പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. വെള്ളനിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഉള്ളിലുള്ളവരെ തിരിച്ചറിയാതിരിക്കാനായി ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ട്.

കാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈ എസ് പിയായ പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചും വിവരം അറിയിക്കാം. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു.

കൊലപാതകം നടന്ന നാല് ദിവസങ്ങൾ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. പാലക്കാട് ഡിവൈഎസ്‌പി ഹരിദാസ് , ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പാലക്കാട് എസ്‌പി ആർ വിശ്വനാഥ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഘത്തിൽ ആറ് സിഐമാർ ഉൾപ്പെടെ 34 പേരാണ് ഉള്ളത്. ഉത്തരമേഖല എഡിജിപി വിജയ് സാഖറേയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന ആക്ഷേപം നിലനിൽക്കുന്ന സാചര്യത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്ന നടപടി തുടരുകയാണ്. അതിനിടെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരൻ സന്ദർശിക്കും. വെള്ളിയാഴ്ച അദ്ദേഹം മലമ്പുഴയിൽ എത്തുമെന്നാണ് വിവരം.