ദോഹ : സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും അശാന്തി വിതറുമ്പോൾ പ്രവാസി മനസ്സുകളിൽ ശാന്തിയുടെ സന്ദേശം വിതറി സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി ഫ്രെയിം വൺ മീഡിയയും മീഡിയ പൽും രംഗത്ത്.

മത, ജാതി, രാഷ്ട്രീയ, വിഭാഗീയ സമവാക്യങ്ങൾക്കതീതമായി മാനവിക ഐക്യവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ശാന്തി ഗീതങ്ങളാൽ സമാധാനത്തിന്റെ സുന്ദര സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ആഹ്വാനം ചെയ്യുന്ന പ്രത്യേക സംഗീത നിശ പുതുവർഷത്തലേന്ന് ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടക്കും.

സഹൃദയർക്ക് അവിസ്മരണീയമായ അനുഭവമാകുന്ന ഈ സംഗീത നിശ ''വെൽക്കം 2016'' ദോഹയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ച് സംസാരിച്ച മീഡിയ പഌ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

കലണ്ടറുകൾ മറിയുമ്പോൾ ജീവിതത്തിന്റെ വിലപ്പെട്ട ഒരു വർഷം കഴിയുന്നുവെന്ന തിരിച്ചറിവ് നൽകുന്നതോടൊപ്പം പുതിയ വർഷത്തെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്‌നേഹത്തിന്റെ വാടാമലരുകൾ വിരിയിക്കുവാൻ പ്രയോജനപ്പെടുത്തി സമാധാനപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കുവാനുള്ള സോദ്ദ്യശ്വപൂർവ്വമായ പരിശ്രമമാണ് ഇതെന്ന് ഫ്രെയിം വൺ മീഡിയ മാനേജർ ഇ.പി ബിജോയ് കുമാർ പറഞ്ഞു.

കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിലൂടെ ആസ്വാദകർക്ക് പ്രിയങ്കരരായ സജില സലീം, മൻസൂർ, ദോഹയിലെ ഗായക നിരയിൽ നിന്നും മുഹമ്മദലി വടകര, ഷക്കീർ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ്യ, നൗഷി എന്നിവരാണ് തെരഞ്ഞെടുത്ത ഗാനങ്ങൾ അവതരിപ്പിക്കുക.

വാർത്താസമ്മേളനത്തിൽ മൻഹൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് സാദിഖ്, ക്യൂ എഷ്യ ഡെവലെപ്‌മെന്റ് സിഇഒ സിപിഎ ജലീൽ, ഫയർ ഫ്‌ളോ ടെക്‌നിക്കൽ സർവ്വീസസ് ആൻഡ് ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ സജീവ്. ഒ, ക്യൂ എഷ്യ ഡെവലെപ്‌മെന്റ ഓപ്പറേഷൻസ് മാനേജർ സിറാജ് സി.കെ, മീഡിയ പഌ് മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫതാഹ് നിലമ്പൂർ എന്നിവരും പങ്കെടുത്തു. പരിപാടിയുടെ സൗജന്യ പാസുകൾക്ക് 44324853, 55711415 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.