മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്. അതീവ രഹസ്യമായാണ് അറസ്റ്റ്. കേസിൽ ആരേയും അറസ്റ്റ് ചെയ്യാത്തത് വിവാദമായിരുന്നു.

മുണ്ടക്കയം ടൗണിലെ ബേക്കറിയിൽ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈർ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് രണ്ടു യുവാക്കളെ ശനിയാഴ്ച രാത്രി ഏഴരയോടെ പാലക്കാട് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എത് കേസിലാണ് അറസ്റ്റ് എന്നും കൂടെയുണ്ടായിരുന്ന യുവാക്കൾ ആരായിരുന്നുവെന്നും പ്രാദേശികമായി പൊലീസിനും അറിവില്ലായിരുന്നു.

മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നുത് അതിക്രൂരമായാണ്.. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചിരുന്നു.

നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സഞ്ജിത്തിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ് പ്രതികരിച്ചു. സംഭവം രാഷ്ട്രീയ കൊലപാതകമാണ്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.