ബോളിവുഡിന്റെ വിവാദനായകൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ 'സഞ്ജു' ട്രെയിലർ പുറത്ത്. രൺബീർ കപൂർ സഞ്ജയ് ദത്തായി പകർന്നാടുന്ന കാഴ്ചയാണ് ട്രെയിലറിൽ കാണാൻ കഴിയുക.

രൺബീർ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാനആകർഷണം. ഒറ്റ നോട്ടത്തിൽ തന്നെ സഞ്ജയ് ദത്താണ് എന്നേ രൺബീറിന്റെ കണ്ടാൽ തോന്നൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രൺബീർ നടത്തിയിരിക്കുന്നത്.

ആറ് വ്യത്യസ്ത വേഷങ്ങളിലാണ് രൺബീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതൽ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ രൺബീറിലൂടെ ഓർമിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു. മയക്കുമരുന്നിന് അടിമയായതും ജയിലിൽ പൊലീസുകാർക്ക് മുന്നിൽ നഗ്‌നനാകേണ്ടി വന്നതും തുടങ്ങി സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയിൽ പുനരവതരിപ്പിക്കുകയാണ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

പരേഷ് റാവൽ, ദിയ മിർസ, സോനം കപൂർ, അനുഷ്‌ക ശർമ്മ, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനിയാണ് സഞ്ജു ഒരുക്കുന്നത്. അഭിജിത്ത് ജോഷിയുടെ തിരക്കഥയിൽ വിധു വിനോദ് ചോപ്ര നിർമ്മിക്കുന്ന ചിത്രം ജൂൺ 29ന് തിയേറ്ററുകളിലെത്തും.