- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ടീമിലെ മെയിൻ ബാറ്റർ..'; തന്റെ റോൾ സഞ്ജു കൂടുതൽ മനസ്സിലാക്കിയ സീസണെന്ന് സംഗക്കാര; രാജസ്ഥാന് വേണ്ടി കിരീടം നേടുക എന്നത് ഭയങ്കര ഇഷ്ടമാണെനിക്ക്... എന്ന് സഞ്ജുവും; ടീമിന്റെ നേട്ടത്തിനായി സ്വയം സമർപ്പിച്ച 'കൂൾ' ക്യാപ്റ്റനെന്ന് ആരാധകരും; കാത്തിരിക്കുന്നത് സ്വപ്ന കിരീടം
അഹമ്മദബാദ്: ഐപിഎൽ ചരിത്രത്തിലെ രണ്ടാം കിരീടത്തിന് തൊട്ടരികെയാണ് രാജസ്ഥാൻ റോയൽസ്. മലയാളി നായകൻ സഞ്ജു സാംസണിന്റെ ടീം ഒരൊറ്റ ജയം നേടിയാൽ വിഖ്യാത കിരീടം രണ്ടാംകുറിയും രാജസ്ഥാന്റെ ഷോക്കേസിലെത്തും.
14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജസ്ഥാൻ റോയൽസ് പ്രിമിയർ ലീഗിന്റെ ഫൈനലിലേക്കിറങ്ങുന്നത്. പ്രഥമ ലീഗിൽ ഓസീസ് ഇതിഹാസം ഷെയ്ൻ വോണിന്റെ കീഴിൽ കിരീടം തൊടുമ്പോൾ 13 വയസ്സു മാത്രമുണ്ടായിരുന്നൊരു പയ്യന്റെ നേതൃത്വത്തിലാണു രാജസ്ഥാന്റെ രണ്ടാമൂഴമെന്നതു മാത്രം മതി ആ കാത്തിരിപ്പിന്റെ പ്രായമറിയാൻ.
ഐപിഎലിൽ നായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടത്തിൽ നിന്നു ലോക ക്രിക്കറ്റിലെ മിന്നുന്ന കിരീടങ്ങളിലൊന്നു നേടുന്ന ആദ്യ മലയാളി നായകനെന്ന ഖ്യാതിയിലേക്കുള്ള കുതിച്ചുചാട്ടം കൂടിയാണ് ഇന്ന് അഹമ്മദാബാദിൽ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്.
പ്രതിഭാസമ്പത്തുള്ള ബാറ്റർ എന്ന നിലയിൽ നിന്നു പയറ്റിത്തെളിഞ്ഞ ക്രിക്കറ്റർ എന്ന വിലാസത്തിലേക്കുള്ള സഞ്ജുവിന്റെ മെയ്ക്ക് ഓവറിന്റേതാണു രാജസ്ഥാനെ ഫൈനലിലേക്കു നയിച്ച ഈ സീസൺ. കെ.എൽ.രാഹുൽ മുതൽ ഹാർദിക് പാണ്ഡ്യ വരെ നീളുന്ന യുവനായകർക്കിടയിൽ സഞ്ജുവിനെ വേറിട്ടു നിർത്തുന്ന നായകമികവിന്റെ കൊടിയടയാളങ്ങളേറെയുണ്ട് റോയൽസിന്റെ മുന്നേറ്റത്തിൽ. സ്വന്തം നേട്ടങ്ങളെക്കാളുപരി ടീമിന്റെ നേട്ടത്തിനു പരിഗണന നൽകിയെന്ന ഒറ്റക്കാര്യത്തിലുണ്ട് സഞ്ജുവെന്ന ക്യാപ്റ്റന്റെ ക്യാരക്ടർ.
രാജസ്ഥാൻ ടീം ഡയറക്ടറായ കുമാർ സംഗക്കാരയുടെ വാക്കുകൾ മാത്രം മതി സഞ്ജുവിന്റെ മാറ്ററിയാൻ. 'ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ടീമിലെ മെയിൻ ബാറ്റർ.. ഇതെല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. തന്റെ റോൾ എന്താണെന്നു സഞ്ജു കൂടുതൽ മനസ്സിലാക്കിയ സീസണാണിത്. തന്ത്രപരമായ അവബോധം ടൂർണമെന്റിലുടനീളം മെച്ചപ്പെട്ടു. ക്യാപ്റ്റനെന്ന നിലയ്ക്കു ടീമിൽ പൂർണമായും വിശ്വാസമർപ്പിച്ചു. ടീമംഗങ്ങൾ സഞ്ജുവിനെ ഒരു ലീഡറായും കണ്ടു'.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യൻ എൻട്രി കൂടി ലക്ഷ്യമിട്ടു ജഴ്‌സിയണിയുന്നവരേറെയുണ്ട് ഈ ഐപിഎലിൽ. ബാറ്റ് കൊണ്ടു കരുത്തു തെളിയിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ വേണ്ടുവോളം അവസരമുണ്ടായിട്ടും ബാറ്റിങ് ഓർഡറിൽ സ്വയം 'പ്രമോട്ട്' ചെയ്യാനോ സ്‌കോറിങ് റേറ്റിനെ മറന്നു 'ആങ്കർ' ചെയ്യാനോ സഞ്ജു നിന്നില്ല. സ്വന്തം റൺസിനോ വിക്കറ്റിനോ അമിതപ്രാധാന്യം നൽകാതെ ടീമിന്റെ ആവശ്യം മുൻനിർത്തി ബാറ്റ് ചെയ്തതിലൂടെ സ്ഥിരതയുടെ പേരിൽ പഴി കേട്ടിരിക്കാം.
