കൊച്ചി: എംടിയുടെ ജനപ്രിയ നോവലായ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരേ സംഘപരിവാർ സംഘടനകൾ രംഗത്ത്. എംടിയുടെ മാനസികവൈകല്യ കൃതിയായ രണ്ടാമൂഴമെന്നും അതിനെ ആസ്പദമാക്കി ഇറങ്ങാൻ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്നും സംഘപരിവാർ പറയുന്നു. സിനിമയ്‌ക്കെതിരേ കോടതിയെ സമീപിക്കാനും പദ്ധതിയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ നിന്നു വ്യക്തമാകുന്നത്.

 മഹാഭാരതം വളരെ ബൃഹത്തായ കൃതിയാണ്. മഹാഭാരതത്തെ രണ്ടാമൂഴം എന്ന പേരിൽ അവതരിപ്പിക്കുന്നത് ഇതിഹാസത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് സംഘപരിവാർ പോസ്റ്റുകളിൽ പറയുന്നു. ആർഎസ്എസ് അടക്കമുള്ള സംഘടനകൾ സിനിമയ്‌ക്കെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാൻ രണ്ടാമൂഴത്തിനു യോഗ്യതയില്ല. രണ്ടാമൂഴത്തെ മഹാഭാരതമാക്കിയാൽ അത് ഭാരതത്തോടും വരും തലമുറയോടും ചെയ്യുന്ന അനീതിയായിരിക്കുമെന്നും പരിവാർ സംഘടനകൾ ആരോപിക്കുന്നു.

 

എംടിയുടെ തിരക്കഥയിൽ മോാഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബജറ്റ് കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്. ബി.ആർ. ഷെട്ടി നിർമ്മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണു മുടക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ഇറക്കാനാണ് പദ്ധതി. ഹോളിവുഡ് താരങ്ങളും സിനിമയിൽ അഭിനയിക്കുമെന്നു സൂചനയുണ്ട്.