നടന്മാർ സിനിമയിൽ അധികം ശാന്ത ശീലരായി കാണാറില്ല. എന്തിനോടും ഏതിനോടും ഞൊടിയിടയിൽ പ്രതികരിക്കുന്ന നായകന്മാർ സ്‌ക്രീനിൽ മിന്നിമറഞ്ഞു പോകുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണ് എന്ന് വിശ്വസിക്കുന്നത് ശരിയായി എന്ന് വരില്ല. അത്തരമൊരു വെളിപ്പെടുത്തലാണ് തമിഴ് സിനിമയുടെ സ്വന്തം ഇളയദളപതിയെക്കുറിച്ച് പുറത്ത് വരുന്നത്. ടെലിവിഷൻ അവതാരകനും വിജയ് യുടെ ഉറ്റ സുഹൃത്തുമായ സഞ്ജീവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പൊതുവേ ശാന്ത സ്വഭാവക്കാരനാണ് വിജയ്. ആരോടും അധികം ദേഷ്യപ്പെടുന്ന പ്രകൃതമല്ല. എന്നാൽ ഒരിക്കൽ താൻ വിജയ്‌യെ വല്ലാതെ പ്രകോപിപ്പിച്ചുവെന്നും അത് വലിയ പിണക്കത്തിലാണ് അവസാനിച്ചതെന്നും സഞ്ജീവ് തുറന്ന് പറയുന്നു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജീവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'വഴക്കിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് പറയാൻ സാധിക്കില്ല. പക്ഷേ അന്നു നടന്ന സംഭവം പറയാം. ഞാനും വിജയ്യും സുഹൃത്തുക്കളും ഒരിക്കൽ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയിൽ ഞങ്ങൾ രണ്ടുപേരും തമ്മിൽ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോൾ കളി കാര്യമായി. വിജയ്‌യെ പൂർണമായി മനസ്സിലാക്കാതെ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്.

'എന്റെ ചില വാക്കുകൾ പരിധി കടന്നപ്പോൾ വിജയ് മേശയിൽ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. സാധാരണ വിജയ് ദേഷ്യപ്പെട്ടാൽ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.'

'ഞാനായിരുന്നു ആ തെറ്റ് ചെയ്തത്. പിന്നീട് അതു മനസ്സിലാക്കിയപ്പോൾ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തിൽ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കൽ ഒരു പൊതുവേദിയിൽ ഞാൻ ഈ കാര്യം പറയുകയും വിജയ്യോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലർത്താൻ കഴിയില്ലെന്ന് എനിക്ക് അറിയാം' സഞ്ജീവ് പറഞ്ഞു.

വിജയ്‌യുടെ തുടക്കാകാലത്തെ മറക്കാനാകാത്തൊരു സംഭവം കൂടി സഞ്ജീവ് പറയുകയുണ്ടായി. 'വിജയ്യുടെ അച്ഛൻ സംവിധാനം ചെയ്ത നാളയ തീർപു എന്ന ചിത്രത്തിലൂടെയാണ് 1992ൽ അദ്ദേഹം തമിഴകത്തേക്ക് ചുവടുവെയ്ക്കുന്നത്. വിജയ്യ്ക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ഒരു പ്രമുഖ തമിഴ് മാസിക അന്ന് വിജയ്യുടെ അഭിനയവും സൗന്ദര്യവും വിമർശിച്ച് എഴുതുകയുണ്ടായി'.

'ആ മാസിക വായിച്ചപ്പോൾ വിജയ് ഒരുപാട് വിഷമിച്ചു. ആ രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞു. അതൊരു ക്രിസ്മസ്, ന്യൂഇയർ ദിവസത്തിലാണെന്നാണ് എന്റെ ഓർമ. 20 വയസ്സു പ്രായമുള്ള ഒരാളെ ഇതുപോലെ വിമർശിക്കുമ്പോൾ ആരാണെങ്കിലും തളർന്നുപോകും. എന്നാൽ ഇന്ന് വിമർശനങ്ങളെ വിജയ് നേരിടുന്നത് നേരെ തിരിച്ചാണ്. പക്ഷേ ആ സംഭവം അദ്ദേഹത്തിൽ നിരവധി തിരിച്ചറിവുകളുണ്ടാക്കി. അതേ മാസിക തന്നെ വർഷങ്ങൾക്കുള്ളിൽ വിജയ്യെ പ്രകീർത്തിച്ച് കവർ‌സ്റ്റോറി തന്നെ എഴുതി.'-സഞ്ജീവ് പറഞ്ഞു.