- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് അരങ്ങേറ്റത്തിന്റെ പരിഭ്രമം; ഹരാരെയിൽ മെല്ലെപ്പോക്കിന് ഏറെ പഴികേട്ടു; ഇന്ന് അതേ വേദിയിൽ ലോങ് ഓണിലേക്ക് സിക്സർ പറത്തി ഇന്ത്യയെ ജയത്തിലെത്തിച്ച് സഞ്ജു; മിന്നും ഫിനിഷിംഗിലൂടെ പ്ലെയർ ഓഫ് ദ് മാച്ചും; മനസ്സ് നിറഞ്ഞ് ആരാധകർ

ഹരാരെ: സിംബാബ്വെയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഉണ്ടായ കയ്‌പേറിയ ഓർമകൾക്ക് ഇനി വിട. ലോങ് ഓണിലെ ഗാലറിയിലേക്ക് ഇന്ത്യയുടെ വിജയ റൺ പറത്തിയാണ് മലയാളി താരം സഞ്ജു സാംസൺ അന്നത്തെ അനുഭവത്തിന് പ്രായച്ഛിത്തം ചെയ്തത്. സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചുകൊണ്ട് സഞ്ജു വിമർശകരുടെ വായടപ്പിച്ചു. ഒരിക്കൽ പതറിയ അതേ ഗ്രൗണ്ടിൽ രാജകീയമായ ഉയിർത്തെഴുന്നേൽപ്പ്.
കളിച്ച ആദ്യ മത്സരത്തിനുശേഷം ടീമിൽ നിന്ന് പുറത്തായ സഞ്ജു അതേ സിംബാബ്വെയിൽ കരിയറിൽ ആദ്യമായി ഇന്ത്യയുടെ ടോപ് സ്‌കോററും പ്ലെയർ ഓഫ് ദ് മാച്ചുമായി മാറുന്ന കാഴ്ചകൾക്കാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് വേദികളിൽ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച സഞ്ജുവിന് മധുരമേറിയ ഓർമകൾ ഇന്ന് സമ്മാനിക്കാനുമായി.
ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായി പ്ലേയർ ഓഫ് ദ് മാച്ചായതിനൊപ്പം കരിയറിൽ ആദ്യമായി ഇന്ത്യയുടെ വിജയറണ്ണും സിംബാബ്വെ മണ്ണിൽ സഞ്ജു സ്വന്തം പേരിൽ കുറിച്ചു.
2015 ജൂലായ് 19 ന് സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് സഞ്ജുവിന് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ആ മത്സരം കയ്‌പ്പേറിയ ഓർമകളാണ് മലയാളി താരത്തിന് സമ്മാനിച്ചത്. സ്റ്റ്യുവർട്ട് ബിന്നിക്കൊപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം തോളിലേറ്റിയാണ് സഞ്ജു ബാറ്റെടുത്ത് ഗ്രൗണ്ടിലെത്തിയത്.
ഏഴാമനായി ക്രീസിലെത്തുമ്പോൾ സ്റ്റ്യുവർട്ട് ബിന്നിയാണ് മറുവശത്ത് ക്രീസിലുണ്ടായിരുന്നത്. എന്നാൽ ആദ്യമായി കളിക്കുന്നതിന്റെ പരിഭ്രമത്തിൽ സഞ്ജുവിന് വേണ്ട വിധത്തിൽ ബാറ്റുവീശാനായില്ല. 24 പന്തുകൾ നേരിട്ട താരം വെറും 19 റൺസ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് ബാറ്റിൽ നിന്ന് പിറന്നത്. സഞ്ജു താളം കണ്ടെത്താതെ വന്നപ്പോൾ മറുവശത്ത് ബിന്നിയെയും അത് ബാധിച്ചു.
മത്സരത്തിൽ ഇന്ത്യ 10 റൺസിന്റെ തോൽവി വഴങ്ങി. പരമ്പര സമനിലയിൽ ആകുകയും ചെയ്തു. സഞ്ജുവിന്റെ മെല്ലെപ്പോക്ക് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ അരങ്ങേറ്റതാരത്തിന്റെ പരിചയക്കുറവാണെന്ന പേരിൽ അതെല്ലാം പിന്നീട് കെട്ടടങ്ങി.
