ഞങ്ങളും വാഴ്‌ത്തപ്പെട്ടവരാണ്

ആരാധനാലയങ്ങൾ പ്രതിഷേധ സമരങ്ങൾക്ക് വേദിയാവുക എന്നത് നമുക്കാർക്കും അത്ര സുപരിചിതമല്ല. ഒരഞ്ചുമിനിട്ട് വായന. ചില അപ്രിയസത്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കട്ടെ. എന്തിനാണ് മതങ്ങളും അവയുണ്ടാക്കിയ കുറെ നിയമങ്ങളുടെ ചട്ടക്കൂടുമെന്ന ചോദ്യത്തിൽ തുടങ്ങാം. ഉത്തരം അത്ര സങ്കിർണ്ണമൊന്നുമല്ല. മനുഷ്യനെന്ന സാമൂഹികജീവിയുടെ വളർച്ചയുടെ വിവിധങ്ങളായ പടവുകളിൽ ശക്തിയുള്ളവൻ അശക്തനെയും ബുദ്ധിമാന്മാർ അത്രയ്‌ക്കൊന്നും ചിന്താശക്തിയില്ലാത്തവനെയും സ്വത്തും അധികാരങ്ങളും ഉള്ളവൻ ഇവയൊന്നുമില്ലാത്ത സാധാരണക്കാരനെയും മണി പവറും മസ്സിൽ പവറുമുപയോഗിച്ച് ഞെരിച്ചമർത്തി അടക്കിവാണ കാലങ്ങൾ. അക്കാലത്ത് ഇതിന്റെയൊക്കെ മുകളിലൊരു ജനാധിപത്യക്രമം വേണമെന്നും മാനുഷികമൂല്യങ്ങളെന്ന വിലകൊടുത്താൽ കിട്ടാത്ത ചില നന്മകളുടെ അടിസ്ഥാനമില്ലാതെ സാമൂഹികജീവിതത്തിന് ഒരടുക്കും ചിട്ടയുമുണ്ടാവില്ല എന്ന തീരെ ലളിതവും എന്നാൽ തികച്ചും അഭികാമ്യവുമായ ചില അടിസ്ഥാനചിന്തകളിൽ നിന്നും ആവാം മതങ്ങളും മതനിയമങ്ങളുമുണ്ടായത്.

അവയിൽ തന്നെ വെറും അയ്യായിരം വർഷങ്ങൾ മാത്രം പഴക്കമുള്ള പഴയനിയമപുസ്തകങ്ങളിൽ വരെ കണ്ണിന് പകരമൊരു കണ്ണാവാം അല്ലെങ്കിൽ ഒരു പല്ലിന് എതിരാളിയുടെ മറ്റൊരു പല്ല് കൊഴിക്കാം എന്ന അത്ര ജനകീയമല്ലാ എന്ന് ഇന്ന് തോന്നുന്ന പല നിയമങ്ങളും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു എന്നത് ഒന്നോർമ്മയിലിരിക്കട്ടെ. കാലം മുന്നോട്ട് നീങ്ങിയതിനൊപ്പം പ്രബലപ്പെട്ടുവന്ന പുതിയ ചിന്താധാരകളുടെ ഫലമായി അബലനായ സഹജീവിയെ സംരക്ഷിക്കേണ്ടതിന് നമുക്കും ബാധ്യതയുണ്ട് എന്ന തരത്തിലേക്ക് നിയമങ്ങൾ പരിവർത്തനം ചെയ്യപ്പെട്ടു. ഇതിൽ നിന്നൊക്കെയായിരിക്കാം പുതിയ ജനാധിപത്യ പ്രക്രിയകളും ഒട്ടുമിക്ക രാജ്യങ്ങളുടെയും നിയമങ്ങൾ വരെയും എഴുതപ്പെട്ടിരിക്കുന്നത്.

