- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശ്ചിമ ബംഗാളിലും പഞ്ചാബിലും ഫിലിംസിറ്റികളില്ലേ? തെന്നിന്ത്യൻ സിനിമാ വ്യവസായവുംശക്തം; അവിടെയും യോഗിജി ചർച്ച നടത്തുമോ എന്നും സഞ്ജയ് റാവത്ത്; ബോളിവുഡിനെ ഉത്തർപ്രദേശിലേക്ക് പറിച്ചുനടാൻ യോഗി ആദിത്യനാഥ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശിവസേനാ നേതാവ്
മുംബൈ: ബോളിവുഡിനെ ഉത്തർപ്രദേശിലേക്ക് പറിച്ചുനടാൻ യോഗി ആദിത്യനാഥ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. തെന്നിന്ത്യൻ സിനിമാ വ്യവസായവുംശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലും പഞ്ചാബിലും എല്ലാം ഫിലിം സിറ്റികൾ ഉണ്ടെന്നും അവിടെയും യുപി മുഖ്യമന്ത്രി പോയി ഇത്തരത്തിൽ ഇടപെടുമോ എന്നും അദ്ദേഹം ചോദിച്ചു.
‘മുംബൈയുടെ ഫിലിംസിറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റൽ അത്ര എളുപ്പമുള്ള കാര്യമല്ല. സൗത്ത് ഇന്ത്യൻ സിനിമാ വ്യവസായവും വലുതാണ്. പശ്ചിമ ബംഗാളിലും പഞ്ചാബിലും ഫിലിംസിറ്റികളില്ലേ? യോഗിജി അവിടെ ചെന്ന് സംവിധായകരോടും നടന്മാരോടും ചോദിക്കുമോ അതോ ഇത് മുംബൈക്ക് മാത്രം സംഭവിക്കാൻ പോകുന്നതാണോ?,' സഞ്ജയ് റാവത്ത് ചോദിച്ചു.
യോഗിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു. ചെറുകിട ബിസിനസ് ഗ്രൂപ്പായ ഐ.എം.സി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആരുടെയും പുരോഗതിയിൽ ഞങ്ങൾക്ക് യാതൊരു അസൂയയുമില്ല. ഞങ്ങളോടൊപ്പം മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നവരോട് വിരോധവും ഇല്ല. എന്നാൽ നമ്മുടെ സംസ്ഥാനത്ത് നിന്ന് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അനുവദിക്കില്ല, ഉദ്ദവ് പറഞ്ഞു.
ഇന്ന് ചില ആളുകൾ നിങ്ങളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവർ പറയും. എന്നാൽ അവർക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഈ ശക്തമായ സംസ്ഥാനം, ഇവിടുന്ന് പോകുന്നവരെ പൂർണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്, ഉദ്ദവ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബോളിവുഡ് നടൻ അക്ഷയ് കുമാറുമായി ചർച്ചചെയ്തതിന് പിന്നാലെയാണ് ശിവസേനാ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. യോഗിയുടെ മഹാരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് നടൻ അക്ഷയ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ഖൊരഖ്പൂർ എംപിയും മുതിർന്ന നടനുമായ രവി കിഷനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.
2018 ലെ ഫിലിം പോളിസി പ്രകാരം ചലച്ചിത്ര നിർമ്മാണമേഖലയ്ക്ക് ഊന്നൽ നൽകിയുള്ള വികസനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ബോളിവുഡ് ചിത്രങ്ങൾ യു.പിയിൽ കേന്ദ്രീകരിക്കുന്നതോടെ പ്രാദേശിക ഭാഷയിലെ അഭിനേതാക്കൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരവും വരുമാനമാർഗ്ഗവും ലഭിക്കും. യു.പിയിൽ ചിത്രീകരണം നടത്താൻ എല്ലാവിധ സൗകര്യങ്ങളും നിർമ്മാതാക്കൾക്കും സംവിധായകർക്കും ഒരുക്കും, യോഗി പറഞ്ഞു. മേക്ക് ഇൻ ഉത്തർപ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദർശനം. മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡിലെ മറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വാർത്തകളുണ്ടായിരുന്നു. യോഗിയുമായുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്തെത്തിയിരുന്നു. ഇവിടെ ഒരു ഇന്ത്യൻ സിനിമാ വ്യവസായം ആവശ്യമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
മറുനാടന് ഡെസ്ക്