- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിഷ രവിയല്ല ആരായലും ദേശവിരുദ്ധ ചിന്ത മനസിൽ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണമെന്ന് ബിജെപി മന്ത്രി; പരിസ്ഥിതി പ്രവർത്തകക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാക്കി സംഘപരിവാർ കേന്ദ്രങ്ങൾ; ദിഷയെ തീവ്രവാദിയായി ചിത്രീകരിച്ച് ട്വീറ്റുകളുടെ ഘോഷയാത്ര
ന്യൂഡൽഹി: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിദ്വേഷ പ്രചാരണം ശക്തമാക്കി സംഘപരിവാർ. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾക്ക് പിന്നാലെ സൈബർ ഇടങ്ങളിലും സംഘപരിവാർ അനുകൂലികൾ ദിഷക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അറ്റ് 21 എന്ന ഹാഷ്ടാഗിലാണ് ദിഷയ്ക്കെതിരെയുള്ള ട്വീറ്റുകൾ. അറ്റ് 21 എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി.
"ദേശവിരുദ്ധ ചിന്ത മനസിൽ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായലും," എന്നായിരുന്നു ഹരിയാന ബിജെപി മന്ത്രി അനിൽ വിജ് പ്രതികരിച്ചത്. അനിൽ വിജിന്റെ പരാമർശം വലിയ പ്രതിഷേധത്തിനാണ് ഹരിയാനയിൽ വഴിവെച്ചത്. ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസിൽ വധശിക്ഷയ്ക്ക് വിധിച്ച അജ്മൽ കസബുമായി താരതമ്യം ചെയ്താണ് ബിജെപി എംപിയായ പി.സി മോഹൻ വിമർശനം ഉന്നയിച്ചത്." ബുർഹാൻ വാണിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മൽ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു," പി.സി മോഹൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് സൈബർ ഇടങ്ങളിലും ദിഷക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായത്.
21 വയസ്സിൽ ചെയ്യേണ്ട കാര്യമല്ല ദിഷ ചെയ്തതെന്നും 21 വയസ്സിലൊക്കെ ഞങ്ങൾ ചെയ്ത ‘നല്ല കാര്യങ്ങൾ' ഇതൊക്കെയാണ് എന്നുപറഞ്ഞുകൊണ്ടാണ് ട്വീറ്റുകൾ വരുന്നത്. 21 വയസ്സിൽ ഞാൻ ക്ലാസ് കയറാതിരുന്നിട്ടുണ്ട്, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ട്, ഇവിടെ ചില ആക്ടിവിസ്റ്റുകൾ രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ഒരു ട്വീറ്റ്, ചിലർ 21ാം വയസ്സിൽ ഇന്ത്യയെ അഭിമാനത്തിലെത്തിച്ചു ചിലർ നാണംകെടുത്തി എന്നാണ് കായികതാരം ഹിമാ ദാസിന്റെയും ദിഷയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
21ാം വയസ്സിൽ തന്റെ ജീവിതത്തിലെ എല്ലാ വില്ലന്മാരെയും തകർത്തെറിഞ്ഞ് ദേശീയ അവാർഡും നേടി വിജയിച്ച ഒരു നടിയുമായി എന്നാണ് കങ്കണയുടെ ട്വീറ്റ്. ഏതാണ്ട് 10 ലക്ഷം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിരിക്കുന്നത്. പല ട്വീറ്റുകളിലും ദിഷയെ തീവ്രവാദിയായാണ് ചിത്രീകരിക്കുന്നത്. ദിഷ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ദിഷയ്ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം.
അതേസമയം, ദിഷയെ അനുകൂലിച്ചും രാജ്യത്തിനകത്തും പുറത്തും നിരവധി പേരാണ് രംഗത്തെത്തിയത്. യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യയിലെ സാധാരണ കർഷകർ മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ അനന്തിരവൾ വരെ ദിഷ രവി എന്ന 21കാരിയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും അപ്പുറം ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സാധാരണ പൗരന് എത്രകണ്ട് പ്രാപ്യമാണ് എന്ന ചർച്ചകളാണ് സജീവമാകുന്നത്. കോൺഗ്രസ് നേതൃത്വം ഉൾപ്പെടെ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും നടൻ സിദ്ധാർത്ഥ് അടക്കമുള്ള സെലിബ്രിറ്റികളും നികൊളസ് ഡേവ്സ്, ആദം റോബർട്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരും ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തി.
