ശബരിമല: ശനിദോഷ പരിഹാരത്തിന് അത്യുത്തമമാണ് ശനീശ്വര ഭജനം. അതിനാൽ ശനിയാഴ്ചകളിൽ വൻതിരക്കാണ് ശബരിമലയിൽ. ഇന്നലെയും അതുതന്നെയായിരുന്നു സ്ഥിതി. ദുഃഖാവസ്ഥ, വാതരോഗം, ആപത്ഭീതി, ഏഴരശ്ശനി, അഷ്ടമിശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ദോഷകാലങ്ങളിൽ ഈശവരഭജനത്തിലൂടെയും വഴിപാടുകളിലൂടെയും ഭഗവാനെ പ്രീതിപ്പെടുത്തണം.

കരുണാമയനാണ് ഭഗവാൻ. നെയ്യഭിഷേകപ്രിയനാണ്. അതുകൊണ്ട് നെയ്യഭിഷേകം നടത്തിയും നീരാജനം കത്തിച്ചുമെല്ലാം ഭഗവാന്റെ അനുഗ്രഹം തേടാം. ഈ ആഗ്രഹവുമായി ജനങ്ങൾ ഒഴുകിയെത്തിയതോടെ മണ്ഡലകാലങ്ങളിലെ ശനിയാഴ്ച ദിവസങ്ങൾ ശബരിമല ഭക്തസഹസ്രങ്ങളാൽ നിബിഡമാകും.

ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ഇന്നലെയും ഭക്തലക്ഷങ്ങൾ ഭഗവദ് ദർശനത്തിന് ഒഴുകിയെത്തി. വ്രതശുദ്ധിയുടെ നിറവിൽ കളഭാഭിഷേകത്തിന്റെ പുണ്യം നേടി മലയിറങ്ങി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം അയ്യപ്പനെ ദർശിക്കാൻ നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പുലർച്ചെ അയ്യപ്പന്മാരുടെ നിര ശരംകുത്തി വരെ നീണ്ടിരുന്നു. പൊലീസിന്റെയും ദേവസ്വം ഗാർഡുകളുടെയും സഹായത്തോടെ സുഖദർശനം നടത്തിയാണ് അവരെല്ലാം മലയിറങ്ങിയത്. കളഭാഭിഷേകം ദർശിക്കാനും ഇന്നലെ തിരക്ക് അനുഭവപ്പെട്ടു.

ചന്ദനം അരച്ചു കുങ്കുമപ്പൂവും പച്ചക്കർപ്പൂരവും ചേർത്താണു കളഭം ഒരുക്കിയത്. ഉച്ചപൂജയോടെ കളഭം പൂജിച്ച് അയ്യപ്പന് അഭിഷേകം നടത്തി. തുടർന്ന് ഉച്ചപൂജ പൂർത്തിയാക്കി നട അടച്ചു. ഇന്നലെ വൈകിട്ടു നട തുറന്നപ്പോഴും അയ്യപ്പന്മാരുടെ നീണ്ടനിര സന്നിധാനത്തിൽ പ്രകടമായിരുന്നു. ഇന്നും തിരക്കിന് കുറവില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ ആറ് ബാബ്‌റി മസ്ജിദ് തകർത്ത ദിനമായതിനാൽ അതു പ്രമാണിച്ച് നാളെമുതൽ മൂന്നുദിവസം ശബരിമലയിൽ ഭക്തർക്ക് കർശന നിയന്ത്രണമുണ്ടാകും. പരിശോധനകളും ശക്തമാക്കും.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ. 3.00. നിർമ്മാല്യ ദർശനം. 3.05. നെയ്യഭിഷേകം. 3.20 മുതൽ 11.30 വരെ. മഹാഗണപതിഹോമം. 3.30. ഉഷഃപൂജ. 7.30. കളഭാഭിഷേകം. 12.00. ഉച്ചപൂജ. 12.30. നട അടയ്ക്കൽ. 1.00. വൈകിട്ടു നട തുറക്കൽ. 3.00. ദീപാരാധന. 6.30. പുഷ്പാഭിഷേകം. 7.00. അത്താഴപൂജ. 9.00. ഹരിവരാസനം. 10.50. നട അടയ്ക്കൽ. 11.00.