കോഴിക്കോട്: കേരളത്തിലെ നഗര ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളും പെൻഷനും സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം തന്നെ പരിഷ്‌ക്കരിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചെങ്കിലും നഗര ശുചീകരണ തൊഴിലാളികളോടുള്ള വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

അവഗണനയിൽ പ്രതിഷേധിച്ച് നഗരസഭകൾക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചപ്പോഴാണ് ഫെബ്രുവരി 26 ന് ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ തൊഴിലാളി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. ഏപ്രിൽ മാസത്തോടെ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് ശുപാർശ ചെയ്ത അതേ ശമ്പള വർധനവ് തന്നെയാണ് റിപ്പോർട്ടിലുള്ളതെങ്കിലും റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധമായ നിർദ്ദേശങ്ങളും നിഗമനങ്ങളും തൊഴിലാളികളെ ഭീതിയിലാഴ്‌ത്തുകയാണ്.

ഓടകൾ വൃത്തിയാക്കുന്നവർക്കും നഗരം അടിച്ചുവാരുന്നവർക്കും ഇത്രയും ഉയർന്ന ശമ്പളമോ എന്നാണ് റിപ്പോർട്ടിലെ ചോദ്യം. ഇതു തുടർന്നാൽ നഗരസഭകൾ അടച്ചുപൂട്ടേണ്ടിവരും. മേലിൽ സ്ഥിരം നിയമനം പാടില്ലെന്നും കരാർ സമ്പ്രദായത്തിൽ ഓരോ കൊല്ലത്തേക്ക് ആളുകളെ എടുക്കണമെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അകത്ത് ദഹിക്കാതെ കിടക്കുന്ന അസഹിഷ്ണുതയാണ് കമ്മീഷൻ പുറത്തേക്ക് തള്ളിയതെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു. സർവ്വീസിലിരുന്ന് ലക്ഷങ്ങൾ ശമ്പളം വാങ്ങിയവരും ശമ്പളത്തേക്കാൾ കൂടുതൽ മറ്റാനുകൂല്യങ്ങൾ പറ്റിയവരുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി) പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളം, പെൻഷൻ എന്നിവ പരിഷ്‌ക്കരിച്ച് ഉത്തരവിറക്കുക, കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളയുക, ശമ്പളം, പെൻഷൻ എന്നിവയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുക, ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് കാലത്ത് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നഗരസഭാ ഓഫീസുകൾക്ക് മുമ്പിൽ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.

നഗര ശുചീകരണ ജോലികൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ റിപ്പോർട്ടിൽ കടന്നുകൂടിയിട്ടുള്ള അനുചിതവും തൊഴിലാളി വിരുദ്ധവുമായ പരാമർശങ്ങളെന്ന് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ പറഞ്ഞു. റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യ വിസർജ്യം ഓട്ട വീണ ഇരുമ്പ് ബക്കറ്റിൽ തലയിൽ ചുമന്നവരാണ് നഗര ശുചീകരണ തൊഴിലാളികളെന്ന് എ ഐ ടി യു സി സർക്കാറിനെ ഓർമ്മപ്പെടുത്തുന്നു. 1984 ൽ കേരളത്തിൽ ഈ നികൃഷ്ട ജോലി അവസാനിപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും മലം തലയിൽ ചുമക്കുന്ന ജോലി ഇന്നും തുടരുന്നുണ്ട്. നിരവധി സമരങ്ങളുടെ ഫലമായാണ് തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചത്. അതൊന്നും ആരുടെയും ഔദാര്യമല്ലെന്നും സംഘടന വ്യക്തമാക്കുന്നു.