തിരുവനന്തപുരം: വൈ ഡോണ്ട് യു മെക് സഞ്ജു കീപ്പ് ദ വിക്കറ്റ്‌സ്? ബിസിസിയിലെ ഉന്നതർ കെസിഎയിലെ പ്രമുഖരോട് ചോദിച്ച ചോദ്യമാണ് ഇത്. ധോണിക്ക് ശേഷം ഇന്ത്യൻ ഏകദിന-്ട്വന്റി ട്വന്റി ടീമിന്റെ കീപ്പർ ആരെന്ന ചോദ്യത്തിലെ ഉത്തരം ചെന്ന് നിൽക്കുന്നത് സഞ്ജുവിലാണ്.

ബോർഡ് പ്രസിഡന്റ് ഇലവനെ നയിച്ച് ശ്രിലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സഞ്ജു രഞ്ജി ട്രോഫിയിലെ ശക്തരായ സൗരാഷ്ട്രയെ കെട്ടുകെട്ടിച്ചു. ബാറ്റിംഗിന് തീർത്തും ദുഷ്‌കരമായ വിക്കറ്റിലായിരുന്നു സ്വന്തം നാട്ടിലെ സഞ്ജുവിന്റെ പ്രകടനം. ഇത് ദേശീയ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കുകയാണ്. അത്യുഗ്ര ഫോമിൽ കളിക്കുന്ന സഞ്ജുവിനെ ഏകദിന ട്വന്റി-ട്വിന്റി ടീമിൽ കളിപ്പിക്കാനാണ് ദേശീയ സെലക്ടർമാരുടെ തീരുമാനം. കുറച്ചു കാലത്തിന് ശേഷമാണ് സഞ്ജുവിന് ദേശീയ ശ്രദ്ധ നേടുന്ന പ്രകടനവുമായി മിന്നുന്ന ഫോമിൽ കളിക്കാനെത്തുന്നത്.

സഞ്ജുവിന്റെ കഴിഞ്ഞ രഞ്ജി സീസൺ തീർത്തും മോശമായിരുന്നു. നിരന്തരമായ മോശം പ്രകടനങ്ങൾക്കിടെ ഡ്രസിങ് റൂമിൽ ബാറ്റ് അടിച്ചൊടിച്ച വിവാദവുമെത്തി. ടീം ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഇതോടെ കെസിഎയുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. എന്നാൽ കരുതലോടെ തീരുമാനെമെടുത്ത സഞ്ജു തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിച്ചു. പരമാവധി സംയമനം പാലിച്ച് ഏവരുമായി ആശയ വിനിമയം നടത്തി.

ഈ രഞ്ജി ട്രോഫിയിൽ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി ജമ്മുവിനെതിരെ പിറന്നു. ഇതോടെ ആത്മവിശ്വാസം കൂടി. തൊട്ടു പിറകെ ബോർഡ് പ്രസിഡന്റ് ഇലവനിലേക്ക് വിളിയെത്തി. അപ്രതീക്ഷിതമായി ടീമിന്റെ ക്യാപ്ടൻ സ്ഥാനവും നൽകി. ഇന്ത്യൻ ക്രിക്കറ്റിന്റെ പടിവാതിലിൽ സഞ്ജുവുണ്ടെന്ന സൂചനയാണ് ഇത് നൽകിയത്. ഉത്തരവാദിത്തം ഏറ്റെടുത്ത് സഞ്ജു ബാറ്റ് വീശിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പിറന്നത് അത്യുജ്ഞല സെഞ്ച്വറി. ശ്രീലങ്കയുടെ ഒന്നാം നിര ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് നേടി ഉഗ്രൻ ശതകം.

പിന്നാലെ തുമ്പയിലെ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരം. അപ്രതീക്ഷിതമെന്ന് തോന്നിയ വിജയം കേരളത്തിന് സമ്മാനിച്ചത് സഞ്ജുവിന്റെ കരുത്തായിരുന്നു. ഏകദിന ശൈലിയിൽ സ്പിന്നർമാരെ തുണയ്ക്കുന്ന വിക്കറ്റിൽ സഞ്ജു തലങ്ങും വിലങ്ങും ബാറ്റ് വീശി. ഡേവ് വാട്‌മോറിന്റെ പരിശീലനമാണ് സഞ്ജുവിൽ ഈ മാറ്റങ്ങൾ വരുത്തിയത്. ഇതിനൊപ്പം കരുതലോടെ മറ്റൊരു തീരുമാനവും എടുത്തു.