ദൈവമെന്ന വാക്കിന് തന്നെ ചില മതങ്ങളിൽ കരുണ അല്ലെങ്കിൽ നിസ്വാർത്ഥസ്‌നേഹം എന്നൊക്കെയുള്ള പര്യായങ്ങളുണ്ട്. അതല്ലെങ്കിൽ ദൈവസങ്കൽപ്പങ്ങളെ പാർശ്വവൽക്കരിക്കപ്പെട്ടവനോടുള്ള മറ്റൊരുവന്റെ പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള വെറുമൊരു മര്യാദയായിപ്പോലും ചിത്രീകരിക്കപ്പെടുന്നുണ്ട്. പതിയെ മാനവരാശിക്ക് പുതിയ നിയമങ്ങളുണ്ടായിത്തുടങ്ങി. 'എനിക്കു പ്രവചനവരം ഉണ്ടായിട്ടും സകല മർമ്മങ്ങളും സകല ജ്ഞാനവും അറിയാമെങ്കിലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും, സ്‌നേഹമില്ല എങ്കിൽ ഞാൻ ഒന്നുമല്ല (1 കൊറിന്ത്യർ 13, 1), എന്നുപോലും എഴുതപ്പെട്ടു.

വളർച്ചയുടെ പാതയിലായിരുന്നു, മനുഷ്യനൊപ്പം ഈ നിയമങ്ങളും എന്ന് സാരം. ബി.സി അഞ്ചും ആറും നൂറ്റാണ്ടുകളിലെഴുതപ്പെട്ടത് എന്നു കരുതുന്ന മിക്ക ഉപനിഷത്തുകളുടെയും തുടക്കത്തിൽ കാണുന്ന, 'പരബ്രഹ്മം, ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ച് രക്ഷിക്കണേ, ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ച് പരിപാലിക്കണെ, ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് കഴിവുകൾ വളർത്തുമാറാകണേ, ഞങ്ങളിൽ പരസ്പരം വിദ്വേഷം കലരാതിരിക്കുമാറാകണേ, ഓം ശാന്തി', എന്ന് പറയുന്നതിലും മറ്റൊന്നല്ല നാം കാണുന്നത്. താരതമ്യേന പുതുനിയമഗ്രന്ഥമായ ഖുറാനിലും ഇതൊക്കെത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. മാനവരാശി ഒരൊറ്റ മഹാരാജ്യമാണെന്നും സകലമാന പ്രജകളും ഏകോദര സഹോദരങ്ങളാണെന്നും ഖുർആൻ 2, 213 - ൽ പറയുന്നു.

സമാന തത്വങ്ങളും നിയമസംഹിതകളുമായിരിക്കും ലോകത്ത് ഇന്ന് നിലവിലുള്ള ഏതാണ്ട് 4200 - ഓളം വരുന്ന വിവിധ മതവിശ്വാസങ്ങളുടെ മൂലക്കല്ലുകൾ എന്നതിന് രണ്ടുപക്ഷമില്ല. കൊല്ലാനും തീർത്തുകളയാനും പുറത്താക്കാനും അനുശാസിക്കുന്ന മതഗ്രന്ഥങ്ങൾ ഉണ്ടായിരിക്കാം എന്നാൽ അവയ്‌ക്കൊന്നും ദിർഘകാലം നിലനിൽക്കാനാവില്ല എന്നതാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. ചുരുക്കിപ്പറഞ്ഞാൽ സകലമാന മതപ്രസ്ഥാനങ്ങളെയും നിലനിർത്തുന്നതും അവയൊക്കെ പഠിപ്പിക്കുന്നതും ഈ മാനുഷികമൂല്യങ്ങളാണ്. ക്ഷമ, സ്നേഹം, കരുണ തുടങ്ങിയ അടിസ്ഥാന വർണ്ണങ്ങളും പിന്നെ അതിന്റെ പലവിധമായ സങ്കരണങ്ങളും. അപ്പോൾ ഈ അടിസ്ഥാന സംഗതികളിൽ നിന്നുണ്ടാവുന്ന വ്യതിയാനങ്ങൾ തീർച്ചയായും ഒരുവനെ താൻ അംഗമായിരിക്കുന്ന മതത്തിന്റെ ചങ്ങലക്കണ്ണിയിൽ നിന്ന് സ്വയം വിട്ടകലാൻ ഇടയാക്കുന്നു. തിരിച്ച് വരാം. എന്നാൽ ആ മടങ്ങിവരവിന് മുൻപ് ഒരു മാറ്റം അനിവാര്യമാണ്. അല്ലെങ്കിൽ ഈ മാറ്റത്തിന് വിമുഖതകാണിക്കുന്ന ഒരുവൻ താനിപ്പോഴും ഈ ചങ്ങലയിലെ ഒരു കണ്ണിയാണെന്ന് പറയുന്നത് ഒരേസമയം ആത്മവഞ്ചനയും കള്ളം പറച്ചിലുമാണ്.

