മുംബൈ: രജപുത്ര റാണിയായ റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പത്മാവതിയിൽ ഐശ്വരാ റായിയും സൽമാൻ ഖാനും അഭിനയിക്കാത്തതിന്റെ കാര്യം വെളിപ്പെടുത്തി സഞ്ജയ് ലീല ബൻസാലി. ദേശീയ മാസികയക്ക് അനുവദിച്ച അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

മുൻകാമുകനായിരുന്ന സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ ഐശ്വര്യ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധന മുൻപോട്ട് വച്ചു. സൽമാൻ വില്ലനായ അലാദ്ദീൻ ഖിൽജിയുടെ വേഷം അവതരിപ്പിക്കണം. പക്ഷെ സൽമാൻ അത് സമ്മതിച്ചില്ല. വില്ലനാകാൻ സൽമാൻ തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് ഞാൻ ആ ശ്രമം ഉപേക്ഷിച്ചത്- ബൻസാലി പറഞ്ഞു.

രണ്ട് വർഷം മുൻപാണ് ഈ സംഭവം. തുടർന്ന് കുറച്ചുകൂടി കാലം ബൻസാലി പത്മാവതിക്ക് വേണ്ടി കാത്തിരുന്നു. ദീപിക പദുക്കോണിനെയും രൺവീർ സിംഗിനെയും നായികാ നായകന്മാരാക്കി രാംലീല, ബാജിറാവും മസ്താനി എന്നീ ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് പത്മാവതി ഒരുക്കുന്നത്.

ദീപിക റാണി പത്മാവതിയെ അവതരിപ്പിക്കുമ്പോൾ അലാവുദ്ദീൻ ഖിൽജിയായെത്തുന്നത് രൺവീറാണ്. ഷാഹിദ് കപൂറാണ് പത്മാവതിയുടെ ഭർത്താവ് റാവൽ രത്തൻ സിംഗായെത്തുന്നത്. ഈ വർഷം നവംബറിൽ ചിത്രം പുറത്തിറങ്ങും.