മനാമ: അപരകാന്തി, ആസിഡ് എന്നീ നോവലുകളിലൂടെ പ്രശസ്തയായ സാഹിത്യകാരി സംഗീതാ ശ്രീനിവാസൻ ബഹ്‌റിനിൽ എത്തുന്നു. ബഹ്‌റിൻ കേരളീയ സമാജം സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കാനാണ് സംഗീതയെത്തുന്നത്. എഴുത്തിന്റെ രസതന്ത്രം എന്നപേരിൽ 24, 25 തീയതികളിലാണ് (വ്യാഴം, വെള്ളി)ഈ പരിപാടി നടക്കുന്നത്.

പുതിയകാല ജീവിതം മുറ്റിത്തഴയ്ക്കുന്ന ഇടങ്ങളുടെ ആഴമേറിയ ചിത്രീകരണമാണ് സംഗീത ശ്രീനിവാസനെ ഇക്കാലത്തെ പ്രിയ എഴുത്തുകാരിയാക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതുന്ന സംഗീത മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ സാറാ ജോസഫിന്റെ മകളാണ്. ഇതാദ്യമായാണ് സംഗീത പവിഴദ്വീപ് സന്ദർശിക്കുന്നത്. ഫിക്ഷൻ എഴുത്തിന്റെ വിവിധതലങ്ങളിൽ കടന്നുചെല്ലുന്ന വിധമാണ് ഈ സംവാദം സംഘടിപ്പിച്ചിട്ടുള്ളത്. രചനയുടെ മുന്നൊരുക്കങ്ങക്കൾ, ഉള്ളറകൾ, പുതിയ രചനാ സങ്കേതങ്ങൾ, വായനയുടെ രഹസ്യങ്ങൾ എന്നിങ്ങനെ എഴുത്തും വായനയും സാങ്കേതികമായി അടുത്ത് പരിശോധിക്കുകയാണ് ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം ഈ മുഖാമുഖം കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം സംഗീതയുടെ കൃതികളുടെ വായനാനുഭവം എഴുത്തുകാരിയുടെ സാന്നിദ്ധ്യത്തിൽ പങ്കുവയ്ക്കപ്പെടുന്നു ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന എഴുത്തുകാരും സാഹിത്യ പ്രേമികളും അവരുടെ പേരു വിവരം ബുധനാഴ്ചയ്ക്ക് മുമ്പ് സമാജത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടുക-33537007 കെ. ജയകൃഷ്ണൻ (സാഹിത്യ വിഭാഗം കൺവീനർ)