ഇനി കാര്യത്തിലേക്ക് വരാം. കേരളസംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈസ്തവവിശ്വാസികളുള്ള സിറോ മലബാർ സഭയ്ക്ക് ഇന്ത്യയിൽ തന്നെ കേരളത്തിന് പുറത്തും കൂടാതെ മറ്റുരാജ്യങ്ങളിലെ പ്രവാസികളുടെ ബാഹുല്യമനുസ്സരിച്ച് അവിടങ്ങളിലൊക്കെയും നിരവധി രൂപതകളും അവയുടെ കീഴിൽ അനവധി പള്ളികളുമുണ്ട്. ഇപ്പോഴത്തെ പ്രതിപാദനവിഷയം അമേരിക്കയിയിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഏതാണ്ട് 500-ൽപ്പരം കുടുംബങ്ങൾ അംഗങ്ങളായുള്ള സെന്റ് തോമസ്സിന്റെ നാമധേയത്തിലുള്ള ഒരു പള്ളിപ്പരിസരത്ത് കഴിഞ്ഞ രണ്ടുമാസക്കാലങ്ങളായി നടന്നുവരുന്ന ഒരു പ്രതിഷേധസമര പരിപാടിയാണ്. ഏതാണ്ട് പത്തോളം വരുന്ന കുടുംബങ്ങൾ പ്രത്യക്ഷത്തിലും ബഹുഭൂരിപക്ഷം വരുന്ന ഇടവകക്കാർ പരോക്ഷമായും ഇക്കഴിഞ്ഞ പത്താഴ്ചക്കാലമായി എല്ലാ ഞായറാഴ്ചകളിലും പള്ളിക്ക് മുൻപിൽ നിരാഹാര പ്രാർത്ഥനാ സമരത്തിലാണ്.

ഷിക്കാഗോ സിറോ മലബാർ രൂപതയുടെ മൗനാനുവാദത്തോടെ ഇടവകവികാരിയും ഭരണപക്ഷത്തുള്ള ചുരുക്കം ചിലരും ചേർന്ന് നടത്തിയ കള്ളപ്രചരണങ്ങളുടെയും ഗൂഢാലോചനകളുടെയും അനുബന്ധമായി ഇടവകയിലെ മൂന്ന് വിശാസികൾക്ക് ഏൽപിച്ചുകൊടുത്ത വക്കിൽ നോട്ടീസുകൾ താമസംവിനാ പിൻവലിച്ച് ഈ ഇടവകയിലെ നഷ്ടപ്പെട്ട സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്നതാണ് പ്രതിഷേധിക്കുന്നവർ ഉറച്ചാവശ്യപ്പെടുന്നത്. മൂന്ന് ഇടവകക്കാർക്ക് കൊടുത്ത വക്കീൽ നോട്ടീസിൽ നട്ടാൽ കുരുക്കാത്ത നുണകളാണ് സഭാധികാരികളും ഭരണക്കാരും പറഞ്ഞു വച്ചിരിക്കുന്നത്. കുറ്റം ചാർത്തപ്പെട്ടവരെ നേരിട്ടറിയാവുന്ന ഒരൊറ്റ ഇടവകക്കാർക്കും കല്ലുവച്ച നുണകളുടെ പിൻബലത്തിൽ പള്ളി തിടുക്കത്തിൽ നടത്തിയ നിയമനടപടികളോട് യാതൊരുതരത്തിലും യോജിക്കാനാവുന്നില്ല.

നോട്ടീസിൽ പറഞ്ഞിരിക്കുന്ന അസത്യങ്ങൾ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കുന്നതിൽ സമരക്കാർ വിജയം കണ്ടു എന്ന് ബോധ്യപ്പെട്ട സഭാധികാരികൾ മുഖം രക്ഷിക്കൽ നടപടികളുടെ ഭാഗമായി നിരവധി തവണ പ്രതിഷേധക്കാരോട് പ്രത്യക്ഷത്തിലുള്ള സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഒടുവിൽ വഴങ്ങില്ല എന്ന ബോധ്യം വന്നപ്പോൾ ഏകപക്ഷിയമായി ഒരു കമ്മീഷനെ പ്രഖ്യാപിക്കയും, പ്രസ്തുത മൂന്നംഗ കമ്മീഷൻ സാൻ ഫ്രാൻസിസ്‌ക്കോയിലെത്തി തെളിവെടുപ്പുകൾ നടത്തി ഏതാണ്ട് രണ്ടാഴ്ചക്കാലം മുൻപ് മടങ്ങുകയും ചെയ്തു.

