ഹൈദ്രാബാദ്:  അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രശസ്തി കൈവരിച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളാണ് സാനിയ മിർസ. ഗ്രാൻസ്ലാമുകളടക്കം കിരീടനേട്ടങ്ങൾ. സമ്മാനത്തുകയായി നേടിയത് കോടികൾ. എന്നാൽ, ഇപ്പോൾ സാനിയ മിർസ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഇത്തരം നല്ല കാര്യങ്ങളുടെ പേരിലല്ല. കോടികൾ സമ്മാനമായി നേടിയ സാനിയ, സർക്കാരിലേക്ക് അടയ്‌ക്കേണ്ട നിയമപ്രകാരമുള്ള നികുതി അടയ്ക്കാത്തതിനാണ് സാനിയ വിവാദത്തിലായത്.

സേവന നികുതി അടയ്ക്കാത്തതിന്റെ പേരിൽ സാനിയ മിർസയ്ക്ക് സർവീസ് ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് സമൻസ് അയച്ചിരിക്കുകയാണ്. ഫെബ്രുവരി 16-ന് നേരിട്ടോ ഏജന്റ് മുഖേനയോ ഹാജരാകണമെന്നാണ് സാനിയയോട് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ വീഴ്ചവരുത്തിയാൽ അറസ്റ്റ് ചെയ്യാനും ഹൈദരാബാദിലെ സർവീസ് ടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണറുടെ നിർദ്ദേശമുണ്ട്. അന്വേഷിക്കപ്പെടേണ്ടതായ ചില രേഖകളും വസ്തുക്കളും സാനിയയുടെ പക്കലുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

1944-ലെ സെൻട്രൽ എക്‌സൈസ് നിയമപ്രകാരമാണ് സമൻസ് നൽകിയിട്ടുള്ളത്. കൈവശമുള്ള സ്വത്തുവകകളുടെയും മറ്റു വസ്തുക്കളുടെയും രേഖകൾ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, എന്ത് കേസിലാണ് സാനിയയോട് ഹാജരാകാൻ പറഞ്ഞിട്ടുള്ളതെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടില്ല.

സമൻസനുസരിച്ച് ഹാജരാകാതിരിക്കുകയോ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും സമൻസിൽ പറയുന്നു.