പാലാ: നിരവധി സമ്മേളനങ്ങൾക്കും സംഗമങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും പുതുമയും മാതൃകയും സൃഷ്ടിച്ച ഒരു സൗഹൃദ സംഗമത്തിനു കൊച്ചിടപ്പാടിക്കാർ സാക്ഷികളായി. കൊച്ചിടപ്പാടിക്കു സമീപം മൂന്നാനിയിൽ നിന്നും 22 വർഷം മുമ്പ് കുറുമണ്ണ് ഇഞ്ചികാവിലേക്ക് കുടിയേറിയ ഔസേപ്പച്ചൻ മൂലയിൽതോട്ടത്തിലെ ആദരിക്കൽ സംഘടിപ്പിച്ച സൗഹൃദസംഗമമാണ് പുതുമയും മാതൃകയും സൃഷ്ടിച്ചത്.

മൂന്നാനിയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് സജീവമായിരുന്നു ഔസേപ്പച്ചൻ. കേരളാ കോൺഗ്രസ് (എം)ന്റെ വാർഡ് പ്രസിഡന്റ് എന്ന നിലയിൽ 25 വർഷം സേവനവും അനുഷ്ഠിച്ചിരുന്നു. ഇപ്പോൾ 95 വയസ് പൂർത്തിയായ ഇദ്ദേഹം പഴയ നാടിനോടും നാട്ടുകാരോടും എന്നും സ്നേഹബന്ധം പുലർത്തിയിരുന്നു. മുൻകാലങ്ങളിൽ പഴയ ആളുകളെ കാണുവാൻ ഔസേപ്പച്ചൻ ഇടയ്ക്കിടെ ഇവിടെ എത്തുമായിരുന്നു. ഇവിടുത്തുകാർ ഇപ്പോഴും സൗഹൃദം പുതുക്കാൻ ഇഞ്ചികാവിൽ പോകാറുണ്ട്. പ്രായമേറെയായെങ്കിലും പഴയ നാടിനെയും നാട്ടുകാരെയും കാണാൻ ഇദ്ദേഹം പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നു ഔസേപ്പച്ചന്റെ പൗത്രനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജെ. ജോസിന്റെ കൊച്ചിടപ്പാടിയിലെ വസതി സൗഹൃദസംഗമവേദിയായി. എബിയും ബന്ധുവും പാലാ മുൻസിപ്പൽ കൗൺസിലറുമായ ടോണി തോട്ടവും മുൻകൈയെടുത്താണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിൽ ഏകനല്ലെന്നും കുടുംബവും നാട്ടുകാരും ഒപ്പമുണ്ടെന്ന വലിയ സന്ദേശം നൽകുവാൻ സംഗമത്തിനു സാധിച്ചതായി അദ്ദേഹം പറഞ്ഞു. 95 വർഷത്തെ ജീവിതാനുഭവമെന്ന നിധിയാണ് ഔസേപ്പച്ചനെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ആളുകൾ വ്യക്തിഗതമായ കാര്യങ്ങളിലേയ്ക്ക് ചുരുങ്ങുകയാണിന്ന്. പ്രായമായവരുമായി സംസാരിച്ചു മുന്നോട്ടുപോയാൽ യൗവ്വനം വഴിതെറ്റാതിരിക്കുമെന്നും മാർ മുരിക്കൻ ചൂണ്ടിക്കാട്ടി.

പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അദ്ധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ മൂലയിൽതോട്ടത്തിലിനെ എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പൊന്നാട അണിയിച്ചു. ഫ്രാൻസിലെ ഇന്ത്യൻ എംബസി സെക്രട്ടറി റോഷ്ണി അഭിലാഷ് മുണ്ടത്താനം മധുരം സമ്മാനിച്ചു. മുൻ എംഎ‍ൽഎ. പ്രൊഫ. വി.ജെ. ജോസഫ്, മുൻസിപ്പൽ മുൻസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.സി. ബേബി മനയാനി, മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, എബി ജെ. ജോസ്, ദിയാ ആൻ ജോസ് എന്നിവർ പ്രസംഗിച്ചു. പാലായുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിന്റെ സഹോദരീ പുത്രനാണ് ഔസേപ്പച്ചൻ മൂലയിൽതോട്ടത്തിൽ. സമ്മേളനാനന്തരം സ്നേഹവിരുന്നും സംഘടിപ്പിച്ചു.