ഈ റിപ്പാർട്ട് എഴുതുന്ന നിമിഷം വരെ രൂപതയോ ഇടവകാധികാരികളോ പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിന്മേൽ യാതൊരുവിധ നടപടികളുമെടുത്തിട്ടില്ല എന്നത് എതിർസ്വരങ്ങളെ സീറോ മലബാർ സഭ എങ്ങനെയാണ് നേരിടുന്നത് എന്നതിനുള്ളൊരു പുതുദൃഷ്ടാന്തമാണ്. നാളിതുവരെ കേരളത്തിലങ്ങോളമിങ്ങോളം നമ്മൾകണ്ട സഭാധികാരികളുടെ ധാർഷ്ട്യങ്ങളും വിവിധങ്ങളായ അഭിപ്രായങ്ങൾക്കെതിരെ സഭ മുഖം തിരിച്ചു നിൽക്കുന്നതും പ്രതികാരനടപടികളിലൂന്നി പള്ളിയിൽ നിന്നും സിവിലിയൻ നിയമം അനുസരിച്ച് ഒരു വിശ്വാസിക്ക് ലഭിക്കേണ്ട അനുഷ്ഠാനങ്ങളുടെ തിരസ്‌കരണം, പരസ്യമായ താറടിക്കൽ ആദിയായ കേരളത്തിൽ പൊതുവെ കണ്ടുവരുന്ന ഒതുക്കൽ ഭരണസംസ്‌കാരം പുറം രാജ്യങ്ങളിൽ സ്ഥാപിതമാകുന്ന രൂപതകളിലും പള്ളികളും നടപ്പിലാക്കി ഭരണകാര്യങ്ങളിൽ നിന്നും അഭിപ്രായങ്ങളുള്ളവരെ ഒഴിവാക്കി നിർത്തി സ്വന്തം റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളുമായി നിർബാധം മുന്നോട്ട് പോകുന്നതിനായാണ് വക്കീൽ നോട്ടിസിലേയ്ക്കും കേസ്സുകളിലെയും സാധാരണക്കാരായ വിശാസികളെ ഇവർ വലിച്ചിഴക്കുന്നത്. കാരണം അമേരിക്കപോലുള്ള ഒരു രാജ്യത്ത് നിയമസഹായങ്ങൾക്ക് വിലകൂടും.

അത്യാവശ്യം കാര്യപ്രാപ്തിയുള്ള ഒരു വക്കിലിന് ഏതാണ്ട് നാനൂറോളം ഡോളറുകൾ വേണ്ടിവരും ഒരു മണിക്കൂർ പണിയെടുക്കുന്നതിന് കൊടുക്കേണ്ട കൂലി. ആയതിനാൽ വക്കിൽ നോട്ടീസ് ലഭിക്കുന്ന ഒരു സാധാരണവിശാസി അതും മടക്കി പോക്കറ്റിലിട്ട് വീടിനടുത്തുള്ള സായിപ്പിന്റെ പള്ളിയിൽ അടുത്ത ഞായർ മുതൽ പോയിത്തുടങ്ങും എന്നതാണ് മിക്കവാറും സംഭവിക്കാവുന്നത്. മുകളിൽപ്പറഞ്ഞ വക്കിൽ നോട്ടിസുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും ഉദ്ദേശലക്ഷ്യങ്ങൾ ഇതൊക്കെത്തന്നെയായിരുന്നിരിക്കാം എന്ന് കരുതേണ്ടിവരുന്നു.

എന്നാൽ നിറഞ്ഞ വൈവിധ്യങ്ങളുള്ള സാൻ ഫ്രാൻസിസ്‌കോയുടെ മണ്ണിൽ ഇതേ അടവുനയമിറക്കിയ രൂപതാധികാരികൾക്കും ഇടവകയിലെ പ്രമാണിമാർക്കും കിട്ടിയ ഒരപ്രതീക്ഷിത പ്രഹരമായിരുന്നു ഒരു സംഘടനതന്നെ രൂപീകരിച്ച് ഇടവകക്കാർ ഒന്നടങ്കം നീതിക്ക് വേണ്ടി ഒന്നിച്ച് നിന്നു മുറവിളികൂട്ടിയത്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും നടത്തിയ ഇടപെടലുകളിൽ നിന്ന് സിറോ മലബാർ സഭയുടെ യഥാർത്ഥമുഖം അമേരിക്കൻ ലാറ്റിൽ സഭയിലെ പ്രമുഖർക്ക് വരെ ഇതിനകം ബോധ്യപ്പെട്ടിരിക്കുന്നു. എന്നാൽ പ്രത്യക്ഷത്തിലുള്ള ഇടപെടലുകൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകളുള്ളതിനാൽ അവരും തയാറാവുന്നില്ല.

