ദുബായ്: ശക്തമായി തുടരുന്ന പൊടിക്കാറ്റ് ജനജീവിതത്തേയും സാരമായി ബാധിച്ചു തുടങ്ങി. കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കും വിധം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പൊടി മൂലം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അബുദാബി, അൽ ഐൻ, ഷാർജ, ബത്തീൻ, ദുബായ് എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ച 500 മീറ്റർ വരെയായി ചുരുങ്ങിയിരിക്കുകയാണ്. ഇത് ഒട്ടേറെ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ശനിയാഴ്ചയും പൊടിക്കാറ്റ് തുടരാൻ തന്നെയാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. രണ്ടു ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമാണ് എവിടേയും. സാമാന്യം ശക്തമായ വേഗത്തിൽ കാറ്റ് അടിക്കുന്നതു മൂലം പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗത്തിലാണ് മിക്കയിടങ്ങളിലും കാറ്റു വീശുന്നത്. ഇത്  അൽ മക്തൂം വിമാനത്താവളത്തിലെ കാഴ്ച 500 മീറ്ററായി ചുരുങ്ങാൻ ഇടയാക്കി. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്ററായി ഉയർന്നിട്ടുണ്ട്. ഇത് ശക്തമായ തിരകൾക്ക് കാരണമാകും. തീരദേശങ്ങളിൽ അഞ്ചു മുതൽ ആറ് അടി വരെ ഉയരത്തിൽ തിരകൾ ഉയരുമെന്ന് മുന്നറിയിപ്പുണ്ട്.

പലയിടങ്ങളിൽ ഇന്നും നാളെയുമായി മഴ പെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. തണുപ്പും വർധിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു. ശനിയും ഞായറും അന്തരീക്ഷം മേഘാവൃതമായിരിക്കും. അതേസമയം പൊടിക്കാറ്റിന് ഉടനെയൊന്നും ശമനം ഉണ്ടാവാനും സാധ്യതയില്ല. ശക്തമായി വീശുന്ന കാറ്റാണ് പൊടിക്കാറ്റിന് കാരണമായിരിക്കുന്നത്. കാറ്റ് വീശുന്നത് അന്തരീക്ഷ താപനില താഴാനും ഇടയാകും. പകൽ 29 മുതൽ 34 ഡിഗ്രി വരെ ഉയരുന്ന താപനില രാത്രിയാകുമ്പോഴേയ്ക്കും 14 മുതൽ 17  ഡിഗ്രി വരെ താഴും.
ദൂരക്കാഴ്ച കുറഞ്ഞത് വാഹനമോടിക്കുന്നവരെ കുറച്ചൊന്നുമല്ല വലച്ചത്. മിക്കവരും റോഡരികിൽ ഇൻഡിക്കേറ്റർ ഇട്ട് വാഹനം നിർത്തിയിട്ടിരിക്കുന്ന കാഴ്ചയായിരുന്നു. റോഡിൽ ക്രമാതീതമായി മണൽ അടിച്ചുകയറിയത് അപകടങ്ങൾക്ക് വഴിയൊരുക്കി.

അവധി ദിനമായിരുന്നിട്ടും വെള്ളിയാഴ്ച ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അതുകൊണ്ടു തന്നെ പാർക്കുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം താരതമ്യേന തിരക്ക് കുറവായിരുന്നു.