- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചിരുന്നു'; പിന്നിട്ട നാളുകളെക്കുറിച്ച് സഞ്ജു സാംസൺ

മുംബൈ: ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ച നാൾ മുതൽ ചില അവിസ്മരണീയ ഇന്നിങ്സുകൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് മലയാളി താരം സഞ്ജു സാംസൺ. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ ആരാധകരുടെ കൈയടി നേടിയിട്ടുള്ള താരം ഒന്നിലധികം സെഞ്ച്വറികളും ഐപിഎല്ലിൽ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനം അടക്കം കണക്കിലെടുത്തായിരുന്നു ദേശീയ ടീമിൽ അവസരം നൽകാൻ ഇന്ത്യൻ ടീം സെലക്ടർമാർ തയ്യാറായതും.
ഐ.പി.എൽ നിലവിലെ സീസണിൽ പ്ലേ ഓഫ് ബർത്ത് സാധ്യത നിലനിർത്തിയാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് മുന്നേറുന്നത്. രണ്ട് ജയം മാത്രം അകലെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ തുടർച്ചയായ രണ്ട് മത്സരങ്ങൾ രാജസ്ഥാൻ പരാജയപ്പെടുമ്പോൾ ഒരു ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും സഞ്ജു തന്റെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരം മാത്രം മതി സഞ്ജുവിന്റെ ക്യാപ്റ്റൻസിയും ബാറ്റിംഗും എത്രത്തോളം ഡിപ്പൻഡബിളാണ് അടിവരയിടാൻ.ഇപ്പോഴിതാ, ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ചും കളിയിലെ തന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻ ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
'എനിക്ക് പത്തൊൻപതോ ഇരുപതോ വയസുള്ളപ്പോഴാണ് ഞാൻ അരങ്ങേറ്റം കുറിച്ചത്. 25 വയസുള്ളപ്പോൾ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലെ ആ അഞ്ച് വർഷമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ വർഷങ്ങൾ. കേരളാ ടീമിൽ നിന്നുപോലും പുറത്താക്കപ്പെട്ടു.
തിരിച്ചുവരാൻ സാധിക്കുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു. ആ അഞ്ച് വർഷങ്ങളിൽ ഞാൻ പെട്ടന്ന് തന്നെ ഔട്ടാകുമായിരുന്നു. അത്തരത്തിൽ ഒരിക്കൽ ഞാൻ പെട്ടന്ന് തന്നെ പുറത്തായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിയുകയും സ്റ്റേഡിയം വിട്ടുപോവുകും ചെയ്തിരുന്നു. കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്റ്റേഡിയം വിട്ടു പോയത്. ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുപോലും ഞാൻ ചിന്തിച്ചിരുന്നു.
ഞാൻ മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന് ഒരുപാട് ചിന്തിച്ചു. രണ്ടോ നാലോ മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഞാൻ മടങ്ങിയത്. അപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഞാൻ എന്റെ ബാറ്റ് എടുത്ത് നോക്കിയപ്പോൾ അത് പൊട്ടിയിരുന്നു എനിക്ക് ഏറെ സങ്കടമായി,' സഞ്ജു പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ കൊൽക്കത്തയോട് പരാജയപ്പെട്ടിരുന്നു. 7 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. ക്യാപ്റ്റൻ സഞ്ജുവിന്റെ ഇന്നിങ്സിന്റെ ബലത്തിൽ കെട്ടിപ്പൊക്കിയ 152 റൺസായിരുന്നു എതിരാളികൾക്ക് മുന്നിൽ ടാർഗറ്റ് വെച്ചത്. എന്നാൽ 19.1 ഓവറിൽ കെ.കെ.ആർ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരത്തിനൊത്തുയരുന്ന കളിക്കാരനാണെന്നും, ടീമിന് ആവശ്യമുള്ളപ്പോൾ രക്ഷകന്റെ റോളിലും എത്താൻ തനിക്ക് സാധിക്കും എന്ന് വിളിച്ചുപറയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മെയ് ഏഴിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികൾ.
ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. ശ്രേയസ് അയ്യരിന്റെ ക്യാച്ചിൽ ബൗൾ ചെയ്ത ട്രെന്റ് ബോൾട്ടിന് പോലും ഉറപ്പില്ലാതിരിക്കുകയും അമ്പയർ നോട്ടൗട്ട് വിളിച്ച ഉടൻ തന്നെ ഡി.ആർ.എസ് എടുക്കുകയും വിധി രാജസ്ഥാന് അനുകൂലമാക്കുകയും ചെയ്താണ് സഞ്ജു ക്യാപ്റ്റനാവാൻ യോഗ്യനാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്.
കഴിഞ്ഞ സീസണുകളിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരുന്നത്. 2018 ൽ ആർസിബിക്കെതിരെ സഞ്ജു ഗംഭീരമായ ഒരു ഇന്നിങ്സ് രാജസ്ഥാൻ റോയൽസിനുവേണ്ടി കാഴ്ചവെച്ചിരുന്നു. 45 പന്തിൽ 92 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആ വർഷമാണ് റോയൽസ് രണ്ടു വർഷത്തെ വിലക്കിനുശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയത്. സീസണിലെ പതിനൊന്നാം മത്സരം സഞ്ജു തന്റെ പേരിലാക്കി. വിരാട് കോഹ്ലി ക്യാപ്റ്റനായ ആർസിബിക്കെതിരെ 217 റൺസ് പടുത്തുയർത്തുകയും ചെയ്തു. 10 സിക്സറുകൾ അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. കളിയിൽ ആർസിബി 19 റൺസിന് തോറ്റു.
2020ൽ പഞ്ചാബ് കിങ്സിനെതിരെയായിരുന്നു സഞ്ജുവിന്റെ മറ്റൊരു ഉജ്വല ഇന്നിങ്സ്. കോവിഡ് 19നെ തുടർന്ന് യുഎഇയിലേക്ക് മാറ്റിയ ടൂർണമെന്റിൽ സഞ്ജു 42 പന്തിൽ 85 റൺസടിച്ചു. ആ സീസണിലെ 9-ാം മത്സരത്തിൽ സഞ്ജു വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. പഞ്ചാബിന്റെ 224 റൺസ് പിന്തുടർന്ന റോയൽസ് സഞ്ജുവിന്റെ ഇന്നിങ്സിന്റെ പിൻബലത്തിൽ സ്‌കോർ മറികടന്ന് വിജയം സ്വന്തമാക്കി. രാഹുൽ തെവാതിയയും ജോഫ്ര ആർച്ചറുമാണ് അവസാന ഓവറുകളിൽ അവിശ്വസനീയ ജയം ടീമിന് സമ്മാനിച്ചത്.
2021ൽ പഞ്ചാബിനെതിരെ മറ്റൊരു തകർപ്പൻ ഇന്നിങ്സ് കൂടി സഞ്ജു പുറത്തെടുത്തു. 63 പന്തിൽ 119 റൺസാണ് താരം നേടിയത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, ക്രിസ് ഗെയ്ൽ തുടങ്ങിയവരുടെ ബാറ്റിങ്ങിലൂടെ പഞ്ചാബ് 220 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 7 സിക്സർ ഉൾപ്പെടെ തട്ടുതകർപ്പൻ ഇന്നിങ്സ് കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ, കളിയിൽ റോയൽസ് 4 റൺസിന് തോൽക്കുകയായിരുന്നു. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്.