സിറോ മലബാർ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതായ ഈ പ്രതിഷേധ പ്രാർത്ഥനാ യജ്ഞത്തെക്കുറിച്ച് നിരവധി കത്തിടപാടുകൾ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പുമായി നടത്തിയെങ്കിലും നാളിതുവരെ പ്രശ്‌നത്തിലിടപെടാനോ സമവായം കണ്ടെത്താനോ ഉതകുന്ന തരത്തിൽ കാക്കനാട്ടെ സെന്റ് തോമസ്സ് കുന്നിൽ നിന്നും ഒരിലയനക്കം പോലുമുണ്ടാവുന്നില്ല എന്നത് ആശ്ചര്യപെടുത്തുന്ന വസ്തുതയാണ്. ചുരുക്കത്തിൽ ദുഃഖകരമെങ്കിലും പറയട്ടെ, കരുണയും സ്‌നേഹവും നഷ്ടപ്പെട്ട കുഞ്ഞാടിനെത്തേടുന്ന ആട്ടിടയനുമൊക്കെ പ്രസംഗങ്ങളിൽ തുടങ്ങി പ്രസംഗങ്ങളിൽത്തന്നെ അവസാനിക്കുന്നു. സഭയുടെ ഇടപെടലുകളിൽ മനം മടുത്ത വിശ്വാസികൾക്ക് അർഹമായ നീതി ലഭിക്കാൻ സമാധാനപരമായ മേൽപ്പറഞ്ഞ മാർഗ്ഗങ്ങൾ ലക്ഷ്യം കാണാത്തപക്ഷം വലിയൊരു നിയമപോരാട്ടത്തിലേയ്ക്ക്തന്നെ നീങ്ങാൻ ഇടവക്കാരെ നിർബന്ധിതരാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിപ്പെടുന്നത്.

സിറോ മലബാർ ഷിക്കാഗോ രൂപതയും സാൻ ഫ്രാൻസിസ്‌കോ ഇടവകയും നിയമത്തിന്റെ നൂലാമാലകളിലേയ്ക് കാര്യങ്ങളെ വലിച്ചിഴക്കാനും മടിക്കുന്നില്ല. കാരണം വിശ്വാസികൾ ദാനം കൊടുത്ത കോടിക്കണക്കായ പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വെറുതെയിരിപ്പുണ്ട്. കാട്ടിലെ തടി തേവരുടെ ആന. എന്നാൽ ഒന്ന് പറയാതെ വയ്യ. ക്ഷമ, സ്നേഹം, കരുണ തുടങ്ങിയ ചില അടിസ്ഥാന സംഗതികളിൽ നിന്നുണ്ടാവുന്ന വ്യതിയാനങ്ങൾ തീർച്ചയായും ഒരുവനെ താൻ അംഗമായിരിക്കുന്ന മതത്തിന്റെ ചങ്ങലക്കണ്ണിയിൽ നിന്ന് സ്വയം വിട്ടകലാൻ ഇടയാക്കുന്നു. തിരിച്ച് വരാം. എന്നാൽ ആ മടങ്ങിവരവിന് മുൻപ് ഒരു മാറ്റം അനിവാര്യമാണ്. അല്ലെങ്കിൽ ഈ മാറ്റത്തിന് വിമുഖത കാണിക്കുന്ന ഒരുവൻ താനിപ്പോഴും ഈ ചങ്ങലയിലെ ഒരു കണ്ണിയാണെന്ന് പറയുന്നത് ഒരേസമയം ആത്മവഞ്ചനയും കള്ളം പറച്ചിലുമാണ്. അവസ്സാനമായി, ഈ ത്യാഗങ്ങളെല്ലാം കർത്താവേ നിന്റെ നാമത്തെപ്രതിയാണല്ലോ എന്നതോർക്കുമ്പോഴാണ് അടിയങ്ങളും വാഴ്‌ത്തപ്പെട്ടവരാവുന്നത്.