ആ പരാജയത്തിന്റെ പേരിൽ ടീമിൽ നിന്ന് പുറത്തായ സഞ്ജു പിന്നീട് പലവട്ടം ടീമിൽ വന്നും പോയുമിരുന്നു. ഏഴ് വർഷങ്ങൾക്കിപ്പുറം പൂർത്തിയാക്കാനാവാതെ പോയതാണ് ഇന്ന് മികച്ച ഫിനിഷറുടെ ദൗത്യം ഏറ്റെടുത്ത് സഞ്ജു ഇന്ത്യയ്ക്കായി പൂർത്തീകരിച്ചത്.
ഏഴുവർഷങ്ങൾക്കിപ്പുറം അരങ്ങേറ്റം കുറിച്ച അതേ ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ തന്റെ പേരിലുണ്ടായ അരങ്ങേറ്റ മത്സരത്തിലെ പഴികളെല്ലാം സഞ്ജു ഒറ്റ ഇന്നിങ്സ് കൊണ്ട് കഴുകിക്കളഞ്ഞു.
അന്ന് പരിഭ്രമിച്ച 21 കാരനെയല്ല ഇന്ന് ക്രീസിൽ കണ്ടത്. തകർപ്പൻ ഷോട്ടുകളുമായി സഞ്ജു കളം നിറഞ്ഞു. മറുവശത്ത് ദീപക് ഹൂഡയെ സാക്ഷിയാക്കി സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ പ്രവഹിച്ചുകൊണ്ടിരുന്നു. ഹൂഡ വീണിട്ടും സഞ്ജുവിന്റെ പോരാട്ടത്തിന്റെ മാറ്റ് കുറഞ്ഞില്ല.
26-ാം ഓവറിലെ നാലാം പന്തിൽ ക്രീസിന് പുറത്തേക്ക് ഇറങ്ങിച്ചെന്ന് സഞ്ജു ബാറ്റുവീശി. പന്ത് ലോങ് ഓണിലെ ഗാലറിയിലേക്ക്. ഇന്ത്യയ്ക്ക് വിജയം. ഒപ്പം പരമ്പരയും. 39 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത് സഞ്ജു അപരാജിതനായി നിന്നു. ഇന്ത്യയെ വിജയതീരത്തെത്തിച്ചപ്പോൾ ആ ഒൻപതാം നമ്പർ ജഴ്സിയണിഞ്ഞ മലയാളി ബാറ്റ് വാനിലേക്കുയർത്തി. പുഞ്ചിരിച്ചു.
ഈ പ്രകടനം സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറക്കുമെന്നാണ് കരുതുന്നത്. സഞ്ജുവിനൊപ്പം പരിഗണിക്കപ്പെടുന്ന ഇഷാൻ കിഷൻ ഇന്ന് ബാറ്റിംഗിൽ നിരാശപ്പെടുത്തിയതും വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജു എടുത്ത പറക്കും ക്യാച്ചും ബാറ്റിംഗിനിറങ്ങിയപ്പോൾ പക്വതയോടെ പതർച്ചയില്ലാതെ കൂളായുള്ള ഫിനിഷിംഗും ഇന്ത്യക്ക് പുതിയൊരു ഫിനിഷർ സാധ്യത കൂടി തുറന്നിടുന്നുണ്ട്.
ഇന്നത്തെ മത്സരം ഫിനിഷർ സ്ഥാനത്ത് ദിനേശ് കാർത്തിക്കിനൊപ്പം സഞ്ജുവിനെ കൂടി പരിഗണിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചാൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിൽ സഞ്ജുവും ഉണ്ടാകും. ഏഷ്യാ കപ്പിൽ ഫിനിഷറെന്ന നിലയിൽ കാർത്തിക്ക് പുറത്തെടുക്കുന്ന പ്രകടനമാവും ഇക്കാര്യത്തിൽ നിർണായകമാകുക.


