പൂണെ: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് - രാജസ്ഥാൻ റോയൽസ് മത്സരത്തിൽ നിർണായകമായത് രണ്ട് മലയാളി താരങ്ങളുടെ പ്രകടനമായിരുന്നു. രാജസ്ഥാൻ നായകൻ സഞ്ജു സാംസണും നാലാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും മികച്ച ബാറ്റിങ് പുറത്തെടുത്തതാണ് മികച്ച സ്‌കോർ പടുത്തുയർത്താൻ ടീമിന് കരുത്തായത്. 27 പന്തിൽ അഞ്ച് സിക്സു മൂന്ന് ഫോറും ഉൾപ്പെടെ 55 റൺസ് നേടിയ സഞ്ജു മത്സരത്തിലെ താരമായി. 29 പന്തിൽ 41 റൺസ് നേടിയ പടിക്കലും നിർണായക സംഭവാനയാണ് നൽകിയത്.

ഇരുവരും 73 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും ക്രിസീലുണ്ടായിരുന്ന സമയത്ത് രസകരമായ ചില നിമിഷങ്ങളുണ്ടായിരുന്നു. മലയാളത്തിൽ ഇരുവരും സംസാരിച്ചുകൊണ്ടിരുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ദേവ്ദത്തിന് മലയാളം നന്നായി വഴങ്ങുന്നുമുണ്ട്. ബാറ്റ് ചെയ്യുമ്പോൾ സഞ്ജു ദേവ്ദത്തിനോട് ചോദിക്കുന്നുണ്ടായിരുന്നു, ''പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ?'' എന്ന്. പിന്നാലെ വിക്കറ്റിനിടയിലെ ഓട്ടത്തിലും സഞ്ജു മലയാളത്തിലാണ് സംസാരിച്ചത്. സിംഗിളെടുക്കുന്നത് ഡബ്ബിളാക്കാൻ രണ്ട്... രണ്ട്... എന്നൊക്കെ സഞ്ജു പറയുന്നുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ചർച്ചയാവുകയും ചെയ്തു.



സഞ്ജു ഫീൽഡ് സെറ്റ് ചെയ്തപ്പോഴും ദേവ്ദത്തിനോട് മലയാളത്തിലാണ് സംസാരിച്ചത്. ''എടാ... നീ ഇറങ്ങി നിന്നോ...'' എന്ന് സഞ്ജു വിളിച്ചു പറയുന്നത് സ്റ്റംപ് മൈക്കിലൂടെ പ്രേക്ഷകർക്ക് കേൾക്കാമായിരുന്നു. എന്നാൽ പറഞ്ഞത് ദേവ്ദത്ത് ശ്രദ്ധിച്ചില്ല. പിന്നേയും ''ദേവ്... ദേവ്...'' എന്ന് വിളിക്കുന്നുണ്ടായിരുന്നു.

രാജസ്ഥാൻ ഫീൽഡിങ്ങിനിടെ ക്യാപ്റ്റൻ സഞ്ജു ദേവ്ദത്തിന് നിർദ്ദേശം നൽകിയത് മലയാളത്തിലായിരുന്നു ഹൈദരാബാദ് ഇന്നിങ്‌സിന്റെ 9ാം ഓവറിൽ സഞ്ജുവിന്റെ വാക്കുകൾ എല്ലാവരും കേൾക്കുകയും ചെയ്തു. ''എടാ നീ ഇറങ്ങി നിന്നോ..ദേവ്..'' എന്നായിരുന്നു സഞ്ജുവിന്റെ നിർദ്ദേശം. മത്സരശേഷം ഇതിന്റെ വിഡിയോ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചു. ലോകോത്തര താരങ്ങൾ അടക്കം അണിനിരക്കുന്ന ഐപിഎല്ലിൽ ഇരു മലയാളി താരങ്ങളുടെ സംഭാഷണം ആരാധകരേയും ഏറെ രസിപ്പിച്ചു. വീഡിയോ കാണാം.

നേരത്തേ പവർപ്ലേയിൽ വിക്കറ്റ് കീപ്പർ സഞ്ജുവിനു സമീപം ഫസ്റ്റ് സ്ലിപ്പിലാണ് ദേവ്ദത്ത് ഫീൽഡ് ചെയ്തത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്യാച്ച് സഞ്ജുവിന്റെ ഗ്ലൗവിൽ നിന്നു വഴുതിയപ്പോൾ നിലത്തു വീഴും മുൻപ് ദേവ്ദത്ത് കയ്യിലൊതുക്കുകയും ചെയ്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, സഞ്ജു സാംസന്റെയും (27 പന്തിൽ 55) ദേവ്ദത്ത് പടിക്കലിന്റെയും (29 പന്തിൽ 41) മികവിൽ നിശ്ചിത 20 ഓവറിൽ 210 റൺസാണെടുത്തത്. ഹൈദരാബാദിന്റെ മറുപടി 149 റൺസിൽ അവസാനിച്ചു. വലംകൈ ബാറ്റർ സഞ്ജുവും ഇടംകൈ ബാറ്റർ ദേവ്ദത്തും ചേർന്നുള്ള 73 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. 3 വിക്കറ്റു വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചെഹലും 2 വീതം വിക്കറ്റുകളുമായി ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും രാജസ്ഥാൻ ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ 61 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. സഞ്ജുവിന്റെ ബാറ്റിംഗിനെ പുകഴ്‌ത്തി പ്രമുഖർ രംഗത്തെത്തിയിരുന്നു. മുൻ താരവും സെലക്റ്ററുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞത് സഞ്ജുവിന്റെ ബാറ്റിംഗിൽ നിന്ന് കണ്ണെടുക്കാനേ തോന്നുന്നില്ലെന്നാണ്.

ഇതിനിടെ സഞ്ജു ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സുകളെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്‌സുകളാണ് നിലവിൽ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുൻ രാജസ്ഥാൻ താരം ഷെയ്ൻ വാട്‌സണെയാണ് താരം മറികടന്നത്. 110 സിക്‌സുകൾ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.

ഇക്കാര്യത്തിൽ ജോസ് ബട്‌ലർ മൂന്നാമതാണ്. 69 സിക്‌സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടിൽ. നിലവിൽ രാജസ്ഥാൻ- ഹൈദരാബാദ് മത്സരത്തിൽ ഏറ്റവും കുടുതൽ റൺസ് നേടിയ താരവും സഞ്ജുവാണ്.