സിഡ്‌നി: ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ താരമായ സാനിയ മിർസ. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇനി മിക്‌സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്.



വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68ാം റാങ്കിലാണ് സാനിയ.'ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാൽ മൂന്ന് വയസ്സുകാരനായ എന്റെ മകനെ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാൽമുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.'- സാനിയ പറഞ്ഞു.

'ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം' മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ 'ഇഎസ്‌പിഎന്നി'നോട് സ്ഥിരീകരിച്ചു.



ഇത്തവണ യുക്രെയ്ൻ താരം നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം ഡബിൾസിൽ മത്സരിച്ചത്. ടൂർണമെന്റിൽ 12ാം സീഡായിരുന്നെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ ഇരുവരും തോറ്റു പുറത്തായി. സ്ലൊവേനിയൻ സഖ്യമായ കാജ യുവാൻ ടമാര സിദാൻസേക് എന്നിവരാണ് ആദ്യ റൗണ്ടിൽത്തന്നെ സാനിയ സഖ്യത്തെ തോൽപ്പിച്ചത്. 4-6, 6-7 (5) എന്ന സ്‌കോറിലായിരുന്നു സ്ലൊവേനിയൻ സഖ്യത്തിന്റെ വിജയം.

ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാൻസ്ലാം ടൂർണമെന്റുകൾക്കു പുറമേ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരിടീം ചൂടിയിട്ടുണ്ട്. സ്വിസ് താരം മാർട്ടിന ഹിൻജിസിനൊപ്പം 2016ൽ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് ഏറ്റവുമൊടുവിൽ ഗ്രാൻസ്‌ലാം കിരീടം ചൂടിയത്. ഡബിൾസിൽ സാനിയ ഏറ്റവും കൂടുതൽ നേട്ടങ്ങളുണ്ടാക്കിയത് ഹിൻജിസിനൊപ്പമായിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വർഷങ്ങളായി കളത്തിൽ പഴയതുപോലെ സജീവമല്ല. 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിട്ടുനിന്നു. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപ്പണിൽ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43ാം ഡബിൾസ് കിരീടമാണ്.



ഖേൽരത്‌ന, അർജുന അവാർഡുകൾ നേടി രാജ്യം ആദരിച്ച പ്രതിഭയാണ്. ഗ്രാൻഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. ആറ് ഗ്രാൻഡ് സ്ലാമുകൾ താരം നേറ്റിയിട്ടുണ്ട്. ഏഷ്യൻ ഗെയിങ്, കോമൺവെൽത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാൻഡ് സ്ലാം വിജയിക്കുന്നത്.