മുംബൈ: രാഷ്ടീയത്തിനപ്പുറം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം പുലർത്തുന്നുണ്ടെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. താക്കറെ കുടുംബവും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നൽകേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായി ജൂൺ എട്ടിന് ഉദ്ധവ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഇതേ തുടർന്ന് സംസ്ഥാനത്തെ സഖ്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കോൺഗ്രസ്-ശിവസേന നേതാക്കളുടെ പ്രസ്താവനകളും മുന്നണിയിലെ അസ്വസ്ഥത പ്രകടമാക്കുന്നതായിരുന്നു.

എന്നാൽ മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നൽകേണ്ടതില്ലെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. വെട്ടിക്കുറച്ച മറാഠ ക്വാട്ടയിൽ കേന്ദ്ര ഇടപെടൽ നടത്തുക എന്നതിലാണ് ഉദ്ധവ് താക്കറെ മുൻഗണന നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

'ഇരുവരും 40 മിനിറ്റ് മാത്രമാണ് സംസാരിച്ചത്. അത് ബിജെപിയുമായി തങ്ങൾ കൈകോർക്കാൻ പോകുന്നുവെന്ന ഊഹാപോഹത്തിന് ഇടയാക്കരുത്. ഞങ്ങളുടെ വഴികൾ വ്യത്യസ്തമാണ്. ബിജെപി പ്രതിപക്ഷത്തും ഞങ്ങൾ അധികാരത്തിലുമാണ്. അതേ സമയം തന്നെ ഞങ്ങൾക്ക് ഇപ്പോഴും ശക്തമായ വ്യക്തി ബന്ധങ്ങളുണ്ട്. താക്കറെ കുടുംബവും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാഷ്ട്രീയം വേറിട്ടതാകാമെങ്കിലും വ്യക്തിബന്ധങ്ങൾ ശക്തമാണ്' സഞ്ജയ് റാവത്ത് പറഞ്ഞു.

ശരത് പവാറിനെ നോക്കൂ. പവാർ കുടുംബവുമായി ഞങ്ങൾ എല്ലാ സമയത്തും ബന്ധം പുലർത്തുന്നുണ്ട്. ഞങ്ങൾ വ്യത്യസത മുന്നണികളിലായിരുന്നപ്പോഴും പരസ്പരം ബന്ധം പുലർത്തിയിരുന്നു. ഇതാണ് മഹാരാഷ്ട്രയുടെ പാരമ്പര്യം. തങ്ങൾ ബന്ധം നിലനിർത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.