- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ 2022 സീസണിലെ പോരാട്ടത്തോട് അനുബന്ധമായി തയ്യാറാക്കിയ വിഡിയോ ഐപിഎൽ സീസണിന്റെ ആദ്യ ദിവസംതന്നെ കണ്ടു; അതിൽ ഒരു പിങ്ക് ജഴ്സി പോലും കണ്ടില്ലല്ലോ എന്നു ആശ്ചര്യപ്പെട്ടു; കലാശപോരിൽ തോറ്റെങ്കിലും ചാരുലതയ്ക്ക് സഞ്ജു നൽകിയത് ചരിത്രം; രാജസ്ഥാൻ റോയൽസ് തല ഉയർത്തി മടങ്ങുമ്പോൾ; ഐപിഎല്ലിലെ 'കൂൾ ക്യാപ്ടനായി' സഞ്ജു
അഹമ്മദാബാദ്: ഫൈനലിൽ ടോസ് നേടിയിട്ടും സഞ്ജു വി സാംസൺ ജയിച്ചില്ല. ഐപിഎല്ലിന്റെ ഫൈനലിൽ അവർ വീണു. ഗുജറാത്ത് ടൈറ്റൻസ് കപ്പുയർത്തി. അപ്പോഴും മലയാളിയുടെ ടീം ഈ ഐപിഎല്ലിൽ നടത്തിയ സ്വപ്ന തുല്യമായ മുന്നേറ്റമാണ്. സഞ്ജുവായിരുന്നു മധ്യനിരയിൽ ടീമിന്റെ കരുത്ത്. ആ മികവിന് ശോഭിക്കാനായില്ല. ഇതാണ് രാജസ്ഥാനെ തളർത്തിയത്. അപ്പോഴും സ്ഥിരതയ്യാർന്ന പ്രകടനത്തിലൂട വിമർശകർക്ക് മറുപടി നൽകി സഞ്ജു. ഇതിനൊപ്പം സഞ്ജുവിന്റെ ഭാര്യയുടെ ഇൻസ്റ്റാഗ്രാം ട്രോളും ചർച്ചയാവുകയാണ്.
അതേ സമയം സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായതിന് ശേഷമുള്ള രണ്ടാം ഐപിഎൽ സീസണായിരുന്നു ഇത്തവണത്തേത്. ക്യാപ്റ്റൻസിയിലും, ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ച് ഈ സീസൺ അവിസ്മരണീയമാക്കാൻ മലയാളി താരത്തിന് കഴിഞ്ഞു. ഇക്കുറി ആകെ 17 മത്സരങ്ങളിൽ കളിച്ച സഞ്ജു 146.79 പ്രഹരശേഷിയിൽ 458 റൺസാണ് സ്കോർ ചെയ്തത്. സീസണിലെ ഉയർന്ന റൺ വേട്ടക്കാരിൽ ഒൻപതാം സ്ഥാനത്തും റോയൽസ് നായകനുണ്ട്.
2022 ഐപിഎൽ മെഗാ താരലേലത്തിൽ സൂപ്പർ താരങ്ങളെ കൂട്ടത്തോടെ സ്വന്തമാക്കിയതോടെ രാജസ്ഥാൻ റോയൽസിനെ കടലാസിലെ കരുത്തരായി ക്രിക്കറ്റ് വിദഗ്ദ്ധർ വിധിയെഴുതിയിരുന്നു. എന്നാൽ ഐപിഎല്ലിലെ മോശം റെക്കോർഡ് കാരണം, ടൂർണമെന്റിലെ ഫേവറിറ്റുകളായി രാജസ്ഥാനെ ഔദ്യോഗിക പ്രക്ഷേപകർ അപ്പോഴും കണക്കിലെടുത്തിരുന്നില്ല. ഈ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് ടൂർണമെന്റിന്റെ ഔദ്യോഗിക പ്രക്ഷേപകർ തയാറാക്കിയ ആനിമേറ്റഡ് പ്രമോഷനൽ സീരിസിൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്കു പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇത്തരത്തിലൊരു ടീമാണ് കലാശപോരാട്ടം വരെ കുതിപ്പ് തുടർന്നത്.
