ഒന്നു ചോദിച്ചപ്പോൾ ദൈവം നൽകിയത് രണ്ട് പൊന്നു മക്കളെ. ഇരട്ട കുട്ടികളുടെ അമ്മയായതിന്റെ ഇരട്ടി സന്തോഷത്തിലാണ് നടി സാന്ദ്രാ തോമസ്. ഒരാൾ കരച്ചിൽ നിർത്തുമ്പോൾ മറ്റേയാൾ കരഞ്ഞ് തുടങ്ങും. രണ്ടു പേരെയും ലാളിച്ചും കൊഞ്ചിച്ചും സാന്ദ്ര അമ്മയുടെ റോളിൽ തിരക്കിലാണ്.

ഇന്നലെയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികൾ പിറന്നത്. രണ്ടും പെൺകുട്ടികളാണ്. തങ്ങൾക്ക് രണ്ടു മാലാഖക്കുട്ടികൾ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫേസ്‌ബുക്കിൽ കുറിച്ചത്. കാത്ലിൻ, കെൻഡാൾ എന്നാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്.

നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയാണ് സാന്ദ്ര. വിവാഹശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽനിന്നു വേർപിരിഞ്ഞു.

1991ൽ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി, ഫ്രൈഡേ, കിളി പോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.