മുംബൈ: കോവിഡിനെതിരായ രാജ്യത്തെ പോരാട്ടം ഇന്ത്യ-പാക് യുദ്ധമല്ലെന്നും ആ പോരാട്ടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഏർപ്പെടുത്തരുതെന്ന മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഇതിനോടകം രാത്രികാല കർഫ്യൂവും വാരാന്ത ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു. എന്നാൽ രോഗവ്യാപനം തടയാൻ കുറേക്കൂടി ശക്തമായ നടപടികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ശനിയാഴ്ച സർവകക്ഷിയോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തിരുന്നു.

'ദേവേന്ദ്ര ഫഡ്നാവിസ് മുൻ മുഖ്യമന്ത്രിയാണ്. ജനങ്ങൾ ലോക്ഡൗൺ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ, നമുക്കതറിയാം. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മറ്റെന്ത് പരിഹാരമാണ് ഉള്ളത്? ഡൽഹിയിൽ ഇരുന്നുകൊണ്ട് പ്രകാശ് ജാവഡേക്കർ ഞങ്ങൾക്ക് പ്രഭാഷണം നൽകേണ്ടതില്ല. അദ്ദേഹം ഇവിടെ വന്ന് കാണണം. അദ്ദേഹത്തിനും സംസ്ഥാനവുമായി ബന്ധമുണ്ട്. ഇതാരും രാഷ്ട്രീയവത്കരിക്കാൻ പാടില്ല.' റാവത്ത് പറഞ്ഞു.

രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ റാവത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പശ്ചിമബംഗാളിലെ ബിജെപിയുടെ റാലികൾക്ക് ശേഷം ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കുമെന്നാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണം വേഗത്തിലാക്കുകയും വാക്സിൻ സ്റ്റോക്ക് വർധിപ്പിക്കുകയും ചെയ്യേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.