ആരാണ് ദിഷ രവി
2018ൽ 15 വയസുള്ള സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനം ആരംഭിച്ചതോടെയാണ് ദിഷയും സജീവ പരിസ്ഥിതി പ്രവർത്തകയായി മാറുന്നത്. ദിഷ രവി ബംഗളൂരു മൗണ്ട് കാർമൽ വനിത കോളജിൽനിന്ന് ബിരുദം നേടിയ ശേഷം സസ്യങ്ങളിൽനിന്ന് ഭക്ഷണം ഉൽപാദിപ്പിക്കുന്ന കമ്പനിയിലെ മാനേജറാണ്.
പാരിസ്ഥിതിക തകർച്ചയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അവളുടെ തത്ത്വങ്ങളിൽ ഉറച്ചുനിന്ന വ്യക്തിയാണ് ദിഷയെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. "അവൾ സസ്യാഹാരിയാണ്, ഒരു വെജിറ്റേറിയൻ സ്റ്റാർട്ട്അപ്പിനായി പ്രവർത്തിക്കുന്നു," "അവൾ എല്ലായ്പ്പോഴും സജീവമാണ്," സഹപ്രവർത്തകൻ പറഞ്ഞു. "ഏത് പ്രശ്നവും, എവിടെയും അവൾ അതിനെക്കുറിച്ച് സംസാരിക്കും. അങ്ങനെയാണ് ഞാൻ അവളെ അറിയുന്നത്. "
ഇന്ത്യയെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് ശബ്ദമുയർത്തുന്ന ഒരു യുവ പ്രവർത്തകയെന്ന നിലയിൽ ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണങ്ങളിൽ ദിഷ പ്രത്യക്ഷപ്പെട്ടിരുന്നു. "ഞങ്ങൾ നമ്മുടെ ഭാവിക്കുവേണ്ടി പോരാടുകയല്ല, നമ്മുടെ വർത്തമാനത്തിനായി പോരാടുകയാണ്," എന്നായിരുന്നു ദിഷയുടെ നിലപാട്. പരിസ്ഥിതിയെ കുറിച്ച് മാത്രമല്ല വംശിയതയെ കുറിച്ചും കൃത്യമായ നിലപാടുകൾ ഉള്ള വ്യക്തിയായിരുന്നു ദിഷ. നിങ്ങൽ പരിസ്ഥിതി പ്രശ്നങ്ങൽ ചർച്ച ചെയ്യാൻ സമീപിക്കുന്നത് കറുത്തവരെയോ വെളുത്തവരെയോ എന്നത് വംശീയതയുടെ വിഷയമാണെന്ന നിലപാടായിരുന്നു ദിഷക്ക്.
അറസ്റ്റ് എന്തിന്?
കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു. കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണച്ച് ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദിഷ രവിയെ ഡൽഹി പട്യാല കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ടൂൾ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയെ അറിയിച്ചു. കോടതിയിൽ വിതുമ്പിക്കൊണ്ടാണ് ദിഷ തെൻറ ഭാഗം വിശദീകരിച്ചത്.
അറസ്റ്റിനെതിരായ പ്രതിഷേധത്തിന് അതിരുകളില്ല
ദിഷയുടെ അറസ്റ്റിനെ നിരവധി പരിസ്ഥിതി സംഘടനകൾ അപലപിച്ചു. സംഭവത്തിൽ മുൻ പരിസ്ഥിതി മന്ത്രി ജെയ്റാം രമേഷ് അടക്കം നിരവധി പേർ പ്രതികരിച്ചു. അറസ്റ്റിൽ അപലപിച്ച് രാജ്യത്തെ 78 ആക്ടിവിസ്റ്റുകൾ ഒപ്പ് വെച്ച പ്രസ്താവന പുറത്തിറക്കി. പി ചിദംബരം, ശശി തരൂർ, പ്രിയങ്ക ചതുർ വേദി, സീതാറാം യെച്ചൂരി തുടങ്ങിയവരും ട്വിറ്ററിൽ അപലപിച്ചു. അമേരിക്കയിലും ദിഷയ്ക്കായി ആളുകൾ രംഗത്തെത്തി. സംഭവത്തിൽ പസ്യവിമർശനവുമായി അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസിന്റെ ബന്ധുവും ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകയുമായ മീന ഹാരിസ് രംഗത്തെത്തി. 'ഇന്ത്യ ബീയിങ് സൈലൻസ്ഡ്' എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വലിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. തമിഴ്നടൻ നടൻ സിദ്ധാർഥ് ദിഷ രവിയുെട അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ മാധ്യമ പ്രവർത്തകരായ നികൊളസ് ഡേവ്സ്, ആദം റോബർട്സ് അടക്കമുള്ള്ളവരും പ്രതിഷേധത്തിൽ പങ്കുചേർത്തു.
മറുനാടന് മലയാളി ബ്യൂറോ