തിരുവനന്തപുരം: ഒരിക്കൽ തമിഴ്‌നാട് സർക്കാറിന്റെ ചലച്ചിത്രപുരസ്‌കാര വിതരണം നടക്കുന്ന വേദി.സദസ്സിൽ രാഷ്ട്രീയത്തിലെയും സിനിമയിലെയുമുൾപ്പടെ പ്രമുഖരുടെ നിറസാന്നിദ്ധ്യം. അപ്പോഴാണ് വേദിയിലേക്ക് ഒരു കീർത്തനം ആലപിക്കാനായി സംഗീതസജിത്ത് കടന്നുവന്നത്. പാടിമുഴുവിപ്പിച്ചതോടെ സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.. എന്നിട്ടും തൃപ്തി വരാതെ അ വിഐപി നേരെ വേദിയിലെത്തി , തന്റെ കഴുത്തിൽ കിടന്ന പത്തരപവന്റെ മാല ഊരി സംഗീതയ്ക്ക് നൽകി.മറ്റാരുമായിരുന്നില്ല ആ വിഐപി.. സാക്ഷാൽ ജയലളിത തന്നെയായിരുന്നു.

ഇത്തരത്തിൽ തന്റെ ആലാപന സൗകുമാര്യം കൊണ്ട് ഭാഷകളുടെ അതിർവരമ്പുകളെയും ഭേദിച്ച് ആസ്വാദകരെ ഉണ്ടാക്കിയ ഗായികായായിരുന്നു സംഗീത.പേര് പോലെ തന്നെ സംഗീതമയമായിരുന്നു സംഗീത സജിത്തിന്റെ ജീവിതവും. പിന്നണിഗാനരംഗത്തു മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും പ്രതിഭ തെളിയിച്ചു. കെ.ബി.സുന്ദരാംബാൾ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അതേ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള കഴിവും സംഗീതയെ പ്രശസ്തയാക്കി.

മലയാളത്തേക്കാളുപരിയായി തെലുങ്ക്, കന്നട, തമിഴ് ഭാഷാ പാട്ടുകളാണ് സംഗീതയ്ക്കു പ്രശസ്തിയുടെ പട്ടം സമ്മാനിച്ചത്. ചെന്നൈയിൽ ആയിരുന്നു സ്ഥിരതാമസം. 'നാളൈതീർപ്പി'ലൂടെയാണ് സംഗീത തമിഴ് സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ 'മിസ്റ്റർ റോമിയോ'യിൽ പാടിയ'തണ്ണീരും കാതലിക്കും' ഹിറ്റുകളുടെ നിരയിലേയ്ക്കുയർന്നു.

'അമ്പിളിപൂവട്ടം പൊന്നുരുളി' എന്ന പാട്ടിലൂടെ പിന്നണിഗാനരംഗത്തെത്തിയ സംഗീത, പിന്നീട് നിരവധി ഹിറ്റുകളുമായി വന്ന് ആസ്വാദകഹൃദയങ്ങൾ കവർന്നു. 'ആലാരേ ഗോവിന്ദ', ധും ധും ധും ദൂരെയേതോ എന്നിവ താളം പിടിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയിലെ 'താളം പോയി തപ്പും പോയി' പ്രേക്ഷകരെ കരയിപ്പിച്ചു. ഏറ്റവുമൊടുവിൽ 'കുരുതി'യിലെ തീം സോങ് കേട്ടിരുന്നപ്പോൾ അത് സംഗീതയുടെ അവസാനഗാനമാകുമെന്നു സംഗീതാസ്വാദകർ ആരുംതന്നെ വിചാരിച്ചുകാണില്ല.

പ്രണയമായാലും വിരഹമായാലും അതില്ലെല്ലാം തന്നെ തന്റെതായ കൈയോപ്പ് ചാർത്തിയാണ് തന്റെ 46 മത്തെ വയസ്സിൽ സംഗീത വിടവാങ്ങുന്നത്.ഇരുന്നൂറിലധികം പാട്ടുകൾ പാടിയെങ്കിലും അതിനേക്കാൾ ഒക്കെ പാടാൻ ബാക്കിവച്ചാണ് സംഗീത സചിത്ത് സംഗീതലോകത്തിലെ തീരാനഷ്ടങ്ങളുടെ കണക്കിലേക്ക് മറയുന്നത്