പക്ഷേ, മത്സരത്തിൽ 'ഇംപാക്ട്' സൃഷ്ടിക്കുന്ന ബാറ്റർ എന്ന നിലയ്ക്കു കേരള താരം നേടിയെടുത്ത സൽപേരിനു മുന്നിൽ ശതകങ്ങളും ശരാശരികളുമെല്ലാം മാറി നിൽക്കും. 16 മത്സരങ്ങളിൽ നിന്നു 147.5 എന്ന സ്‌ട്രൈക്ക് റേറ്റിൽ 444 റൺസാണു സഞ്ജു ഈ സീസണിൽ നേടിയത്. റൺവേട്ടയിൽ ലീഗിലെ ആദ്യ പത്തിനുള്ളിൽ സഞ്ജുവുണ്ട്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ആദ്യ അഞ്ചിലുമുണ്ട്.
ക്യാപ്റ്റനെന്ന നിലയിൽ ടോസ് മാത്രമാണു (16 ൽ 13 ടോസും നഷ്ടം) സഞ്ജുവിന് ഒരുപിടിയും കൊടുക്കാതെ കടന്നുപോയത്!ടീമിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്ന, സഹതാരങ്ങൾക്കു പിന്തുണ പകരുന്ന നായകനെന്നു സഞ്ജുവിനെ വിശേഷിപ്പിച്ചാൽ വിമർശകർ പോലും അംഗീകരിക്കാൻ മടി കാട്ടില്ല. ബാറ്റിങ് ക്രീസിലെ 'അക്ഷമ'യുടെ പേരിൽ ആരാധകരുടെ പോലും പരാതി നേരിടുന്ന സഞ്ജു നായകന്റെ റോളിലെത്തുമ്പോൾ ശാന്തതയുടെ പര്യായമാണ്.
വിക്കറ്റിനു പിന്നിൽ നിന്നു തെല്ലു നാണം കലർന്ന ശരീരഭാഷയോടെ തീരുമാനങ്ങളെടുക്കുന്ന 'കൂൾ' ക്യാപ്റ്റനാണു മലയാളി താരം. സ്വന്തം തീരുമാനങ്ങൾ ഫലിച്ചാലും പിഴച്ചാലും തിരിച്ചറിയാൻ പ്രയാസമുള്ളൊരു ചെറുപുഞ്ചിരിയിൽ ഒതുങ്ങി നിൽക്കും ആ മുഖഭാവം. അവസാന ലീഗ് മത്സരത്തിൽ ചെന്നൈയുടെ ബാറ്റിങ് ആളിക്കത്തലിനു തടയിട്ടതും രണ്ടാം ക്വാളിഫയറിൽ മാക്‌സ്വെലിനെ വീഴ്‌ത്തിയ ബോളിങ് മാറ്റവും മിന്നും ഫോമിലുള്ള ചെഹലിലൂടെ സ്ലോഗ് ഓവറുകളിൽ ഒരുക്കിയ കെണികളുമെല്ലാം റോയൽസിന്റെ ഗതി നിർണയിച്ച 'ഹോട്ട്' തീരുമാനങ്ങളായി സഞ്ജുവിന്റെ തൊപ്പിയിലുണ്ട്.
ഫൈനലിന് മുമ്പുള്ള സഞ്ജുവിന്റെ വാക്കിലുമുണ്ട് ആത്മവിശ്വാസം തുളുമ്പുന്ന മനസ്സ്. 'വലിയ ടീമിൽ പോകുമ്പോൾ ഉറപ്പായും കപ്പടിക്കും, എല്ലാവരും അതിന്റെ ഭാഗമായി മാറും. പക്ഷേ, ഈ ആർആറിനെക്കൊണ്ട് ഒരു ട്രോഫി ജയിപ്പിക്കുക അല്ലെങ്കിൽ അവർക്കു വേണ്ടി കളി അടിച്ചു ജയിപ്പിക്കുമ്പോൾ വേറെ ടൈപ്പൊരു സന്തോഷമാണ്. അങ്ങനത്തെയൊരു ടീമിനെ ലീഡ് ചെയ്ത്, അവർക്കു വേണ്ടി പെർഫോം ചെയ്യുന്ന കാര്യം ഭയങ്കര ഇഷ്ടമാണെനിക്ക്...''
സീസണിന്റെ തുടക്കത്തിൽ കടുത്ത വിമർശനം ഉന്നയിച്ച ക്രിക്കറ്റ് വിദഗ്ദ്ധർ പോലും സഞ്ജുവിനെ പ്രശംസകൾ കൊണ്ടു മൂടുകയാണ്. ടീമിന്റെ വിജയ യാത്രയ്ക്ക് പിന്നിലെ കരുത്ത് സഞ്ജുവാണെന്ന് തിരിച്ചറിയുന്നു. സഹതാരങ്ങളെ വിശ്വാസത്തിൽ എടുത്ത് അവർക്ക് പെർഫോം ചെയ്യാൻ പിന്തുണ നൽകുന്ന നായകൻ. ടീമിന് വേഗക്കുതിപ്പ് നൽകുന്ന ബാറ്റർ. നിർണായക സമയങ്ങളിൽ മികച്ച തീരുമാനങ്ങൾ. സഞ്ജു പിന്നിട്ട നാളുകളിൽ കേട്ട പഴികൾക്കെല്ലാം ഇന്ന് മറുപടി നൽകുകയാണ്. ഇനി ഒരു വിജയദൂരം മറികടന്നാൽ ചരിത്രത്തിൽ ഇടം നേടും ഈ മലയാളി നായകൻ
സ്പോർട്സ് ഡെസ്ക്