അതും താരതമ്യേനെ ശക്തരല്ലെന്ന് തോന്നുന്ന ലൈനപ്പുമായി. ഇവിടെ മികച്ച് നിന്നത് സഞ്ജുവിന്റെ ക്യാപടൻ മികവാണ്. ടീമിനെ ഫൈനൽ വരെ നന്നായി തന്നെ നയിച്ചു. എന്നാൽ കലാശപോരാട്ടത്തിൽ അഹമ്മദാബാദ് കാണികളുടെ ആവേശത്തിൽ ഗുജറാത്ത് കപ്പുയർത്തി. രോഹിത് ശർമ, മഹേന്ദ്ര സിങ് ധോണി എന്നിവർക്കു കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ ചിത്രീകരിച്ചിരുന്ന പ്രെമോഷൻ വിഡിയോയിൽ രാജസ്ഥാൻ ഒഴികെയുള്ള മറ്റെല്ലാ ഫ്രാഞ്ചൈസികൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു താനും!
എന്നാൽ ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനൊപ്പം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ ഇടംപിടിതിനു പിന്നാലെ പഴയ പ്രമോഷനൽ വിഡിയോയിൽനിന്നു രാജസ്ഥാനെ ഒഴിവാക്കിയതിതിരെ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത ഇൻസ്റ്റഗ്രാമിൽ കുറിപ്പുമായെത്തി. ആനിമേഷൻ വിഡിയോയുടെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. 'ഐപിഎൽ 2022 സീസണിലെ പോരാട്ടത്തോട് അനുബന്ധമായി തയ്യാറാക്കിയ ഈ വിഡിയോ ഐപിഎൽ സീസണിന്റെ ആദ്യ ദിവസംതന്നെ കണ്ടു. എന്നാൽ അതിൽ ഒരു പിങ്ക് ജഴ്സി പോലും കണ്ടില്ലല്ലോ എന്നു ഞാൻ ആശ്ചര്യപ്പെടുകയും ചെയ്തു.'
തൊട്ടടുത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ചിത്രം പങ്കുവച്ച ചാരുലത ഇങ്ങനെയും കുറിച്ചു. 'ഒടുവിൽ ഫൈനലിലെത്തി. കടപ്പെട്ടിരിക്കുന്നു'. ഐപിഎൽ ഫൈനലിനു തൊട്ടുമുൻപായി ചാരുപങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി. എന്നാൽ ചാരുലതയ്ക്കും ഫൈനൽ നിരാശയാണ് നൽകിയത്. പക്ഷേ ആ തോൽവി കൊണ്ടൊന്നും ഏവരും എഴുതി തള്ളിയ രാജസ്ഥന്റെ മുന്നേറ്റ ചരിത്രം അപ്രസക്തമാകില്ല. ഇതു തന്നെയാണ് ചാരുലതയുടെ സ്റ്റോറിയെ കലാശപോരിന് ശേഷവും ശ്രദ്ധേയമാക്കുന്നത്.
ചരിത്രം കുറിക്കാൻ തന്നെയാണ് സഞ്ജു ഐപിഎല്ലിന്റെ കലാശപ്പോരിൽ കളിക്കാനിറങ്ങിയത്. ഐപിഎൽ ടീമിന്റെ നായകനായ ഒരേയോരു കേരളതാരമാണ് സഞ്ജു. അതിനാൽ ഐപിഎല്ലിൽ കിരീടം നേടുന്ന മലയാളി ക്യാപ്റ്റൻ എന്ന അപൂർവബഹുമതി സ്വന്തമാകുമായിരുന്നു സഞ്ജുവിന്. പക്ഷേ അഹമ്മദാബാദിൽ രാജസ്ഥാൻ സമ്പൂർണമായി തകർന്നടിഞ്ഞു. ഒന്നു പൊരുതാൻ പോലുമാകാതെ അവർ കീഴടങ്ങി. മക്കോയിയുടെ പന്തിനെ ശുഭ്മാൻ ഗിൽ അതിർത്തികടത്തുമ്പോൾ രണ്ടാം കിരീടമെന്ന മോഹവും പൊലീഞ്ഞു.