സഞ്ജു ഇപ്പോൾ സ്ഥിരമായി പരിശീലനം നടത്തുന്നത് ചെന്നൈയിലാണ്. മലയാളിയായ ജയകുമാറിന് കീഴിൽ ബാറ്റിങ്ങിലെ തെറ്റുകൾ സഞ്ജു തിരുത്തി. മുരളി വിജയ്, ദിനേശ് കാർത്തിക്ക് തുടങ്ങിയവരുടെ വ്യക്തിഗത പരിശീലകനാണ് ജയകുമാർ. കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി താരമായ ജയകുമാർ ദക്ഷിണേന്ത്യയിലെ പ്രധാന പരിശീലകരിൽ ഒരാളാണ്. ജയകുമാറിനെ കോച്ചായി കിട്ടിയതോടെ സഞ്ജുവിന്റെ ബാറ്റിങ് അടിമുടി മാറിയെന്ന് കെസിഎയിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ മോശം ഫോമിനെ തുടർന്ന് സഞ്ജു വലിയ പ്രതിസന്ധിയിലായിരുന്നു. സെലക്ടർമാർക്ക് സ്വാതന്ത്ര്യം കൊടുത്തിരുന്നുവെങ്കിൽ സഞ്ജുവിന് പകരം മറ്റ് യുവതാരങ്ങൾ കളിക്കുമായിരുന്നുവെന്നാണ് കെസിഎയിലെ ഉന്നതൻ അന്ന് പ്രതികരിച്ചത്. ഇതിന് ശേഷമാണ് സഞ്ജുവിന് വീറും വാശിയും വന്നത്. ഇതോടെ കൂടുതൽ അഗ്രസീവായി സഞ്ജു മാറി. ചെന്നൈയിലെ ജയകുമാറിന്റെ പരിശീലനം കളി ആകെ മാറ്റി മറിച്ചു. ഇതാണ് ഫോമിലേക്ക് മടങ്ങി വരാനും ആത്മവിശ്വാസം നേടാനും സഞ്ജുവിന് തുണയായത്. വാട്‌മോറിന്റെ സാന്നിധ്യം സഞ്ജുവിനെ മികച്ച താരവുമാക്കിയെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ടെസ്റ്റ് ടീമിലേക്ക് സഞ്ജുവുമെത്തുമെന്നതിന്റെ പ്രതീക്ഷയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് ലഭിക്കുന്നത്. ടിസി മാത്യു കളമൊഴിഞ്ഞു. കേരളാ ക്രിക്കറ്റും അടിമുടി മാറി. നിലവിൽ സഞ്ജുവിന് മികച്ച പിന്തുണയാണ് കെസിഎയും നൽകുന്നത്.

ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡാണ്. ദ്രാവിഡിന്റെ ഗുഡ് ബുക്കിലെ പ്രധാനിയാണ് സഞ്ജു. രാജസ്ഥാൻ റോയൽസിലെ അടുപ്പം ഇപ്പോഴും തുടരുന്നുണ്ട്. ദ്രാവിഡും സഞ്ജു ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്ന സൂചനയാണ് കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്ന നിർദ്ദേശം ദേശീയ സെലക്ടർമാർ കേരളത്തിന് നൽകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ട്വന്റി ട്വന്റി പരമ്പരകളിൽ ധോണിക്ക് വിശ്രമം അനുവദിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജുവെത്തുമെന്നാണ് സൂചന. അല്ലെങ്കിൽ പോലും ഉജ്ജ്വല ഫോമിലുള്ള സഞ്ജു ബാറ്റ്‌സമാനായും പരിഗണിക്കപ്പെടും. ഈ രഞ്ജി സീസണിൽ അഞ്ച് കളികളിൽ നിന്ന് 561 റൺസാണ് സഞ്ജു നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറിയും മുന്ന് അർദ്ധ ശതകവും ഉൾപ്പെടും. റൺവേട്ടക്കാരിൽ മൂന്നാമനുമാണ് സഞ്ജു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകാനാണ് നീക്കം. ക്യാപ്ടൻ വിരാട് കോലി പോലും മാറി നിൽക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാണെന്നാണ് വിലയിരുത്തൽ. 2015 ജൂലൈയിൽ ഹരാരയിൽ സിംബാബ് വെയ്‌ക്കെതിരെ സഞ്ജു ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അന്ന് 19 റൺസ് എടുക്കുകയും ചെയ്തു.

പിന്നീട് ഒരു കളിയിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല. ഇതിനിടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ വിവാദങ്ങൾ സഞ്ജുവിനെ തേടിയെത്തുന്നത്. ഇതോടെ കഴിഞ്ഞ സീസൺ മോശമായി. പക്ഷേ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ ഭേദപ്പെട്ട പ്രകടനം സഞ്ജു കാഴ്ച വയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രഞ്ജിയിലും ഫോം പ്രകടിപ്പിച്ചത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച രഞ്ജി സീസണാണ് ഇപ്പോൾ. അടുത്ത മത്സരം കേരളത്തിനും സഞ്ജുവിനും നിർണ്ണായകമാണ്.

ഹരിയാനയെ അവരുടെ മണ്ണിൽ തോൽപ്പിക്കാനായാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനാകും. സഞ്ജുവിന്റെ ബാറ്റുകൾക്ക് മാത്രമേ കേരളം ഏറെ നാളായി കൊതിക്കുന്ന ചരിത്ര നിമിഷം സമ്മാനിക്കാനാകൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഹരിയാനയെ തുരത്തി കേരളവും സഞ്ജുവും കരുത്ത് കാട്ടിയാൽ ഇന്ത്യൻ കുപ്പായവും ഈ തിരുവനന്തപുരത്തുകാരനെ ഉടൻ തേടിയെത്തും.