അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ അനുഭാവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ദീപയെയും കുടുംബത്തെയും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഫേസ്‌ബുക്ക് പോസ്റ്റ്. കേരള ഹിന്ദു രക്ഷാ സേന എന്ന സീക്രട്ട് ഗ്രൂപ്പിലിട്ട പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്ത് വന്നത്. ദീപാ നിശാന്തിനെ ശാരീരികമായി പോറലേൽപ്പിക്കാൻ കേരളത്തിൽ ഹിന്ദുക്കൾ ആരുമില്ലേ എന്ന് ചോദിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

തലവെട്ടാനോ കൊല്ലാനോ ഞാൻ പറയുന്നില്ല മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏൽപ്പിക്കുകയോ എങ്കിലും ചെയ്തു കൂടെ? ഇതിന് വധശിക്ഷ ഒന്നുംകിട്ടില്ലെലോ, കൂടി പോയാൽ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും ഫോട്ടോ മോർഫ് ചെയ്താലും ഇത്രയൊക്കയേ നടക്കൂവെന്നും ഈ പോസ്റ്റിൽ പറയുന്നു.

കുടുംബാഗങ്ങളെ അതി ക്രൂരമായി ആക്രമിക്കാനും ഇയാൾ പറയുന്നുണ്ട് അവളുടെ കുടുംബത്തിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കണം മാതാപിതാക്കളെ പെരുവഴിയിലിട്ട് തുണിയുരിയാനും അപമാനിക്കാനുമാണ് ഈ ഗ്രൂപ്പിലുള്ള അനിൽ കുമാർ എന്നയാൾ ആഹ്വാനം ചെയ്യുന്നത്. നൂറ് രൂപക്ക് വേണ്ടി ആരെയെങ്കിലും കൊല്ലാൻ തയാറുള്ള ബീഹാറികൾ നാട്ടിൽ ഉണ്ടെന്നും ഇയാൾ ഓർമ്മിപ്പിക്കുന്നു. ഇടത് അനുഭാവികളുടെ ഗ്രൂപ്പുകളിലാണ് ഈ ആഹ്വാനത്തിന്റെ സ്‌ക്രീൻഷോട്ട് പ്രചരിക്കുന്നത്.

എം.എഫ് ഹുസൈന്റെ സരസ്വതി ചിത്രം കേരള വർമ കോളേജിൽ എസ്.എഫ്.ഐ പ്രദർശിപ്പിച്ചതിനെ തുടർന്ന് അതിനെ അനുകൂലിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഇതിൽ ഇവർക്കെതിരെ വ്യാപക വിദ്വേഷ കാമ്പയിനുമായി സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദീപയുടെ ചിത്രം സംഘപരിവാർ പ്രവർത്തകർ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.