രാജകീയമായിരുന്നു ഐപിഎല്ലിലെ രാജസ്ഥാന്റെ വരവ്. 2008-ലെ പ്രഥമ ഐപിഎല്ലിൽ തന്നെ ചാമ്പ്യന്മാരായി. അന്ന് മുംബൈയിൽ നടന്ന ഫൈനലിൽ ചെന്നൈയെ മൂന്ന് വിക്കറ്റിനാണ് തോൽപ്പിച്ചത്. 164 റൺസ് പിന്തുടർന്ന് വിജയിക്കുമ്പോൾ ക്യാപ്റ്റൻ ഷെയ്ൻ വോണും സൊഹൈൽ തൻവീറുമാണ് ക്രീസിലുണ്ടായിരുന്നത്. 14 വർഷത്തിന് ശേഷമാണ് രാജസ്ഥാൻ വീണ്ടും ഐപിഎല്ലിന്റെ ഫൈനലിലെത്തുന്നത്.
സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് വീഴ്ത്തിയാണ് ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽത്തന്നെ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടിയത്. ഫൈനലിൽ കാലിടറിയെങ്കിലും തല ഉയർത്തിത്തന്നെ രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണും മടങ്ങാം. 2008 ലെ ആദ്യ ഐപിഎല്ലിന് ശേഷം ഇതാദ്യമായി ഫൈനലിലെത്തിയ റോയൽസ്, ആരാധകരുടെ ഓർമ്മയിൽ തങ്ങി നിൽക്കാൻ പോകുന്ന ഒരുപറ്റം മികച്ച പ്രകടനങ്ങൾ ഈ സീസണിൽ കാഴ്ച വെച്ചു.
ഫൈനൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഏറെ കൂളായാണ് സഞ്ജു സാംസൺ സംസാരിച്ചത്. രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ സീസണായിരുന്നു ഇത്തവണത്തേതെന്ന് പറഞ്ഞ സഞ്ജു ഈ ടീമിനെ ഓർത്ത് ഒത്തിരി അഭിമാനം കൊള്ളുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായ തനിക്ക് മോശമല്ലാത്ത ഒരു സീസണായിരുന്നു 2022 ലേതെന്നും പറഞ്ഞ സഞ്ജു അല്പം വ്യത്യസ്തമായ റോളായിരുന്നു ഇക്കുറി തനിക്ക് വഹിക്കാനുണ്ടായിരുന്നതെന്നും വ്യക്തമാക്കി.
'ഈ സീസൺ ഞങ്ങൾക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. നല്ല ക്രിക്കറ്റ് കളിക്കാനും, ആരാധകർക്ക് ചില സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. എല്ലാ യുവ താരങ്ങളും സീനിയർ താരങ്ങളും ഒരു ടീമെന്ന നിലയിൽ വളരെ നന്നായി കളിച്ചു. ഞാൻ എന്റെ ടീമിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ക്വാളിറ്റി ബോളർമാർ ടൂർണമെന്റ് വിജയിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഞങ്ങൾ അവരിൽ ഇൻവെസ്റ്റ് ചെയ്തു.'
' ജോസ് 20 ഓവറുകൾ ഉടനീളം കളിച്ചതിനാൽ എന്റെ റോൾ ഇക്കുറി അല്പം വ്യത്യസ്തമായിരുന്നു. എന്നെ സംബന്ധിച്ച് മോശമല്ലാത്ത ഒരു സീസണായിരുന്നു ഇത്. മികച്ച ചില 30 കളും, 40 കളും, 20 കളും സംഭവിച്ചു. എന്നാൽ ഒരുപാട് കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് വലിയ അഭിനന്ദനങ്ങൾ.' സഞ്ജു പറഞ്ഞു നിർത്തി.
മറുനാടന് മലയാളി ബ്യൂറോ