- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ നടന്ന അരുംകൊലയിൽ നടുങ്ങി മമ്പ്രം; ബൈക്കിൽ നിന്നും സഞ്ജിത്തിനെ വലിച്ചു പുറത്തിട്ട തലങ്ങും വിലങ്ങും വെട്ടി; അലറിക്കരഞ്ഞ് ഭാര്യ; എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രൻ; എസ്ഡിപിഐയുടെ പേരു പറയാൻ പൊലീസ് മടിക്കുന്നു; ജനങ്ങളെ ഉപയോഗിച്ച് ചെറുക്കുമെന്നും ബിജെപി അധ്യക്ഷൻ
പാലക്കാട്: പട്ടാപ്പകൽ റോഡിൽ നടന്ന അരുംകൊലയുടെ നടുക്കത്തിലാണ് മമ്പ്രം ഗ്രാമം. എലപ്പുള്ളി സ്വദേശി സഞ്ജിത് എന്ന ആർഎസ്എസ് പ്രവർത്തകനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന കൊലപാതകത്തിൽ ബിജെപി പഴിക്കുന്നത് എസ്ഡിപിഐയെയാണ്. എലപ്പുള്ളിയിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്ത്. കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഭർത്താവിനെ വെട്ടുന്നത് കണ്ട് ഭാര്യ അലറിക്കരഞ്ഞു. ശബ്ദം കേട്ട് ആളുകൾ എത്തിയെങ്കിലും അക്രമികൾ ഉടൻ തന്നെ കടന്നു കളയുകയും ചെയ്തു. നാല് പേരാണ് കൊലയാളി സംഘത്തിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണ് എന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഎമ്മും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു.
പത്തു ദിവസത്തിനുള്ളിൽ രണ്ട് ആർഎസ്്എസ് പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും കെ. സുരേന്ദ്രൻ.എസ്ഡിപിഐ്ക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കൊലപാതകങ്ങളിൽ എസ്ഡിപിഐയുടെ പേരു പറയാൻ പോലും പൊലീസ് മടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ആർഎസ്എസ് മണ്ഡൽ ഭൗതിക് പ്രമുഖാണ് സഞ്ജിത്ത്. നിക്ഷപക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർഎസ്എസ് - എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് എസ് ഡി പി ഐ പ്രവർത്തകൻ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ കൊലപാതകവുമെന്നാണ് വിവരം. സഞ്ജിതിനെതിരെ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് ടൗൺ പൊലീസും കസബ പൊലീസും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