തിരുവനന്തപുരം: കൊറോണയുടെ അതിവ്യാപനത്തിൽ നിന്ന് തിരുവനന്തപുരത്തെ തീരമേഖലയെ രക്ഷിക്കാൻ പൊലീസ് നടത്തിയത് കണ്ണിമ ചിമ്മാത്ത പ്രവർത്തനം. കോവിഡ് തിരുവനന്തപുരത്ത് ഭീതിയുണർത്തുമ്പോഴും മുമ്പ് വിലയിരുത്തിയ ദുരന്തം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ ഇടപെടൽ ആണ് തിന് കാരണം. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഐ.പി.എസിന്റെ നേരിട്ടുള്ള ഇടപെടലാണ് കാര്യങ്ങൾ കടുകട്ടിയാക്കിയത്. ഓണാഘോഷ നാളുകളിൽ പതിവ് പോലെ തിരക്ക് വർദ്ധിക്കുമ്പോൽ എന്തെല്ലാം മുൻകരുതലുകൽ സ്വീകരിക്കണമെന്നും ഡിഐജി വ്യക്തമായി തന്നെ പൊലീസുകാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള ഡിഐജിയാണ് സഞ്ജയ് കുമാർ ഗുരുഡിൻ. എൻഐഎയിൽ അടക്കം പ്രവർത്തിച്ച മികവുള്ള ഗുരുഡിൻ അതിശക്തമായി തന്നെ ഇടപെടൽ നടത്തി. തിരുവനന്തപുരത്തെ റൂറൽ പൊലീസിനെ ചലിപ്പിച്ചു. ഈ മേഖലയിലെ തീരപ്രദേശത്ത് നിരീക്ഷണം കർശനമാക്കി. ഇതിന്റെ ഫലമാണ് ആശ്വാസത്തിനും പ്രതീക്ഷയ്ക്കും വക നൽകുന്നത്. കണ്ടെയ്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഡി.ഐ.ജി.നേരിട്ടെത്തി പരിശോധിച്ചുയ കോവിഡ് പ്രതിരോധ മേൽനോട്ടത്തിനായി പ്രത്യക സംഘത്തെ നിയോഗിച്ചു.

തിരുവനന്തപുരം റൂറൽ മേഖലയിലെ കണ്ടെയ്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ഡി.ഐ.ജി. നേരിട്ടെത്തി പരിശോധിക്കുകയും പാറശ്ശാല ,വെള്ളറട മേഖലകളിൽ കോവിഡ് പ്രതിരോധ നടപടികൾക്കായി ഡി.വൈ.എസ്‌പി റാങ്കിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതോടെ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാനായി.

നെയ്യാറ്റിൻകര സബ് ഡിവിഷനിലെ പാറശ്ശാല ,നെയ്യാറ്റിൻകര ,ബാലരാമപുരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തി. തീരമേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളാണ് ഇത്. അവിടെ മഹാമാരിയുടെ അതിവ്യാപനം തടയാനുമായി. ഡി.ഐ.ജി. ശ്രീ.സഞ്ജയ് കുമാർ ഗുരുഡിന്റെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ ഐ.പി.എസും സജീവമായി ഇടപെട്ടു.

കോവിഡ് വ്യാപനം തടയുന്നതിനായി പാറശ്ശാല മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ദിനരാജ് , വെള്ളറട മേഖലയിൽ ഡി.സി.ആർ.ബി ഡിവൈഎസ് പി വിജുകുമാർ എന്നിവരെ സ്‌പെഷ്യൽ ഓഫീസറന്മാരായി ഡി.ഐ.ജി ചുമതലപ്പെടുത്തി. നെയ്യാറ്റിൻകര സബ്ഡിവിഷനിൽ കോവിഡ് രോഗികളുമായി സമ്പർകത്തിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.

നെയ്യാറ്റിൻകര ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും നേരിട്ട് പരിശോധന നടത്തിയ ഡി.ഐ.ജി സാമൂഹിക അകലം, കോവിഡ് പ്രോട്ടോക്കോൾ തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. നെയ്യാറ്റിൻകരയിൽ വ്യാപാര പ്രതിനിധികളുമായി സഹകരിച്ച് നെയ്യാറ്റിൻകര പൊലീസ് നടപ്പിലാക്കുന്ന മാസ്‌കിന്റെയും സാനിടൈസറിന്റെയും വിതരണവും ഡി.ഐ.ജി നടത്തുകയുണ്ടായി. വ്യാപാര സ്ഥാപങ്ങളിലെ തിരക്ക് കുറക്കുന്നതിന് വേണ്ട ക്രമികരണങ്ങൾ നടപ്പിലാക്കുവാനും ഡി.ഐ.ജി നിർദ്ദേശിച്ചു.

കോവിഡ് രൂക്ഷമായ പാറശ്ശാല മേഖലയിൽ പരിശോധ നടത്തി കോണ്ടയ്‌ന്മെന്റ് സോണുകളിലെ ക്രമികരണങ്ങൾ വിലയിരുത്തി. തുടർന്ന് പാറശ്ശാല ഗ്രാമ പഞ്ചായത്ത് സന്ദർശിച്ച് ഡി.ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും പഞ്ചായത്ത് ജനപ്രതിനിധികളുമായി സംസാരിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.

ബാലരാമപുരത്തെ കൈത്തറി വസ്ത്രം നെയ്യുന്ന സ്ഥലങ്ങളിലെത്തി സുരക്ഷകൾ പാലിക്കണമെന്നാവശ്യപ്പെട്ട് സൗഹൃദ സംഭാഷണവും നടത്തി. പ്രദേശത്തെ വ്യാപാരികൾക്കും റോഡിൽ നിന്നവർക്കുമെല്ലാം സുരക്ഷ മുൻകരുതലുകളെ കുറിച്ചുള്ള കർശന നിർദ്ദേശങ്ങൾ നൽകിയാണ് മടങ്ങിയത്. ഈ മാതൃക മറ്റ് മേഖലകളിലും ആവർത്തിച്ചു.

കോവിഡ് പ്രതിരോധത്തിൽ പൊലീസിന്റെ പ്രവർത്തനത്തെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്നും നാട്ടുകാരോട് ചോദിച്ചറിഞ്ഞു. മാസ്‌ക് ധരിക്കുന്നതിനെയും സാനിറ്റേസർ ഉപയോഗിക്കുന്നതിനെ കുറിച്ചും റോഡിൽ നിന്നും ചെറിയ ക്ലാസെടുത്താണ് എല്ലായിടത്തു നിന്നും ഡിഐജി മടങ്ങിയത്. ഡിഐജി സുരക്ഷയെ കുറിച്ചെടുത്ത ബോധവൽകരണത്തിന് വ്യാപാരികളും നാട്ടുകാരും പ്രോത്സഹനവും പിന്തുണയും നൽകി.