പാലക്കാട്: ആർഎസ്എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം കൂടുതൽ വ്യക്തം. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായതോടെയാണ് ഇത്. നേരത്തേ അറസ്റ്റിലായ പ്രധാന പ്രതികളിൽ 2 പേരുടെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടു.

ഒറ്റപ്പാലം ചുനങ്ങാട് മനക്കൽ ഹൗസിൽ നിഷാദ് (നിസാർ 37) ആണ് ഇന്നലെ അറസ്റ്റിലായത്. ഗൂഢാലോചന നടത്തിയതും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യൂണിറ്റ് പ്രസിഡന്റ് ആയ നിഷാദ് ആണെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. പൊലീസും പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥിരീകരിക്കുകയാണ് ഇപ്പോൾ.

കേസിലെ മുഖ്യപ്രതിയും സൂത്രധാരനും പ്രതികളെത്തിയ വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദുൽ സലാം (30), കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിമേട് ജാഫർ സാദിഖ് (31) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നെങ്കിലും തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളായ ഇരുവരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ്.

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിസാറാണ് കൊലപാതകത്തിന് ശേഷം അഞ്ചംഗ സംഘത്തിന് ഒളിവിൽ കഴിയാനും രക്ഷപ്പെടാനും സഹായിച്ചത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അബ്ദുൾ സലാമാണ് കേസിലെ ഒന്നാം പ്രതി. കൊലപാതക സംഘത്തിന്റെ വാഹനം ഓടിച്ചത് ഇയാളാണ്. സഞ്ജിത്തിനെ വെട്ടിയ ഒരാൾ ജാഫറാണ്. കേസിൽ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസത്തിന് ശേഷമാണ് പൊലീസ് വിവരങ്ങൾ പുറത്തുവിടുന്നത്. സർക്കാരിനെയും പോപ്പുലർ ഫ്രണ്ടിനെയും സഹായിക്കാനുള്ള പൊലീസിന്റെ ഗൂഢനീക്കങ്ങളാണിത് എന്ന ആരോപണങ്ങൾ ശക്തമാണ്. നവംബർ 15 ന് രാവിലെ 8.45 നായിരുന്നു മലമ്പുഴ മമ്പറത്ത് വച്ച് സഞ്ജിത്തുകൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണ് കൊലപാതകം നടന്നത്.

ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് സഞ്ജിത്തിന്റെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ചാണ് എസ്ഡിപിഐ ഗുണ്ടകൾ വടിവാളുമായി ആക്രമിച്ചത്. തുടർന്ന് ഇവർ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.