്ധാരണ എല്ലാത്തിനും ഒരു കാരണമായിരിക്കാം. പക്ഷെ സംഭവം കൈവിട്ടുപോയി.

പക്ഷെ ഞങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളിൽ പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ മൗനം പാലിച്ചപ്പോൾ എല്ലാവരും അവരവരുടേതായ രീതിയിൽ കഥകൾ മെനഞ്ഞു. അത് വിഷമമുണ്ടാക്കി. ചെറിയ പ്രായത്തിൽ സിനിമയിൽ വന്ന് ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് ഈ നിലയിൽ എത്തിയത്. ഈ ഒരു സംഭവത്തിന് ശേഷം അതിന്റെ നെഗറ്റീവ് കാണാൻ മാത്രമാണ് എല്ലാവരും ശ്രമിച്ചത്. അതോടെ എങ്ങിനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയായി.

ഒരു തെറ്റിദ്ധാരണ എനിക്കും വിജയ്ക്കും ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ അതിപ്പോൾ പൂർണമായും മാറി. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കാളാണ്. ഫ്രൈഡെ ഫിലിംസ് തുടർന്നും സിനിമകൾ നിർമ്മിക്കും. ഇപ്പോൾ ഞാനൊരു ബ്രേക്കെടുക്കുകയാണ്. അത് ഈ സംഭവത്തിന്റെ പേരിലല്ല. നിലമ്പൂരിലെ കൃഷിയും കാര്യങ്ങളുമൊക്കെയായി കുറച്ചുകാലം കഴിയണം. സിനിമയിൽ നിന്നെല്ലാം അല്പം ഒതുങ്ങി നിൽക്കാനാണ് ഇപ്പോൾ തോന്നുന്നത് സാന്ദ്ര പറഞ്ഞു.

നടന്നതു ചെറിയൊരു വഴക്കു മാത്രമെന്നും തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളില്ലെന്നുള്ള തരത്തിലും നേരത്തേ തന്നെ പ്രശ്‌നം രമ്യതയിലാക്കുന്നതിന്റെ ഭാഗമായി സാന്ദ്ര പ്രതികരിച്ചിരുന്നു. ഞങ്ങളുടെ നേട്ടങ്ങൾ എല്ലാം ആഘോഷിക്കാറുണ്ട്. പരസ്പരം അസൂയയും ഉണ്ടായിട്ടില്ല. അതൊരു ചെറിയ വഴക്കായിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ എന്നു നടിക്കുന്ന കുറച്ച് ആളുകളാണ് ഇതിത്രയും വഷളാക്കിയത്. സത്യസന്ധരും സഹായമന്‌സകരുമായി അവർ ഇപ്പോഴും നടിക്കുകയാണെന്നും സാന്ദ്ര പറഞ്ഞിരുന്നു. നടൻ അജുവർഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടലിനൊടുവിലാണ് അനുരഞ്ജനത്തിന് വഴിയൊരുങ്ങിയത്.

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. വിജയ് ബാബു ചെയർമാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്. പാർട്ട്ണർഷിപ്പ് ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടൻ നൽകണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നം രൂക്ഷമായതെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഫ്രൈഡേ ഫിലിം ഹൗസ്.