റിയോ ഡി ജനീറോ: ഫൈനൽ മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ജോഡിക്കു പിഴച്ചു. അമേരിക്കയുടെ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോടു സെമിയിൽ പരാജയപ്പെട്ട സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.

ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോൽവി. ആദ്യ സെറ്റ് 6-2ന് സ്വന്തമാക്കിയ ഇന്ത്യൻ ജോഡി പിന്നീട് നിറം മങ്ങി.

രണ്ടാം സെറ്റിൽ തിരിച്ചു വന്ന അമേരിക്കൻ സഖ്യം 6-2ന് സെറ്റ് സ്വന്തമാക്കി. ഇതോടെ ടൈ ബ്രേക്കറിലേക്ക് മത്സരം നീളുകയായിരുന്നു. ടൈ ബ്രേക്കറിന്റെ തുടക്കത്തിൽ 3-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേ മേധാവിത്വം നിലനിർത്താനായില്ല. വീനസിന്റെ പരിചയസമ്പത്തിന് മുന്നിൽ സാനിയയും ബൊപ്പണ്ണയും പതറി. തുടർച്ചയായ ഒമ്പത് പോയിന്റുകൾ നേടി 10-3ന് ടൈബ്രേക്കർ വിജയിച്ച് അമേരിക്കൻ സഖ്യം ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

സെമിയിൽ തോറ്റതോടെ ഇനി വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ യു.എസ്.എ-ചെക്ക് റിപ്പബ്ലിക്ക് സെമിഫൈനൽ മത്സരത്തിൽ തോൽക്കുന്നവരായിരിക്കും ഇന്ത്യയുടെ എതിരാളികൾ.

മെഡൽ പ്രതീക്ഷകൾ കാത്തുവച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീമും ഇന്നിറങ്ങും. കരുത്തരായ ബൽജിയമാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ. 36 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സിന്റെ നോക്കൗട്ട് റൗണ്ടിൽ കടക്കുന്നത്. അതിനാൽ തന്നെ അഭിമാനനേട്ടമാണ് ഇത്തവണ മലയാളി താരം പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം കൈവരിച്ചത്. എന്നാൽ, മെഡൽ മേഖലയിൽ എത്തണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. തോറ്റാൽ മടങ്ങാം എന്നതിനാൽ കടുത്ത പോരാട്ടമാകും ഇന്ന് കാണാനാകുക.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