പാലക്കാട്: ആർഎസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അതിവേഗ ഇടപെടലുമായി പൊലീസ്. സിബിഐ അന്വേഷണമോ എൻഐഎ അന്വേഷണമോ ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതിയിൽ എത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇത്. പ്രതികളെ എല്ലാം പിടികൂടിയെന്ന് വരുത്താനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം അറസ്റ്റിലായതു സൂത്രധാരൻ കൂടിയായ ഡ്രൈവർ എന്നു പൊലീസ് വിശദീകരിച്ചിട്ടുണ്ട്.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെ കാറിൽ സംഭവസ്ഥലത്ത് എത്തിച്ചത് അറസ്റ്റിലായ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ പ്രതിയുമായി കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രത്തും തത്തമംഗലം പള്ളിമുക്കിനു സമീപത്തുള്ള ഡ്രൈവിങ് സ്‌കൂൾ ഗ്രൗണ്ട് പരിസരത്തും ആയുധം ഉപേക്ഷിച്ച കണ്ണനൂർ ദേശീയപാത സർവീസ് റോഡിലും തെളിവെടുപ്പു നടത്തി. ഇയാൾ ഉൾപ്പെടെ 5 പേരാണു സംഘത്തിലുണ്ടായിരുന്നത്.

കൊല നടത്തിയ രീതിയും ആയുധം ഉപേക്ഷിച്ച വിധവും പ്രതി അന്വേഷണസംഘത്തിനു വിവരിച്ചു നൽകി. കൊലപാതകത്തിൽ 5 പേരാണു നേരിട്ടു പങ്കെടുത്തതെങ്കിലും ഗൂഢാലോചനയിലടക്കം കൂടുതൽ പേർക്കു പങ്കുണ്ടെന്നാണു സൂചന. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർഫ്രണ്ട് നേതാവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെയാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ പ്രതി റിമാൻഡിലാണ്.

കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇയാൾ. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. അതേസമയം ഇന്നലെ രാത്രി ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ പ്രതിയുടെ പേരു വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളിൽ ഒരാളാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. കുറ്റകൃത്യത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. അക്രമികൾ വന്ന കാർ ഓടിച്ചിരുന്ന ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും പൊലീസ് പറയുന്നു. സംഘത്തിലെ മറ്റു രണ്ടുപേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ മാരുതി 800 കാറിൽ പാലക്കാട് തൃശൂർ ദേശീയ പാതയിലേക്ക് രക്ഷപ്പെട്ടു. കുഴൽമന്ദത്തുവച്ച് കാർ കേടായി. വർക്ക്ഷോപ്പിൽ പോയെങ്കിലും പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് ഇവിടെനിന്ന് സംഘം പലവഴിക്ക് പിരിഞ്ഞു.

പ്രതികൾ കാർ നേരത്തെ വാങ്ങിയിരുന്നു. സൂക്ഷിച്ചത് വടക്കഞ്ചേരി അണയ്ക്കപ്പാറയിലെ ഒരു വീട്ടിലാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സ്വദേശമായ എലപ്പുള്ളി എടുപ്പുകുളം മേഖലയിൽ സഞ്ജിത്ത് അതീവ സുരക്ഷിതനെന്ന് മനസിലാക്കി കൊലയ്ക്കായി ഭാര്യയുടെ വീടിന് സമീപം തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടുമാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടപ്പാക്കിയത്. രണ്ടാഴ്ചയിലധികം സഞ്ജിത്തിനെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകി.